14 January, 2019 07:50:34 AM


ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും




ശബരിമല: ഇന്ന് മകരവിളക്ക്. മകരവിളക്കിനും സംക്രമ പൂജയ്ക്കും ഉള്ള ഒരുക്കങ്ങൾ സന്നിധാനത്ത് പൂർത്തിയായി. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചര മണിയോടെ ശരംകുത്തിയിൽ എത്തിച്ചേരും. അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തിയശേഷം ദീപാരാധന നടക്കും. ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരവിളക് തെളിയിക്കും. 7.52നാണ് മകര സംക്രമ പൂജ. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ മകരജ്യോതി ദര്‍ശനത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 

ഹിൽടോപ്പിൽ നിയന്ത്രണം ഉള്ളതിനാൽ പമ്പയിലെ വിവിധയിടങ്ങളിൽ മകരജ്യോതി ദർശനത്തിന് പരമാവധി സൗകര്യം ഒരുക്കാനാണ് പൊലീസിന്‍റെ തീരുമാനം. പമ്പയിൽ 40,000 ത്തോളം പേർ മകരജ്യോതി ദർശനത്തിന് എത്തുമെന്നാണ് പൊലീസിന്‍റെ കണക്ക്. തിരുവാഭരണ ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയ്ക്കടുത്ത് ചെറിയാനവട്ടത്ത് എത്തും. തിരുവാഭരണ ഘോഷയാത്രയെ പൊലീസ്, റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരും അനുഗമിക്കും. ചെറിയാനവട്ടത്ത് ഇന്നലെ കാട്ടാന ഇറങ്ങിയ പശ്ചാത്തലത്തിൽ ഇതുവഴി കടന്നുപോകുന്നതിന് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലും പൊലീസ് സുരക്ഷ ശക്തമാക്കി. എഡിജിപി അനന്തകൃഷ്ണനും ജില്ലാ കളക്ടർ പി.ബി നൂഹും പമ്പയിൽ ക്യാംപ് ചെയ്യുന്നുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K