08 February, 2019 08:23:28 PM


അതിരമ്പുഴയില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ട് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍




കോട്ടയം: അതിരമ്പുഴയില്‍ വന്‍ കഞ്ചാവ് വേട്ട. തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന 1.95 കിലോഗ്രാം കഞ്ചാവുമായി  കാണക്കാരി കൈമൂലയില്‍ സജീവിന്റെ മകന്‍ ആകാശിനെ (21) ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാത്തി ഭാഗത്ത് വെച്ചാണ് ഏറ്റുമാനൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആകാശിനെ അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

തമിഴ്‌നാട്ടില്‍ നിന്നും നേരിട്ടെത്തിക്കുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് ചെറുപൊതികളായി എത്തിക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. സ്‌കൂള്‍ കുട്ടികളും യുവാക്കളും കൗമാരക്കാരും ഇയാളുടെ ഇടപാടുകാരില്‍ ഉള്‍പ്പെട്ടിരുന്നു. ഏറ്റുമാനൂര്‍, കാണക്കാരി, അതിരമ്പുഴ മേഖലകളില്‍ വ്യാപകമായ രീതിയില്‍ കഞ്ചാവും ലഹരിമരുന്നുകളും എത്തിക്കുന്ന വന്‍മാഫിയായില്‍ ഉള്‍പ്പെട്ടയാളാണ് ആകാശ് എന്നു പോലീസ് സംശയിക്കുന്നു. 

എസ്.ഐ ജയരാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രമോദ്, ജോബി എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങളായ എ.എസ്.ഐ ഷിബുക്കുട്ടന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജ്, സിവില്‍ പോലീസ് ഓഫീസര്‍ ജീമോന്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 10K