14 April, 2019 08:12:25 AM


11 രൂപയ്ക്ക് കുപ്പിവെള്ളം; വില ഏകീകരിക്കാനുള്ള നടപടിയുമായി സപ്ലൈകോ രംഗത്ത്



തിരുവനന്തപുരം: കൊടുംചൂടില്‍ കേരളത്തിലെ കുടിവെള്ളവിപണിക്ക് ഇത് നല്ല കാലമാണ്. ദാഹമകറ്റാന്‍ ഒരു കുപ്പി വെളള്ളം വാങ്ങണമെങ്കില്‍ 20 രൂപ കൊടുക്കണം. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച കുപ്പിവെള്ളത്തിന് അ‍ഞ്ച് രൂപ കൂട്ടിവാങ്ങുന്ന വ്യാപാരികളുമുണ്ട്. വിനോദസഞ്ചാരമേഖലകളിലാണ് ഇത്തരം തട്ടിപ്പുകള്‍ ഏറെയും നടക്കുന്നത്. കുപ്പിവെള്ള വിതരണത്തിലെ ഇത്തരം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ സപ്ലൈകോ രംഗത്തിറങ്ങുന്നു. പൊതുവിപണിയില്‍ 20 രൂപക്ക് വില്‍ക്കുന്ന കുപ്പിവെള്ളം 11 രൂപക്കാണ് സപ്ലൈകോ വിപണിയില്‍ ലഭ്യമാക്കും. സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്‍റെ വില്‍പ്പന വില ഏകീകരിക്കാനുളള നടപടി തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുമെന്ന്  ഭക്ഷ്യസിവില്‍ സപ്ളൈസ് മന്ത്രി എ.തിലോത്തമന്‍ പറഞ്ഞു. 


സര്‍ക്കാരിന്‍റെ ഇടപെടലിനെ തുടര്‍ന്ന് വില്‍പ്പന വില 12 രൂപയായി കുറക്കാമെന്ന് കഴിഞ്ഞ വര്‍ഷം നിര്‍മ്മാതാക്കള്‍ സമ്മതിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പിലായില്ല. ചില വന്‍കിടക്കാരുടെ കൊള്ളലാഭ താത്പര്യമാണ് ഇതിന് തടസ്സമായത്.വേനലില്‍ വലയുന്ന മലയാളിക്ക് ചെറിയ ആശ്വാസം എന്ന ലക്ഷ്യവുമായാണ് സപ്ളൈകോയുടെ ഔട്ട്ലറ്റുകളിലൂടെ കുപ്പിവെള്ളം 11 രൂപക്ക് നല്‍കുന്നത്. പ്രാദേശികാടിസ്ഥാനത്തില്‍ കരാറുണ്ടാക്കിയാണ് 11 രൂപക്ക് കുപ്പിവെള്ളം വില്‍പ്പനക്കെത്തിക്കുക. 8 രൂപ 11 പൈസക്കാണ് നിര്‍മ്മാതാക്കള്‍ സപ്ലൈകോക്ക് കുപ്പിവെള്ളം നല്‍കുക. ഇറക്കുകൂലിയും, ന്യായമായ ലാഭവും ചേര്‍ത്താണ് 11 രൂപക്ക് വില്‍ക്കുന്നത്. 



Share this News Now:
  • Google+
Like(s): 101