09 March, 2019 09:17:11 AM


കാത്തിരിപ്പിന് വിരാമം: കുറുമാത്തൂര്‍ ഗവ. ഐടിഐക്ക് സ്വന്തം കെട്ടിടമൊരുങ്ങി; ഉദ്ഘാടനം 11ന്




കണ്ണൂര്‍ : കാത്തിരിപ്പിനൊടുവില്‍ കുറുമാത്തൂര്‍ ഗവ. ഐടിഐക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. പത്ത് വര്‍ഷമായി താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐടിഐക്ക് പന്നിയൂര്‍ കൂനത്താണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ലൈബ്രറി, സ്റ്റാഫ് റൂം, ഓഫീസ്, വിസിറ്റേഴ്‌സ് റൂം എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങളോടു കൂടിയാണ് ഐടിഐ സജ്ജമാക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 11 ന് രാവിലെ 10 മണിക്ക് തൊഴില്‍ നൈപുണ്യ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും.
 
ഇലക്ട്രോണിക് മെക്കാനിക്, അഗ്രികള്‍ച്ചറല്‍ മെഷിനറി എന്നീ ദ്വിവത്സര കോഴ്‌സുകളിലാണ് നിലവില്‍ കുറുമാത്തൂര്‍ ഗവ.ഐ ടി ഐയില്‍ പരിശീലനം നല്‍കുന്നത്. എന്നാല്‍ അധികമായി മൂന്ന് ട്രേഡുകള്‍ക്ക് കൂടി ആരംഭിക്കാന്‍ പര്യാപ്തമായ രീതിയിലാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡുകള്‍ കൂടി തുടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. ഇതിനോടകം 300 ഓളം വിദ്യാര്‍ഥികള്‍ ഐടിഐയില്‍ നിന്ന് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 
 
കുറുമാത്തൂര്‍ പഞ്ചായത്ത് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ താല്‍ക്കാലികമായി അനുവദിച്ച കെട്ടിടത്തിലായിരുന്നു 2009 മുതല്‍ ഐടിഐ പ്രവര്‍ത്തിച്ചിരുന്നത്. ഐടിഐ ക്ക്  സ്വന്തമായി കെട്ടിടം എന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്ന് കൂനത്ത് റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 1.2 ഹെക്ടര്‍ ഭൂമി അനുവദിക്കുകയും അവിടെ നാല് കോടി രൂപ ചെലവില്‍ കെട്ടിടം നിര്‍മ്മിക്കുകയുമായിരുന്നു. ഇതിന് പുറമെ 45 ലക്ഷം രൂപ ചെലവിട്ട് ചുറ്റുമതില്‍, കിണര്‍, പമ്പ് ഹൗസ് എന്നിവയും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K