03 January, 2019 12:45:22 PM


സുപ്രീംകോടതി വിധിയില്‍ തന്ത്രിക്ക് വിയോജിപ്പുണ്ടെങ്കില്‍ സ്ഥാനം ഒഴിഞ്ഞ് പോകണം - മുഖ്യമന്ത്രി



തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രികള്‍ക്കും ദര്‍ശനമനുവദിച്ച സുപ്രീംകോടതി വിധിയില്‍ തന്ത്രിക്ക് വിയോജിപ്പുണ്ടെങ്കില്‍ തന്ത്രി സ്ഥാനം ഒഴിഞ്ഞ് പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി നടപ്പാക്കാൻ തന്ത്രിയും ബാധ്യസ്ഥനാണെന്നും  വിശ്വാസത്തോട് സർക്കാരിന് ഒരു ബഹുമാന കുറവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന അക്രമസംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.


തന്ത്രി, കോടതി വിധിയും ദേവസ്വം മാന്വലും ലംഘിച്ചു. മാത്രമല്ല സുപ്രീംകോടതിയില്‍ ശബരിമല കേസില്‍ കക്ഷി ചേര്‍ന്നയാളാണ് തന്ത്രി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് തന്ത്രി നട അടച്ച് ശുദ്ധികലശം നിശ്ചയിക്കുകയായിരുന്നു. വിധിയോട് താന്ത്രിക്ക് വിയോജിക്കാം. പക്ഷേ അങ്ങിനെയെങ്കില്‍ തന്ത്രി സ്ഥാനം ഒഴിഞ്ഞു പോകണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 


ഭരണഘടനയോട് കൂറ് പുലർത്തുകയാണ് സർക്കാരിന്‍റെ ഉത്തരവാദിത്തം. ക്ഷേത്രം അടക്കണോ തുറക്കണോ എന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതിൽ കേരളത്തിന് നൽകിയത് സമാനതകൾ ഇല്ലാത്ത പാഠമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവതി ദര്‍ശനത്തെ തുടര്‍ന്ന് സംഘപരിവാർ നടത്തിയ അക്രമങ്ങളെ അപലപിക്കാൻ ഒരു കോൺഗ്രസ് നേതാവും തയ്യാറായില്ല. കോടതി വിധിയെക്കാള്‍ പ്രധാനം വിശ്വാസമെന്ന ബിജെപി നിലപാട് ബാബ്‌റി മസ്ജിദ് കേസ് മുന്നിൽ കണ്ടുകൊണ്ടാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.


തന്ത്രിയുടെ തീരുമാനം തെറ്റും കോടതിയലക്ഷ്യവും - ദേവസ്വം കമ്മീഷണര്‍

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ തന്ത്രി കണ്ഠര് രാജീവര് നടയടച്ചത് ദേവസ്വം ബോര്‍ഡുമായി ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു. തന്ത്രിയുടെ തീരുമാനം പ്രഥമദൃഷ്ടിയില്‍ തെറ്റും കോടതിയലക്ഷ്യവുമാണെന്നും ദേവസ്വം ബോര്‍ഡിന് നാളെ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിയോട് വിശദീകരണം ചോദിക്കുന്ന കാര്യത്തില്‍ ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K