19 February, 2016 01:58:36 PM


എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഉപരോധിച്ച് പ്രതികളെ മോചിപ്പിച്ചു

ചേര്‍ത്തല: പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഉപരോധിച്ച് മോചിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലായ യുവാവിന്‍െറ സഹോദരന്‍ സ്റ്റേഷനില്‍ കൈയിലെ ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ചേര്‍ത്തല പോലീസ് സ്റ്റേഷനിലാണ് നാടകീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്.

പള്ളിപ്പുറത്ത് കഴിഞ്ഞദിവസമുണ്ടായ സി.പി.എം - ആര്‍.എസ്.എസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെയാണ് വ്യാഴാഴ്ച വൈകുന്നേരം ചേര്‍ത്തല സ്റ്റേഷനില്‍ എ.എം. ആരിഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഉപരോധം നടത്തി മോചിപ്പിച്ചത്. പള്ളിപ്പുറം സ്വദേശികളായ വൈശാഖ്, മനീഷ്, വിമല്‍, നവീന്‍ എന്നിവരെയാണ് ഉപരോധത്തിനൊടുവില്‍ രാത്രി പൊലീസിന് മോചിപ്പിക്കേണ്ടിവന്നത്. കസ്റ്റഡിയിലായ മനീഷിന്‍െറ സഹോദരന്‍ മഹേഷ് (26) സ്റ്റേഷനിലെത്തി കൈത്തണ്ട മുറിച്ച്  ആത്മഹത്യയ്ക്കൊരുങ്ങിയത്.

ചേര്‍ത്തല ഡിവൈ.എസ്.പി എം. രമേശ് കുമാര്‍ എത്തി ചര്‍ച്ച നടത്തിയശേഷമാണ് പ്രതികളെ മോചിപ്പിച്ചതും മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതും. ചേന്നംപള്ളിപ്പുറത്ത് കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മരിച്ചതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമണത്തിനിരയായിരുന്നു. അന്വേഷണത്തിനത്തെിയ പൊലീസിനെ തടഞ്ഞതിന്‍െറ പേരിലാണ് നാല് സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K