09 February, 2019 09:35:51 PM


ലോക്സഭയിലേക്ക് കോൺഗ്രസിൽ നിന്ന് സിറ്റിംഗ് എംഎൽഎമാർ‍ മത്സരിക്കേണ്ടെന്ന് തീരുമാനം



തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് സിറ്റിംഗ് എംഎൽഎമാർ‍  മത്സരിക്കേണ്ടെന്ന് തീരുമാനം. ഈ മാസം 18-ന് തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് സംസ്ഥാനകോൺഗ്രസിൽ തുടക്കമാകും. 25-ന് മുമ്പ് സ്ഥാനാർഥിപ്പട്ടിക നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കെപിസിസിയ്ക്ക് നിർദേശം നൽകി. മത്സരിക്കുന്ന കാര്യത്തിൽ ആർക്കൊക്കെ ഇളവ് നൽകണമെന്ന കാര്യം രാഹുൽ ഗാന്ധിയാണ് തീരുമാനിക്കുകയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. 

പിസിസി അധ്യക്ഷൻ മത്സരിക്കണമെങ്കിലും രാഹുൽ ഗാന്ധിയുടെ തീരുമാനപ്രകാരമേ പറ്റൂ എന്നും ചെന്നിത്തല അറിയിച്ചു. എന്നാൽ സിറ്റിംഗ് എംപിമാർക്ക് സീറ്റുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കുന്നു. വിജയസാധ്യതയുള്ള സിറ്റിംഗ് എംപിമാർക്ക് സീറ്റ് നിഷേധിക്കേണ്ടതില്ലെന്നും അവർ തുടരട്ടെയെന്നും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. അവർ സ്വയം ഒഴിഞ്ഞാൽ മാത്രമേ പുതിയ ഒരാളെ അന്വേഷിക്കേണ്ടതുള്ളൂ. 

പിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് വടകരയിൽ പുതിയ ആളെ കണ്ടെത്തേണ്ടി വരും. വയനാട് മണ്ഡലത്തിൽ എം ഐ ഷാനവാസ് അന്തരിച്ച സ്ഥിതിയ്ക്ക് അവിടെ നിന്നും പുതിയ ആളെ കണ്ടെത്തേണ്ടി വരും. ഇതൊഴിച്ചാൽ കോൺഗ്രസിൽ മറ്റ് സിറ്റിംഗ് എംപിമാർക്ക് സീറ്റ് കിട്ടാനുള്ള സാധ്യതയാണുള്ളത്.

ദില്ലിയിൽ എഐസിസി ആസ്ഥാനത്ത് നടന്ന പിസിസി അധ്യക്ഷൻമാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിലാണ് തീരുമാനമായത്. കേരളത്തിലെ സ്ഥാനാർഥിപ്പട്ടികയിൽ ഒരേ കുടുംബത്തിൽ നിന്ന് സ്ഥാനാർഥികളെ ഉൾപ്പെടുത്തേണ്ടെന്നും തീരുമാനമായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ യുഡിഎഫിനു മുൻതൂക്കമുണ്ടെന്നാണ് യോഗത്തിൽ വിലയിരുത്തലുണ്ടായത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിച്ച ജനമഹായാത്ര വിജയമെന്ന് കേരള നേതാക്കൾ രാഹുലിനെ അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K