16 February, 2019 05:39:12 PM


വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് രേഖകള്‍ ഒന്നും ഇല്ലാതെ തുക നല്‍കി എല്‍ഐസി മാതൃകയായി



മാണ്ഡ്യ:  പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ ഇന്‍ഷൂറന്‍സ് തുക നല്‍കി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. കൊല്ലപ്പെട്ട കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള എച്ച്. ഗുരുവിന്‍റെ കുടുംബത്തിനാണ് മാണ്ഡ്യയിലുള്ള എല്‍ഐസി ബ്രാഞ്ച് 3,82,199 രൂപ നല്‍കിയത്.

മരണസര്‍ട്ടിഫിക്കറ്റിനോ, മറ്റ് രേഖകള്‍ക്കോ കാത്തുനില്‍ക്കാതെ ഗുരുവിന്‍റെ നോമിനിയുടെ അക്കൗണ്ടിലേക്ക് വീരമൃത്യു സംഭവിച്ച് 48 മണിക്കൂര്‍ തികയും മുന്‍പ് പണം എത്തിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഷൂറന്‍സ് കമ്പനിയുടെ നടപടി സോഷ്യല്‍ മീഡിയയിലും മറ്റും വലിയ പ്രശംസയാണ് നേടുന്നത്. 

എട്ട് വര്‍ഷം മുന്‍പാണ് ഗുരു അര്‍ദ്ധസൈനിക വിഭാഗത്തിന്‍റെ ഭാഗം ആകുന്നത്. കാശ്മീരില്‍ എത്തുന്നതിന് മുന്‍പ് ഇദ്ദേഹം ജാര്‍ഖണ്ഡിലാണ് സേവനം അനുഷ്ഠിച്ച് കൊണ്ടിരുന്നത്. ഈ മാസം ആദ്യം മണ്ഡ്യയിലെ വീട്ടില്‍ അവധിക്ക് എത്തിയ ഗുരു ഫെബ്രുവരി 10നായിരുന്നു ജോലി സ്ഥലത്തേക്ക് തിരിച്ചുപോയത്. ഭീകരാക്രമണം നടന്ന ദിവസം ഉച്ചയ്ക്ക് വീട്ടിലേക്ക് വിളിച്ച് അമ്മയുമായി ഗുരു സംസാരിച്ചിരുന്നു. ആറ് മാസം മുന്‍പാണ് ഇദ്ദേഹത്തിന്‍റെ വിവാഹം കഴിഞ്ഞത്. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലെ എക സ്ഥിര വരുമാനക്കാരാനായിരുന്നു ഗുരു. 




Share this News Now:
  • Google+
Like(s): 229