12 March, 2019 06:30:05 PM


തെരഞ്ഞെടുപ്പിൽ പക്ഷം പിടിക്കരുതെന്ന് ഇടുക്കി രൂപത ബിഷപ്പിന്‍റെ സർക്കുലർ



ഇടുക്കി:  ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടപെടരുതെന്ന് കാണിച്ച് ഇടുക്കി രൂപതയുടെ സർക്കുലർ. പക്ഷം പിടിക്കരുതെന്ന് കാണിച്ചാണ് ഇടുക്കി രൂപത ബിഷപ്പ് ജോൺ നെല്ലിക്കുന്നേൽ വൈദികർക്ക് സർക്കുലർ അയച്ചത്. തെരഞ്ഞെടുപ്പിൽ പരസ്യ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കരുതെന്നും തെരഞ്ഞെടുപ്പ് പൊതുവേദികളിൽ പങ്കെടുക്കരുതെന്നും സർക്കുലർ വ്യക്തമാക്കുന്നു. 


ഇടുക്കി രൂപതയിലെ 187 വൈദികരുള്ള വാട്‍സ്ആപ്പ്  ഗ്രൂപ്പിലാണ്  ബിഷപ്പ് ജോൺ നെല്ലിക്കുന്നേലിന്‍റെ സന്ദേശം. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഭാഗമായി തെരഞ്ഞെടുപ്പിൽ പരസ്യ നിലപാട് സ്വീകരിക്കരുതെന്നാണ് സർക്കുലറിലെ പരോക്ഷ നിർദ്ദേശം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിനെ പിന്തുണയ്ക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി നേരത്തെ അറിയിച്ചിരുന്നു. കസ്തൂരിരംഗൻ റിപ്പോർട്ടിലെ ഭേദഗതിക്കായി നിർണ്ണായക ഇടപെടൽ നടത്തിയ ജോയ്സിന് ഒരവസരം കൂടി നൽകണമെന്നാണ് സമിതിയുടെ നിലപാട്. 


കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പായാൽ കിടപ്പാടവും കൃഷിഭൂമിയും നഷ്ടമാകുമെന്ന മലയോരജനതയുടെ ആശങ്ക ഇല്ലാതാക്കാൻ ജോയ്സ് ജോർജിന് കഴിഞ്ഞു. പാർലമെന്‍റിന് അകത്തും പുറത്തുമുള്ള ജോയസ് ജോർജിന്‍റെ നിരന്തര ഇടപെടലുകളാണ് ഇഎസ്എ പരിധി കുറച്ചുകൊണ്ടുള്ള റിപ്പോർട്ടിന്‍റെ ഭേദഗതിക്ക് വഴിവച്ചതെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി പറഞ്ഞു.


മുൻകാലങ്ങളിലൊന്നുമില്ലാത്ത വിധത്തിൽ ജില്ലയിൽ വികസനം കൊണ്ടുവരാൻ എംപിക്കായെന്നാണ് ഹൈറേഞ്ച് സംരക്ഷണസമിതിയുടെ വിലയിരുത്തൽ. കഴിഞ്ഞ തവണത്തെപ്പോലെ സമിതി പരസ്യപ്രചാരണങ്ങൾക്ക് ഇറങ്ങേണ്ടതുണ്ടോ എന്ന് കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി വക്താക്കൾ അറിയിച്ചു. എന്നാൽ ഹൈറേഞ്ച് സംരക്ഷണ സമിതിക്കും ജോയ്സിനും കഴിഞ്ഞ തവണത്തേപ്പോലെ ഇത്തവണ സഭയുടെ പിന്തുണയുണ്ടാവില്ലെന്ന്  വ്യക്തമാക്കുകയാണ് ഇടുക്കി രൂപതയുടെ സർക്കുലർ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K