04 January, 2019 07:53:10 PM


അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും: കാസര്‍കോട് ജില്ലാ കലക്ടര്‍




കാസര്‍കോട്: അക്രമം നടത്തുന്നവരുടെ പേരില്‍ കര്‍ശന നടപടി എടുക്കുകയും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി. സജിത്ത് ബാബു പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല സമാധാന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഹര്‍ത്താല്‍ ദിനത്തില്‍ അതിക്രമം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുകയും ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുകയും ചെയ്ത ഇവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കും. പാര്‍ട്ടി അണികളെ അതാത് പാര്‍ട്ടി നേതൃത്വം നിയന്ത്രിക്കണം.അല്ലാത്ത പക്ഷം, സാമൂഹിക ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ പോലീസ് നടപടി എടുക്കും. പോലീസ് നടപടിയുമായി മുന്നോട്ട് പോകുമ്ബോള്‍ പാര്‍ട്ടി നേതൃത്വം ഇടപെടരുതെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.


അക്രമത്തെ ഭയന്ന് ജനങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഈ അവസ്ഥയ്ക്ക് അറുതി വരുത്താന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും കളക്ടര്‍ പറഞ്ഞു. ഹര്‍ത്താല്‍ ദിനത്തില്‍ അരങ്ങേറിയ പൊതുമുതല്‍ നശിപ്പിക്കല്‍, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം എന്നിവയെ യോഗം അപലപിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K