20 March, 2019 02:08:07 PM


പൊള്ളുന്ന ചൂടിൽ ദാഹിച്ച് വലയേണ്ട; കുടിവെള്ളവും സംഭാരവും പാലായിൽ ഫ്രീ




പാലാ: കൊടുംവെയിലിൽ ദാഹിച്ചു വലയുന്നവർക്ക് കുടിവെള്ളവും സംഭാരവുമൊരുക്കി പാലായിലൊരു  വ്യാപാരി.  പാലാ ഗവൺമെന്റ് ഹയർ സെക്കൻണ്ടറി സ്കൂളിനു സമീപമുള്ള കാവുകാട്ട് ഗ്ലാസ്സ് ഹൗസ് ഉടമ മൈക്കിളാണ് തന്റെ വ്യാപാര സ്ഥാപനത്തോടു ചേർന്ന് കുടിവെള്ളവും സംഭാരവും തികച്ചും സൗജന്യമായി വിതരണം ചെയ്യുന്നത്.

ശുദ്ധമായ കിണർ വെള്ളവും ഇഞ്ചിയും കറിവേപ്പിലയും ചേർത്ത തനി നാടൻ സംഭാരവുമാണ് ദിവസവും രാവിലെ 10 മുതൽ കടയിൽ വിതരണം ചെയ്യുന്നത്. ദിവസേന വീട്ടിൽ നിന്നും സ്വന്തം ഉപയോഗത്തിനായി കൊണ്ടുവരുന്ന വെള്ളം  കടുത്ത വേനൽച്ചൂടിൽ സുഹൃത്തുക്കളും സമീപത്തുള്ളവരുമാണ് കുടിച്ചു കൊണ്ടിരുന്നത്. ഈ അവസരത്തിലാണ് ഇത് വഴിയാത്രക്കാർക്കു കൂടി നല്കിയാലെന്ത് എന്ന ചിന്ത മൈക്കിളിനുണ്ടായത്. തുടർന്ന് മൺകുടത്തിലും വാർപ്പിലുമായി ശുദ്ധജലവും മോരും സംഭരിച്ച് വിതരണമാരംഭിക്കുകയായിരുന്നു.
 
പാലാ നഗരസഭ ചെയർപേഴ്സൺ ബിജി ജോജോ  കുടക്കച്ചിറ ഔപചാരികമായി ഈ കുടിവെള്ള വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും വഴിയാത്രക്കാരുമടക്കം നിരവധി പേരാണ് ഇവിടെ നിന്ന് ശുദ്ധജലവും സംഭാരവും വാങ്ങി തങ്ങളുടെ ദാഹവും ക്ഷീണവുമകറ്റി നിറഞ്ഞ മനസ്സോടെ മടങ്ങുന്നത്. വേനൽ കഴിയും വരെ ഇതേപോലെ ദാഹജലം വിതരണം ചെയ്യുമെന്നും, അതിന് വേണ്ട മുഴുവൻ പണവും മാറ്റി വെച്ച് കഴിഞ്ഞതായും മൈക്കിൾ കാവുകാട്ട് പറഞ്ഞു.

✍ സുനിൽ പാലാ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K