13 January, 2019 07:02:35 PM


ഞങ്ങള്‍ പ്രതിഷേധങ്ങളെ ഭയക്കുന്നില്ല; 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിയില്‍ ബിന്ദുവും കനകദുര്‍ഗയും




കൊച്ചി: ആര്‍ത്തവ അയിത്തത്തിനെതിരെ സംഘടിപ്പിച്ച 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിക്ക് പിന്തുണയുമായി ബിന്ദുവും കനകദുര്‍ഗയും വേദിയിലെത്തി. ശബരിമല ദര്‍ശനത്തിന് ശേഷം പൊലീസ് സുരക്ഷയിലായിരുന്ന ഇവര്‍ എറണാകുളം മറൈന്‍ ഡ്രൈവിലെ ഹെലിപാട് മൈതാനത്ത് നടന്ന പരിപാടിയിലാണ് പങ്കെടുത്തത്.

ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ വരണമെന്ന് നേരത്തെ കരുതിയതാണ്. സ്വന്തം തീരുമാന പ്രകാരമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നത്. അതുകൊണ്ടുതന്നെ പ്രതിഷേധങ്ങളെ ഭയക്കുന്നില്ല. ഞങ്ങള്‍ തെറ്റുകള്‍ ചെയ്തവരെല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ത്തവ തൊട്ടുകൂടായ്മക്കെതിരെയുള്ള പ്രതിഷേധമായി ഇന്നലെയാണ് പരിപാടി ആരംഭിച്ചത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കുചേര്‍ന്നത്.

മുഖ്യമന്ത്രി പൊതുസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് പരിപാടിയില്‍ എത്താന്‍ സാധിക്കില്ലെന്ന് പിന്നീട് അറിയിച്ചു. കൊച്ചിയില്‍ മുഖ്യമന്ത്രി രണ്ട് പരിപാടികളില്‍ പങ്കെടുത്തിരുന്നെങ്കിലും ആര്‍പ്പോ ആര്‍ത്തവം വേദിയില്‍ എത്തിയില്ല. ശബരിമല വിധി,​ നവേത്ഥാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ന് ചര്‍ച്ചകള്‍ ന‌ടന്നു. പൊതുസമ്മേളനത്തില്‍ സി.പി.ഐ ദേശീയ നേതാവ് ആനി രാജ, കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, ആദിവാസി ഗോത്ര മഹാസഭ നേതാവ് സി.കെ ജാനു തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K