19 April, 2019 11:53:41 AM


പൊള്ളാച്ചിയില്‍ വോട്ടിലൂടെ പ്രതിഷേധിക്കാന്‍ കൂടുതലായെത്തിയത് സ്ത്രീകള്‍



പൊള്ളാച്ചി: യുവതികളെ പീഡിപ്പിച്ച വിഷയം ആളിക്കത്തുന്ന തമിഴ്‌നാട്ടിലെ പൊള്ളാച്ചി പാര്‍ലിമെന്റ് മണ്ഡലത്തില്‍ വോട്ടുചെയ്തു പ്രതിഷേധിക്കാന്‍ സ്ത്രീകളുടെ നീണ്ടനിര. ഇപ്പോഴത്തെ ഭരണ കക്ഷിയായ എ.ഐ.എ.ഡി.എം.കെ.യുടെ അനുഭാവികളും നേതാക്കളുടെ മക്കളുമാണ് യുവതികളെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. സ്വന്തം പെണ്മക്കളുടെ സുരക്ഷയുറപ്പാക്കാന്‍ ഭരണമാറ്റം വേണമെന്ന വികാരത്തോടെയാണ് അമ്മമാര്‍ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍ എത്തുന്നത്. തമിഴ്‌നാട്ടിലെ 'അമ്മ' ജയലളിതയുടെ വിയോഗംവരെ കൂടെ നിന്നവരെന്നു പറയുന്നവര്‍ തന്നെ ഇത്തവണ മാറ്റം ആഗ്രഹിക്കുന്നതായി പറഞ്ഞു. കടുത്തചൂടിനേയും അവഗണിച്ച് രണ്ടാംഘട്ട പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ രാവിലെ പത്തുമണിയാകുമ്പോഴേക്കും തന്നെ മുപ്പത് ശതമാനം പോളിങ് കടന്നിരുന്നു.


പൊള്ളാച്ചി പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ശക്തമായ തിരയ്ക്കാണ് കാലത്തുതന്നെ അനുഭവപ്പെട്ടത്. വോട്ടുചെയ്യാനായെത്തിയതില്‍ കൂടുതലും സ്ത്രീകളായതിനാല്‍ വളരെ ശാന്തമായ അന്തരീക്ഷം ബൂത്തുകളില്‍ കാണാന്‍ കഴിഞ്ഞു. എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സ്വതന്ത്രരുമടക്കം 14 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. അതില്‍ കമലഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതിമയം പാര്‍ട്ടിയുടെ ആര്‍.മുകാബികയും, ഞാന്‍ തമിഴര്‍ കക്ഷിയുടെ യു.സനൂജയുമാണ് വനിതകളായി മത്സരിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടിയുടെ ഇരുസ്ഥാനാര്‍ഥികളും ശക്തരാണെങ്കിലും സ്ത്രീകളുടെ വികാരം വലിയ ഒരു മാറ്റം കൊണ്ടുവരുമെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K