10 March, 2019 02:01:32 PM


കോട്ടയം നട്ടാശേരിയില്‍ വെടിയേറ്റ് യുവാവിന് പരിക്ക്: കൊക്കിനെ വെടിവെക്കാനുള്ള ശ്രമത്തിനിടെയെന്ന് മൊഴി



കോട്ടയം: എയർഗണ്ണുമായി കൊക്കിനെ വെടിവയ്ക്കുന്നതിനിടയില്‍ കൂട്ടുകാരന്റെ വെടിയേറ്റ് യുവാവിന് പരിക്ക്. നട്ടാശേരി വായനശാല ഭാഗത്ത് പ്ളാക്കിയിൽ നസിം സുലൈമാന്‍റെ (20) തോളെല്ലിനാണ് വെടിയേറ്റത്. എയർ ഗണ്ണിൽ നിന്നുള്ള വെടിയുണ്ട യുവാവിന്‍റെ പുറം തുളച്ച് കയറുകയായിരുന്നു. നസിമിന്‍റെ പിതാവിന്‍റെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വെടിവച്ചത് ആരാണെന്ന് ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. 

വെള്ളിയാഴ്‌ച വൈകിട്ടോടെ നട്ടാശേരി മുഴിപ്പാടത്തെ ഞണ്ട് പറമ്പിൽ ഭാഗത്തായിരുന്നു സംഭവം. കൊക്കിനെ വെടിവയ്ക്കുന്നതിനായി എത്തിയ മൂന്നംഗ സംഘം പാടശേഖരത്തിലൂടെ നടക്കുന്നതിനിടെ യുവാവിന്‍റെ മുതുകിൽ വെടിയുണ്ട തറഞ്ഞു കയറുകയായിരുന്നു. നടക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് യുവാവ് നൽകുന്ന മൊഴി. കൂട്ടാളികളെ രക്ഷിക്കാനാണ് ഇയാൾ ആളെ ചൂണ്ടികാട്ടാത്തതെന്നാണ് സൂചന.  

വെടിയേറ്റയാളുടെ പിതാവിന്‍റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K