14 August, 2017 08:00:45 AM


പിന്‍വലിക്കാനാളില്ല! ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന അവകാശികളില്ലാത്ത പണത്തില്‍ തിരുവല്ല ഒന്നാമത്

uploads/news/2017/08/136819/thiruvalla.jpg


തിരുവല്ല: അവകാശികളില്ലാതെ ബാങ്കുകളില്‍ പണം കുന്നുകൂടിക്കിടക്കുന്നതില്‍ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലയ്ക്ക് സ്വന്തം. റിസര്‍വ് ബാങ്ക് പുറത്തുവിട്ട പട്ടികയില്‍ 461 കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്. കോടികള്‍ നിക്ഷേപിച്ചശേഷം മരണ മടഞ്ഞവരുടെ അവകാശികളെ അറിയിച്ചിട്ടും പിന്‍വലിക്കാന്‍ എത്താത്തവരുടെ പണവും ഇക്കൂട്ടത്തില്‍പ്പെടും. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന പണം ഏഴു വര്‍ഷം വരെ ബാങ്ക് സൂക്ഷിക്കും.

പിന്നീട് ഈ പണം സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയാണ് ചെയ്യുക. ഇത്തരത്തില്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ കിടക്കുന്ന രൂപയുടെ മൂല്യം ആര്‍.ബി.ഐ പുറത്തു വിട്ടപ്പോഴാണ് തിരുവല്ല ഒന്നാം സ്ഥാനത്തെത്തിയത്. 150 കോടി രൂപയുമായി ഗോവയിലെ പനാജി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് കോട്ടയവും നാലാം സ്ഥാനത്ത് ചിറ്റൂരുമാണ്. കോട്ടയത്ത് 111 കോടിക്കും ചിറ്റൂരില്‍ 98 കോടിക്കും അവകാശികളില്ല. കേരളത്തിന്റെ യൂറോപ്പ് എന്നറിയപ്പെടുന്ന തിരുവല്ലയിലാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ താമസിക്കുന്നത്. അവകാശികളില്ലാത്ത നിക്ഷേപത്തില്‍ 95 ശതമാനവും എന്‍.ആര്‍.ഐ നിക്ഷേപങ്ങളാണ്.

രാജ്യത്ത് ഏറ്റവും അധികം ബാങ്കുകളും ബ്രാഞ്ചുകളുമുള്ള സ്ഥലമാണ് തിരുവല്ല താലൂക്ക്. ഇന്റര്‍നാഷണല്‍ ബാങ്കുകള്‍ മുതല്‍ ചെറുതും വലുതുമായ 50 ലധികം ബാങ്കുകളും അവയുടെ 500 ബ്രാഞ്ചുകളുമാണ് താലൂക്കിലുള്ളത്. ഇന്ത്യയില്‍ മറ്റൊരു സ്ഥലത്തും ഇത്രയധികം ബാങ്ക് ബ്രാഞ്ചുകളില്ല. രണ്ടു മെഡിക്കല്‍ കോളജുകളും എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും ഷോറൂമുകളും ഇവിടെയുണ്ട്. അവകാശികളില്ലാത്ത സ്ഥലങ്ങളും തിരുവല്ലയിലുണ്ട്. അവകാശികളില്ലാത്ത അക്കൗണ്ട് ഉടമകളുടെ ലോക്കറുകള്‍ കൂടി പരിശോധിച്ചാല്‍ കോടിക്കണക്കിനു രൂപയുടെ സ്വര്‍ണവും മറ്റു നിക്ഷേപങ്ങളും കണ്ടെത്താന്‍ കഴിയുമെന്നാണ് റിസര്‍വ് ബാങ്ക് അധികൃതര്‍ കരുതുന്നത്.

ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് അവകാശികളില്ലാതെ വന്നാല്‍ ബന്ധുക്കളുടെ പേരിലാക്കാനുള്ള റിസര്‍വ് ബാങ്കിലെ നിര്‍ദേശം പല ബാങ്കുകളും നടപ്പാക്കുന്നില്ല. നൂലാമാലകള്‍ പറഞ്ഞ് അവകാശ വാദവുമായി വരുന്നവരെ അധികൃതര്‍ പറഞ്ഞു വിടുകയാണു പതിവ്. രാജ്യത്ത് ഇത്തരത്തില്‍ പണം കുമിഞ്ഞു കൂടുന്ന ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ നിക്ഷേപകരിലധികവും കൊള്ളസംഘങ്ങളില്‍പ്പെട്ടവരാണ്. നോമിനികളില്ലാതെ നിക്ഷേപിക്കപ്പെടുന്ന പണം ഇവര്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുകയോ മറ്റോ ചെയ്താല്‍ അവകാശികളില്ലാതാകുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K