04 March, 2019 02:57:59 PM


ഏറ്റുമാനൂര്‍ പേരൂരില്‍ കാറിടിച്ച് വഴിയാത്രക്കാരായ സഹോദരികള്‍ക്ക് ദാരുണാന്ത്യം; അമ്മയ്ക്ക് ഗുരുതരപരിക്ക്



ഏറ്റുമാനൂര്‍: മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ പേരൂരില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരായ സഹോദരികള്‍ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ മാതാവിനെയും കാര്‍ ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരൂര്‍ കാവുംപാടം കോളനിയില്‍ ആതിര വീട്ടില്‍ ബിജുവിന്‍റെ മക്കളായ അന്നു (19), നൈനു (17) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ലെജി(46)യെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കാര്‍ ഡ്രൈവറെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  



കണ്ടംചിറ കവലയ്ക്കും പള്ളികൂടം കവലയ്ക്കും മധ്യേ പേരൂര്‍കാവ് ക്ഷേത്രത്തിന് പിന്‍ഭാഗത്ത് ഉച്ചകഴിഞ്ഞ് 1.45 മണിയോടെയായിരുന്നു അപകടം. ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് വഴിയേ നടന്നുപോയ ഇവരുടെ മേല്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മൂവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നൈനുവും അന്നുവും മരിച്ചിരുന്നു. അതീവഗുരുതരാവസ്ഥയിലായ ലിജി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. മൂവരെയും ഇടിച്ച് തെറിപ്പിച്ച കാര്‍ തൊട്ടടുത്ത പുരയിടത്തിലെ തേക്ക് മരത്തില്‍ ഇടിച്ചാണ് നിന്നത്. കാറില്‍ നിന്നും പുറത്തെടുത്ത ഡ്രൈവറെ നാട്ടുകാര്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 


മരിച്ച അന്നു വൈക്കം സെന്‍റ് സേവ്യേഴ്സ് കോളേജില്‍ അവസാനവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ്. വൈക്കം വാഴമനയില്‍ അമ്മ ലിജിയുടെ തറവാട്ട് വീട്ടില്‍ നിന്ന് പഠിക്കുന്ന അന്നു അവധിക്ക് പേരൂരില്‍ എത്തിയതാണ്. നൈനു കാണക്കാരി ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. ശിവരാത്രി പ്രമാണിച്ച് വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും അതുവഴി വൈക്കത്തെ ലിജിയുടെ വീട്ടിലേക്കു പോകുന്നതിനുമായി മൂവരും  വീട്ടില്‍  നിന്നും ബസ് സ്റ്റോപ്പിലേക്ക് നടക്കും വഴിയായിരുന്നു അപകടം സംഭവിച്ചത്. ബിജു - ലിജി ദമ്പതികളുടെ മൂത്ത മകള്‍ ആതിര എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. 


ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ രീഷ്മാ രമേശന്‍, എസ് ഐ കെ.ആര്‍.പ്രശാന്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.  അന്നുവിന്‍റെയും നൈനുവിന്‍റെയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറില്‍. ചൊവ്വാഴ്ച  പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 18K