11 April, 2019 08:24:03 AM


ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; 91 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ



ദില്ലി: പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 18 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രപ്രദേശങ്ങളിലുമായി 91 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 42 തെക്കേ ഇന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍ പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, പശ്ചിമ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.


അസമിലും ഒഡീഷയിലും നാലു സീറ്റുകൾ വീതവും ഇന്ന് വിധിയെഴുതും. മഹാരാഷ്ട്രയിൽ നിതിൻ ഗഡ്കരിയുടെ നാഗ്പൂർ ഉൾപ്പടെ ഏഴു മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും രണ്ട് മണ്ഡലങ്ങളിലും  ഇന്നാണ് വോട്ടെടുപ്പ്. ബിഹാറിലെ അഞ്ചും ലക്ഷദ്വീപിലെ ഒരു മണ്ഡലവും കൂടി ചേരുമ്പോൾ ആകെ 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.


ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ഇന്നാണ്. തെക്കേ ഇന്ത്യയിലെ നാല്പത്തിയഞ്ച് സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകള്‍. ഉത്തര്‍ പ്രദേശിലെ എട്ടു സീറ്റും 2014 ല്‍ ബിജെപി വിജയിച്ചതാണെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ കൈരാന മണ്ഡലം എസ്‍പി - ബിഎസ്‍പി സഖ്യം പിടിച്ചെടുത്തിരുന്നു. മഹാസഖ്യവും കോണ്‍ഗ്രസും ബിജെപിയ്ക്ക് ഇത്തവണ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.


2014നു സമാനമായ മോദി തരംഗം ഇല്ലെങ്കിലും പുല്‍വാമയ്ക്ക് ശേഷം ബിജെപിയുടെ ദേശീയതയിലൂന്നിയുള്ള പ്രചരണം ഉത്തര്‍പ്രദേശില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. അതേസമയം, ഉത്തരേന്ത്യയിലെ കര്‍ഷക രോഷം ആദ്യഘട്ടത്തിൽ വെല്ലുവിളിയാണ്. ഒടുവില്‍ വന്ന റാഫേല്‍ ഉത്തരവ് പ്രതിപക്ഷത്തിന് കിട്ടിയ ആയുധമാണ്. എന്നാല്‍ എല്ലാ സർവ്വെകളും മുൻതൂക്കം പ്രവചിക്കുന്നതിന്‍റെ ആത്മവിശ്വാസവുമായി എൻഡിഎ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ കാവല്‍ക്കാരന്‍ കള്ളനാണെന്ന മുദ്രാവാക്യവും ന്യായ് പദ്ധതിയിലുമാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K