04 March, 2019 02:22:47 PM


സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയായി: തിരുവനന്തപുരത്ത് സി.ദിവാകരന്‍; മത്സരിക്കാനില്ലെന്ന് കാനം




തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി സി.പി.ഐ. മറ്റുള്ള കക്ഷികളെ പിന്നിലാക്കി സി.പി.ഐ സംസ്ഥാനത്തെ നാലു മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവും നെടുമങ്ങാട് എം.എല്‍.എയായ സി.ദിവാകരന്‍ എല്‍.ഡി.എഫിനു വേണ്ടി മത്‌സരിക്കും. രാജാജി മാത്യൂ തോമസ് ആയിരിക്കും തൃശൂരില്‍ മാറ്റുരയ്ക്കുക.


അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ മാവേലിക്കരയിലും വയനാട് സീറ്റില്‍ പി.പി സുനീറും മത്സരിക്കും. ഇന്നു ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ജില്ലാ കൗണ്‍സിലുകളില്‍ നിന്നുള്ള സാധ്യതാ പട്ടികയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥികളെ ആദ്യം സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനിക്കുയും പിന്നീട് കൗണ്‍ലില്‍ പട്ടിക അവതരിപ്പിക്കുകയും ചെയ്തത്.


കൗണ്‍സില്‍ അംഗീകരിക്കുന്ന പേരുകള്‍ ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ പ്രഖ്യാപിക്കുകയാണ് പതിവ്. ഈ മാസം ഏഴിനാണ് ദേശീയ എക്സിക്യൂട്ടീവ് ചേരുക. അതിനു ശേഷമായിരിക്കും പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുക. അതേസമയം, താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തിരുവനന്തപുരത്ത് കാനം രാജേന്ദ്രന്‍ മുതല്‍ ആനി രാജ വരെയുള്ളവരുടെ പേര് പറഞ്ഞുകേട്ടിരുന്നു. കാനത്തോട് മത്സരിക്കാന്‍ സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ പട്ടികയിലെ രണ്ടാമനായ സി.ദിവാകരനെ തീരുമാനിച്ചു.


ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയാറെന്ന് സി ദിവാകരന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാല്‍ ജയിക്കുമെന്നും ദിവാകരന്‍ പറഞ്ഞു. രാജാജിയെ നിര്‍ദേശിച്ചത് താനെന്ന് സി.എന്‍ ജയദേവന്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ എന്തിനും മാനസികമായി തയാറെന്ന് രാജാജി മാത്യു തോമസ് പ്രതികരിച്ചു. പാര്‍ട്ടിയുടെ ഏതു തീരുമാനവും അംഗീകരിക്കുമെന്ന് ചിറ്റയം ഗോപകുമാറും പ്രതികരിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K