06 March, 2019 06:10:00 PM


ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റ് വീണ്ടും വിവാദത്തില്‍; കമ്മറ്റി തീരുമാനം അട്ടിമറിക്കാനുള്ള ഗൂഡനീക്കം പൊളിഞ്ഞു



ഏറ്റുമാനൂര്‍ : ഏറ്റുമാനൂരിലെ ചില്ലറ - മൊത്ത മത്സ്യവ്യാപാര ശാലകളുടെ വാടക പുതുക്കി ലേലം ചെയ്യാനുള്ള തീരുമാനം വീണ്ടും വിവാദത്തില്‍. കഴിഞ്ഞ ഫെബ്രുവരി 22ന് കൂടിയ നഗരസഭാ കൌണ്‍സിലില്‍ മത്സ്യമാര്‍ക്കറ്റിലെ സ്റ്റാളുകളുടെ വാടക കൂട്ടുവാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം അട്ടിമറിച്ച് മത്സ്യമാര്‍ക്കറ്റിന്റെ വാടക കുറയ്ക്കാന്‍ ബുധനാഴ്ച നടന്ന കൌണ്‍സിലില്‍ നടത്തിയ ഗൂഡനീക്കമാണ് വീണ്ടും വിവാദമായത്. മത്സ്യവ്യാപാരികളുമായി നടത്തിയ ചര്‍ച്ചയുടെ വിവരങ്ങളെന്ന പേരില്‍ അജണ്ടയില്‍ ഉള്‍കൊള്ളിക്കാതെ വിഷയം ഇന്നലെ നടന്ന കൌണ്‍സിലില്‍ അവതരിപ്പിക്കുകയായിരുന്നു. കമ്മറ്റി കൂടി പാസാക്കിയ തീരുമാനം മൂന്ന് മാസം കഴിയാതെ പുന:പരിശോധിക്കാനാവില്ല എന്ന നിയമം കാറ്റില്‍പറത്തി നടത്തിയ ശ്രമം ഒരു വിഭാഗം കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെതുടര്‍ന്ന് പാളുകയായിരുന്നു.


വന്‍ബഹളത്തെ തുടര്‍ന്ന് ഫെബ്രുവരി 22ന് വോട്ടിനിട്ടാണ് മത്സ്യമാര്‍ക്കറ്റിലെ സ്റ്റാളുകളുടെ വാടക കൂട്ടി നിശ്ചയിക്കുവാനുള്ള  തീരുമാനം അംഗീകരിക്കപ്പെട്ടത്. ലൈസന്‍സ് പുതുക്കുമ്പോള്‍ വാടക കൂട്ടണമെന്ന നിര്‍ദ്ദേശം കൊണ്ടുവന്ന ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ ചെയര്‍പേഴ്‌സണ്‍ കൂടിയായ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വോട്ടിനിട്ടപ്പോള്‍ മറുപക്ഷം ചേര്‍ന്നത് അന്ന് ഏറെ ബഹളത്തിനിടയാക്കിയിരുന്നു. പിന്നീട് നഗരസഭാ ചെയര്‍മാന്‍ രാജി വെച്ചതിനെ തുടര്‍ന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ ജയശ്രീ ഗോപിക്കുട്ടനാണ് ഇപ്പോള്‍ ചെയര്‍മാന്റെ ചാര്‍ജ്. ഇവരുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് അജണ്ടയില്‍ പോലും ഉള്‍കൊള്ളിക്കാതെ ഇന്നലെ വിഷയം ചര്‍ച്ചയ്‌ക്കെടുത്തത്.


മത്സ്യമാര്‍ക്കറ്റിന്റെ വാടക വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു വിഭാഗം യുഡിഎഫ് അംഗങ്ങള്‍ കനത്ത എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. നഗരത്തില്‍ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മത്സ്യമാര്‍ക്കറ്റിലെ മൊത്തവിതരണസ്റ്റാളുകള്‍ക്ക് പത്ത് ശതമാനവും ചില്ലറ വില്‍പ്പന സ്റ്റാളുകള്‍ക്ക് അഞ്ച് ശതമാനവും നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം കൊണ്ടുവന്നത് ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയായിരുന്നു. ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടെങ്കിലും നടപ്പിലാക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതത്രേ. 


വാടക കൂട്ടിയാലും ലേലവ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിച്ചാലേ മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കാനനുവദിക്കൂ എന്ന നിലപാടാണ് ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റിയുടേത്. വെള്ളക്കരവും വൈദ്യുതിചാര്‍ജും നഗരസഭ അടയ്ക്കുന്നത് നിര്‍ത്തലാക്കി കച്ചവടക്കാര്‍ തന്നെ അടയ്ക്കണമെന്നും സ്റ്റാളുകള്‍ സ്വന്തം ചെലവില്‍ വൃത്തിയാക്കണമെന്നും ഞായറാഴ്ചകളില്‍ 11 മണിയ്ക്കു ശേഷം മത്സ്യമാര്‍ക്കറ്റ് അടച്ചിടണമെന്നുമുള്ള വ്യവസ്ഥകള്‍ ഇപ്പോള്‍ പാലിക്കപ്പെടുന്നില്ല. മാര്‍ക്കറ്റിലെത്തുന്ന അന്യസംസ്ഥാനവാഹനങ്ങള്‍ നഗരസഭാപരിസരത്തും ബസ് സ്റ്റാന്റിലും പാര്‍ക്ക് ചെയ്തും പൊതുസ്ഥലത്ത് മത്സ്യം വെട്ടിനുറുക്കി അവശിഷ്ടങ്ങള്‍  നിരത്തി ഇടുന്നത് ഏറെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മത്സ്യവ്യാപാരികളെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാതെ അവര്‍ യോഗം ബഹിഷ്‌കരിച്ചു.


പ്രതിമാസവാടകയുടെ മൂന്നിരട്ടി സെക്യൂരിറ്റിയായി അടയ്ക്കണമെന്നാണ് വ്യവസ്ഥ. കമ്മറ്റി തീരുമാനപ്രകാരം പുതുക്കിയ നിരക്കില്‍ വാടകയും സെക്യൂരിറ്റിയും മാര്‍ച്ച് 20നകം അടച്ച് ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ മാര്‍ക്കറ്റ് പൂട്ടുമെന്ന് ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു. അതേസമയം ചില വ്യാപാരികള്‍ അപേക്ഷ നല്‍കിയെങ്കിലും ഫീസ് അടച്ചിട്ടില്ല. നഗരസഭയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലും പരിസരശുചീകരണത്തിലും ഒരു വിഭാഗം കൌണ്‍സിലര്‍മാര്‍ തന്നെ എതിര് നില്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K