04 April, 2019 01:26:04 PM


എറണാകുളത്തിന് പുറമെ വയനാട്ടിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സരിത എസ് നായര്‍



കല്‍പ്പറ്റ: എറണാകുളത്തിന് പുറമെ വയനാട് ലോക്സഭാ മണ്ഡലത്തിലും മത്സരിക്കുന്നതിന് സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സരിത പത്രിക നൽകിയത്. എറണാകുളത്ത് ഹൈബി ഈഡനെതിരെ മത്സരിക്കുന്നതിന് പുറമേയാണ് വയനാട്ടിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്കെതിരെയും സരിത മത്സരിക്കുന്നത്. എറണാകുളത്ത് മത്സരിക്കുന്നതിനായി സരിത ഇന്നലെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എറണാകുളം ജില്ലാ കളക്ടര്‍ വൈ.സഫിറുള്ള മുന്‍പാകെ മൂന്ന് സെറ്റ് പത്രികയാണ് സരിത സമര്‍പ്പിച്ചത്. 


തന്‍റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാഹുലിനെതിരെയുള്ള സരിതയുടെ മത്സരം. എറണാകുളത്ത് ഹൈബി ഈഡനെതിരെയാണ് തന്‍റെ മത്സരമെന്ന് സരിത നേരത്തെ പറഞ്ഞിരുന്നു. "ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താൻ മത്സരത്തിന് ഒരുങ്ങുന്നത്," എന്നാണ് സ്ഥാനാ‍ത്ഥിത്വത്തെ കുറിച്ച് സരിത പ്രതികരിച്ചത്. "സംസ്ഥാനത്ത് കോൺഗ്രസ് പ്രചാരണം നടത്തുന്നത് എന്നെ തട്ടിപ്പുകാരിയാക്കിയിട്ടാണ്. എന്താണ് ഫാക്ട്സ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കുണ്ട്. അതിന് വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. എനിക്ക് ജയിക്കണമെന്നില്ല. അതിനുളള പക്വത എനിക്കായിട്ടില്ല," സരിത പറഞ്ഞു.


ഇക്കുറി ശക്തമായ പോരാട്ടമാണ് എറണാകുളം ലോക്സഭാ മണ്ഡലത്തിൽ നടക്കുന്നത്. മുൻ രാജ്യസഭാംഗവും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ പി.രാജീവാണ് സിപിഎം സ്ഥാനാ‍ര്‍ത്ഥി. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനമാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. കോൺഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ ഇവിടെ സിറ്റിങ് എംപി കെവി തോമസിനെ ഒഴിവാക്കിയാണ് എംഎൽഎയായ ഹൈബി ഈഡനെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K