12 April, 2019 06:59:34 PM


ഇടതുപക്ഷം തകര്‍ന്നടിഞ്ഞ് ത്രിപുര കേരളത്തിലും ആവര്‍ത്തിക്കും - നരേന്ദ്രമോദി



കോഴിക്കോട്: ''ത്രിപുര ഓർക്കുന്നില്ലേ, ഇടത് പക്ഷം അവിടെ തകർന്നടിഞ്ഞ് ബിജെപി അധികാരത്തിലെത്തി. ത്രിപുര കേരളത്തിലും ആവര്‍ത്തിക്കും." കേരളത്തിലെ ആദ്യ പ്രചാരണ പരിപാടിയായ 'വിജയ് സങ്കൽപ്' റാലിയില്‍ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 


സോളാര്‍ കേസും ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസും എടുത്ത് പറഞ്ഞ് കേരളത്തിലെ നേതാക്കളെ പരിഹസിച്ച  മോദി സ്ത്രീ ശാക്തീകരണത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇരട്ടത്താപ്പ് നയമാണെന്നും ചൂണ്ടികാട്ടി. സ്ത്രീശാക്തീകരണത്തിന് വേണ്ടി സംസാരിക്കുന്നവർ ഐസ്ക്രീം പാർലർ കേസും സോളാർ കേസും ഓർക്കണം. മുത്തലാഖ് പോലെയുള്ള ക്രൂരമായ നടപടികളെ ന്യായീകരിക്കുന്നതും ഇതേ ഇടതുപക്ഷം തന്നെയാണെന്നും മോദി പറഞ്ഞു. 


ഇടത് വലത് മുന്നണികള്‍ കേരളത്തിലെ ജനങ്ങളെ നിരാശപ്പെടുത്തിയെന്നും ബിജെപി മുന്നോട്ട് വയ്ക്കുന്നത് ബദല്‍ രാഷ്ട്രീയമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ''ഉത്തരേന്ത്യയിൽ നടക്കുന്ന റെയ്‍ഡുകളിൽ കെട്ട് കെട്ടായി നോട്ട് പിടികൂടുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാറ്റി വച്ച പണമാണ് ഇതിനായി ഉപയോഗിച്ചത്. നാണക്കേടാണിത്'' - മോദി പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K