22 April, 2019 03:51:35 PM


ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ 1,12,322 പേരുകളില്‍ ഇരട്ടിപ്പ് ; കള്ളവോട്ട് നടക്കില്ലെന്ന് കളക്ടര്‍



തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ഒന്നിലധികം സ്ഥലത്ത് വോട്ടുള്ള ഒട്ടേറെ പേരെ കണ്ടെത്തി. പരാതി ശരിവെച്ച ജില്ലാ കലക്ടര്‍ ഇവരുടെ പട്ടിക തയാറാക്കി ബൂത്തുകളില്‍ നല്‍കിയിട്ടുണ്ടെന്നും കള്ളവോട്ട് നടക്കില്ലെന്നും അറിയിച്ചു. 


ഒരാളുടെ പേരിൽ തന്നെ രണ്ടും മൂന്നും തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കി ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ടെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്‍റെ പരാതി. വോട്ടര്‍ പട്ടികയിലെ പേജുകള്‍ അടക്കമാണ് അടൂര്‍ പ്രകാശ് തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്. പരാതി പരിശോധിച്ചപ്പോൾ ചില പേരുകളില്‍  ഇരട്ടിപ്പ് കണ്ടെത്തിയെന്ന് ജില്ല കലക്ടര്‍ കെ.വാസുകി അറിയിച്ചു. കള്ളവോട്ട് തടയാന്‍ തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. 


ബൂത്ത് ലെവൽ ഓഫിസര്‍മാരുടെ സഹായത്തോടെയാണ് പട്ടികയില്‍ കൃത്രിമം കാട്ടിയതെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ ആരോപണം. 1,12,322 പേരുകളില്‍ ഇരട്ടിപ്പ് കണ്ടെത്തിയതായാണ് അടൂര്‍ പ്രകാശിന്‍റെ പരാതി. ഒരാളുടെ പേരിൽ തന്നെ രണ്ടും മൂന്നും തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അടൂർ പ്രകാശിന്‍റെ ആരോപണം. പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K