23 April, 2019 09:32:15 AM


കോവളത്തും ചേർത്തലയിലും രണ്ടു ബൂത്തുകളിൽ വോട്ടുകൾ വീഴുന്നത് ബിജെപിയ്ക്കെന്ന് ആരോപണം (VIDEO)

വാര്‍ത്ത അടിസ്ഥാനരഹിതമെന്നും കേടായ യന്ത്രം മാറ്റിയെന്നും ജില്ലാ കളക്ടര്‍ (VIDEO കാണാം)



തിരുവനന്തപുരം: കോവളത്തും ചേർത്തലയിലും രണ്ടു ബൂത്തുകളിൽ രേഖപ്പെടുത്തുന്ന വോട്ടുകൾ വീഴുന്നത് ബിജെപിക്കെന്ന് പരാതി. കോവളം ചൊവ്വര 151–ാം ബൂത്തിൽ കൈപ്പത്തിക്ക് വോട്ടു ചെയ്യുന്ന വോട്ടുകൾ വീഴുന്നത് ബിജെപിക്കാണെന്നാണ് ആരോപണം. 76 പേർ വോട്ടു ചെയ്തതിനുശേഷമാണ് പിഴവ് കണ്ടെത്തിയത്. യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിക്കുന്നു. വോട്ടിങ് യന്ത്രം മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോവളത്ത് സംഭവിച്ചത് 76 വോട്ടുകള്‍ കോടായ ശേഷം യന്ത്രതകരാര്‍ സംഭവിച്ചതാണെന്നും കേടായ യന്ത്രം മാറ്റിയെന്നും വാര്‍ത്ത അടിസ്ഥാനരഹിതമെന്നും ജില്ലാ കളക്ടര്‍ വാസുകി പറയുന്നു.


ചേർത്തല കിഴക്കേ നാൽപതിൽ ബൂത്തിൽ പോൾ ചെയ്യുന്ന വോട്ട് മുഴുവൻ ബിജെപിക്കാണു വീഴുന്നത്. എൽഡിഎഫ് പ്രവർത്തകരുടെ പരാതിയെത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി. അതേസമയം, വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കൽ വേണ്ടത്ര ഗൗരവത്തോടെ തിര‍ഞ്ഞെടുപ്പ് കമ്മിഷൻ എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറില്ലെന്ന് കമ്മിഷൻ ഉറപ്പുവരുത്തേണ്ടതായിരുന്നു. വോട്ടിങ് യന്ത്രത്തെക്കുറിച്ച് നേരത്തേ ഉയർന്ന പരാതികൾ ഓർക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


അതേസമയം, വോട്ടിങ് യന്ത്രത്തിൽ പിഴവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രത്തിൽ ഗുരുതര പിഴവുണ്ടായെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബൂത്തിൽ  നിലവില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും വാസുകി ഫേസ്ബുക്കില്‍ വ്യക്തമാക്കി.  


വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചൊല്ലി  ദേശീയതലത്തിൽ വൻ സംവാദങ്ങൾ നടക്കുന്നതിനിടെ സംസ്ഥാനത്തെ വോട്ടിംഗ് യന്ത്രങ്ങളിലെ ഗുരുതര ക്രമക്കേട് ഗൗരവമായി എടുക്കണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിവിധ നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. അതേസമയം സംസ്ഥാനത്തെ വോട്ടിംഗ് മെഷീനുകള്‍ക്ക് വ്യാപകമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.  


ചില സ്ഥലങ്ങളില്‍ പ്രശ്നമുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയാണ് പെയ്തത്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതാത് സ്ഥലങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ പ്രശ്നം പരിഹരിക്കാന്‍ ഇടപെടുന്നുണ്ടെന്നും ടിക്കാറാം മീണ വിശദീകരിച്ചു. പ്രത്യേക അജന്‍ഡ വച്ച് രാഷ്ട്രീയക്കാര്‍ നടത്തുന്ന പ്രചാരണങ്ങളില്‍ ജനങ്ങള്‍ പരിഭ്രമിക്കേണ്ട കാര്യമില്ല എല്ലാ പരാതികളും പരിഹരിച്ച് തെരഞ്ഞെടുപ്പ് നല്ല രീതിയില്‍ നമ്മള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K