20 February, 2019 05:42:36 PM


കാസര്‍ഗോഡ് ഇരട്ടകൊല; പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍




കാസര്‍ഗോഡ്: പെരിയയില്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ചു. പോലീസ് അറസ്റ്റ് ചെയ്ത പീതാംബരന്‍റെ ഭാര്യയുടെ ആരോപണത്തിന് മറുപടിയായാണ് ഇപ്രാവശ്യം കോടിയേരി രംഗത്തെത്തിയത്. പീതാംബരന് കൊലപാതകത്തില്‍ പങ്കില്ലെന്നും മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നുമായിരുന്നു പീതാംബരന്‍റെ ഭാര്യ മഞ്ജു നേരത്തെ പ്രതികരിച്ചിരുന്നത്.



കൊലപാതകങ്ങളില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നും ഭര്‍ത്താവ് കേസില്‍ പെട്ട വിഷമത്തിലായിരിക്കാം പീതാംബരന്‍റെ ഭാര്യയുടെ പ്രതികരണമെന്നും കോടിയേരി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരൊക്കെ ഇത് പാര്‍ട്ടി തീരുമാനമാണ് എന്നുപറഞ്ഞ് ചെയ്യും. ചെയ്യുന്ന ആള്‍ വിചാരിക്കുന്നത് താനാണ് പാര്‍ട്ടി എന്നാണ്. എന്നാല്‍ പാര്‍ട്ടി എന്ന നിലയില്‍ അങ്ങിനെയൊരു തീരുമാനമുണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞിട്ടുണ്ടായിരിക്കാം. എന്നാല്‍ പാര്‍ട്ടിക്ക് അങ്ങനെയൊരു തീരുമാനം ഇല്ലെന്നും കോടിയേരി പ്രതികരിച്ചു. പീതാംബരന്‍ കൊലക്കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ വീട്ടുകാര്‍ക്ക് വിഷമമുണ്ടായിട്ടുണ്ടാകും. അതില്‍നിന്നുണ്ടാകുന്ന ഒരു അഭിപ്രായപ്രകടനം എന്നല്ലാതെ ഭാര്യയുടെ ആരോപണങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 60