09 February, 2019 10:51:50 AM


ഏറ്റുമാനൂര്‍ ക്ഷേത്രം ഉപദേശക സമിതിയില്‍ വിള്ളല്‍; 3 അംഗങ്ങളെ ഒഴിവാക്കിയെന്ന് പരാതി



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ക്ഷേത്രം ഉപദേശകസമിതിയില്‍ നിന്നും മൂന്ന് അംഗങ്ങളുടെ പേര് ഒഴിവാക്കിയെന്ന പരാതിയുമായി അംഗം രംഗത്ത്. ഹൈക്കോടതി നിയോഗിച്ച പതിനഞ്ചംഗ ഉപദേശകസമിതിയില്‍ പന്ത്രണ്ട് പേരുടെ പേര് മാത്രം ഉത്സവ നോട്ടീസില്‍ പ്രസിദ്ധപ്പെടുത്തിയതിനെതിരെയാണ് കെ.എസ്.രഘുനാഥന്‍നായര്‍ ദേവസ്വം കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പുകള്‍ വൈക്കം ഡപ്യൂട്ടി കമ്മീഷണര്‍ക്കും അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കും ദേവസ്വം ഓംബുഡ്സ്മാനും വിജിലന്‍സിനും നല്‍കിയിട്ടുണ്ട്.


രഘുനാഥന്‍നായരെ കൂടാതെ മുന്‍ ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ എ.കെ.സുരേഷ് ജീവന്‍, പി.എസ്.സുരേഷ്കുമാര്‍ എന്നിവരുടെ പേരുകളും ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മൌനാനുവാദത്തോടെയാണ് പേരുകള്‍ നീക്കിയതെന്നാണ് രഘുനാഥന്‍നായരുടെ ആരോപണം. തങ്ങളുടെ പേരുകള്‍ നീക്കം ചെയ്യാന്‍ എ.ഓയ്ക്കും കൂട്ടര്‍ക്കും ആര് അനുവാദം നല്‍കി എന്ന് ചോദിക്കുന്ന രഘുനാഥന്‍ നായര്‍ ഒരു ദേവസ്വം ഉദ്യോഗസ്ഥനും രണ്ട് മൂന്ന് പേരും ചേര്‍ന്നാണ് ക്ഷേത്രത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു. 



ക്ഷേത്രത്തിലെ കൊടിക്കൂറയും കൊടിക്കയറും ഈ വര്‍ഷം സമര്‍പ്പിക്കുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്ത തങ്ങളെ തഴഞ്ഞ് മറ്റുള്ളവര്‍ക്ക് നല്‍കിയതില്‍ എതിര്‍പ്പുമായി ഭക്തര്‍ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് കൈരളി ന്യൂസ് പ്രതിനിധിയെ ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കെ.എന്‍.ശ്രീകുമാര്‍ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും സമൂഹമാധ്യമങ്ങളില്‍ അവഹേളിച്ച് പോസ്റ്റിടുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഉപദേശകസമിതി സെക്രട്ടറിയ്ക്കെതിരെ പോലീസില്‍ പരാതി നിലനില്‍ക്കവെയാണ് പുതിയ പരാതിയുമായി രഘുനാഥന്‍ നായര്‍ രംഗത്തെത്തിയത്. 


ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തുന്ന ഉത്സവത്തിന് ഉപദേശകസമിതിയുടെ സഹകരണം മാത്രമാണ് ഉള്ളതെങ്കിലും ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അല്ലെന്നും അദ്ദേഹത്തോട്  എന്ത് ചോദിച്ചാലും തനിക്കറിയില്ല എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും രഘുനാഥന്‍ നായര്‍ പരാതിയില്‍ ആരോപിക്കുന്നു. അതേസമയം മാസങ്ങളായി രഘുനാഥന്‍ നായര്‍ ഉപദേശകസമിതിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നില്ലെന്നും അതിനാലാകാം പേര് ഒഴിവാക്കിയതെന്നും ഉപദേശകസമിതി ചെയര്‍മാന്‍ എ.എസ്.പി.കുറുപ്പ് പറഞ്ഞു. പേരുകൾ ഒഴിവാക്കിയതിൽ പുതുതായി ചാർജെടുത്ത തനിക്ക് പങ്കില്ലെന്നും ഉപദേശകസമിതി സെക്രട്ടറി നൽകിയ പേരുകൾ മുഴുവൻ നോട്ടീസിൽ ഉൾകൊള്ളിച്ചിട്ടുണ്ടെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ് പറഞ്ഞു.


എന്നാല്‍ ഈ വാദം രഘു നിരസിച്ചു. തന്നെ നിയമപരമായി നീക്കം ചെയ്തതായി ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഔദ്യോഗികമായി അറിയിച്ച സമിതിയുടെ എല്ലാ യോഗത്തിലും താന്‍ പങ്കെടുത്തിട്ടുണ്ടെന്നും മിനിറ്റ്സിന്‍റെ കോപ്പി സഹിതമാണ് താന്‍ പരാതി നല്‍കിയിരിക്കുന്നതെന്നും രഘുനാഥന്‍നായര്‍ പറയുന്നു. 


2012 ഏപ്രില്‍ 11ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം രൂപീകൃതമായ ഉപദേശകസമിതിയില്‍ കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷന്‍ എ.എസ്.പി.കുറുപ്പ് (ചെയര്‍മാന്‍), കെ.എന്‍.ശ്രീകുമാര്‍ (സെക്രട്ടറി), ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (ട്രഷറര്‍), എ.ശ്രീധരവാദ്ധ്യാര്‍, എ.കെ.സുരേഷ് ജീവന്‍, കെ.ആര്‍.അനന്തപത്മനാഭ ആയ്യര്‍, പി.ജി.ബാലകൃഷ്ണപിള്ള, കെ.എസ്. രഘുനാഥന്‍ നായര്‍, പി.എസ്.സുരേഷ് കുമാര്‍ എന്നി ഒമ്പത് അംഗങ്ങളാണ് ഉണ്ടായിരുന്നത്. 


2017 ഫെബ്രുവരി 9ന് ആറ് അംഗങ്ങളെ കൂടി ചേര്‍ത്ത് 15 അംഗസമിതിയായി ഉപദേശകസമിതി പുനസംഘടിപ്പിച്ചതായി അഡ്വക്കറ്റ് കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചു. എം.പി.പ്രേംരാജ്, വി.എന്‍.കേശവന്‍ നായര്‍, യു.എന്‍.തമ്പി, പി.എന്‍.രവീന്ദ്രന്‍, പി.ദാമോദരന്‍ നമ്പൂതിരി, ആര്‍.അശോക് എന്നിവരായിരുന്നു പുതിയ അംഗങ്ങള്‍. അഡ്വക്കറ്റ് കമ്മീഷനാണ് ചെയര്‍മാന്‍ എങ്കിലും കാര്യങ്ങള്‍ നടപ്പിലാക്കുന്നതെല്ലാം സെക്രട്ടറിയുടെ ഇംഗിതത്തിന് അനുസരിച്ചായിരുന്നുവത്രേ. സെക്രട്ടറിയുടെ പ്രവര്‍‍ത്തനങ്ങളോടുള്ള രഘുനാഥന്‍നായരുടെ അഭിപ്രായവ്യത്യാസം മറ നീക്കി പുറത്തുവരുന്നതും പൊതുജനമധ്യത്തില്‍ ചര്‍ച്ചയായതും മാസങ്ങള്‍ക്കു മുമ്പാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K