ഹവാന: ക്യൂബയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവും മുൻ പ്രസിഡൻറുമായ ഫിദൽ കാസ്ട്രോ (90) അന്തരിച്ചു. പ്രാദേശിക സമയം രാത്രി 10.29 ഒാടെയായിരുന്നു മരണം. സ്റ്റേറ്റ് ടി.വിയാണ് മരണവാർത്ത പുറത്തുവിട്ടത്.
1926 ഓഗസ്റ്റ് 13-നാണ് ഫിദൽ അലക്സാണ്ഡ്റോ കാസ്ട്രോ റുസ് ജനിച്ചത്. 1959-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിദൽ അധികാരത്തിലെത്തി. 1965-ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്ന 1961 മുതൽ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു. ക്യൂബയിൽ കാസ്ട്രോയുടെ ഇച്ഛാശക്തിയിൽ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവൽക്കരിക്കപ്പെട്ടു. ക്യൂബയെ ഒരു പൂർണ്ണ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ കാസ്ട്രോ ശ്രമിച്ചു.
ഹവാന സർവ്വകലാശാലയിൽ നിയമം പഠിക്കുമ്പോഴാണ് കാസ്ട്രോ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ ആകൃഷ്ടനാകുന്നത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലും, കൊളംബിയയിലും നടന്ന സായുധ വിപ്ലവത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന് ക്യൂബയിലെ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ സ്ഥാപിത സർക്കാരിനെ പുറത്താക്കണമെന്ന ആഗ്രഹമുണ്ടായത്. മൊൻകാട ബാരക്സ് ആക്രമണം എന്നറിയപ്പെടുന്ന പരാജയപ്പെട്ട ഒരു വിപ്ലവശ്രമത്തിനുശേഷം കാസ്ട്രോ ജയിലിൽ അടക്കപ്പെട്ടു. ജയിൽ മോചിതനായ കാസ്ട്രോക്ക് സഹോദരൻ റൗൾ കാസ്ട്രോയുമൊത്ത് മെക്സിക്കോയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. അവിടെ വെച്ച് ഫിദൽ, റൗൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു.

ചരിത്രപ്രസിദ്ധമായ ക്യൂബൻ വിപ്ലവത്തിലൂടെ കാസ്ട്രോ, ബാറ്റിസ്റ്റയെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായുള്ള ക്യൂബയുടെ വളർച്ച ഇഷ്ടപ്പെടാതിരുന്ന അമേരിക്ക കാസ്ട്രോയെ പുറത്താക്കാൻ ആവുന്നത്ര ശ്രമിച്ചു. ക്യൂബക്കകത്ത് ആഭ്യന്തരപ്രശ്നങ്ങളുണ്ടാക്കി. രാജ്യത്തിനുമേൽ സാമ്പത്തിക ഉപരോധം നടപ്പിലാക്കി. ഇതിനെയെല്ലാം കാസ്ട്രോ അതിജീവിച്ചു. എന്നാൽ ഇത്തരം ആക്രമണങ്ങൾക്കെതിരെ പിടിച്ചുനിൽക്കുന്നതിന് കാസ്ട്രോ റഷ്യയുമായി സഖ്യമുണ്ടാക്കി. അമേരിക്കക്കെതിരെ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ റഷ്യ ക്യൂബയിൽ മിസൈൽ താവളങ്ങൾ പണിഞ്ഞു, ആയുധങ്ങൾ സ്ഥാപിച്ചു. മറ്റൊരു ലോക മഹായുദ്ധത്തിന്റെ വക്കിലേക്കെത്തിയ ഈ സംഭവം ക്യൂബൻ മിസ്സൈൽ പ്രതിസന്ധി എന്നറിയപ്പെടുന്നു.
1965 ൽ സ്ഥാപിതമായ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി കാസ്ട്രോ സ്ഥാനമേറ്റു. ക്യൂബയെ ഒരു പൂർണ്ണ സോഷ്യലിസ്റ്റു രാജ്യമായി കാസ്ട്രോ പ്രഖ്യാപിച്ചു. മുതലാളിത്തത്തെ തകർക്കാനുള്ള എല്ലാ വിപ്ലവമുന്നേറ്റങ്ങളേയും കാസ്ട്രോ പ്രോത്സാഹിപ്പിച്ചു. സോവിയറ്റ് റഷ്യയുടെ തകർച്ചയെ തുടർന്ന് അമേരിക്കക്കെതിരേ പോരാടാനായി കാസ്ട്രോ പുതിയ സഖ്യങ്ങൾ തേടിത്തുടങ്ങി. ലോകത്താകമാനം അമേരിക്കൻ വിരുദ്ധ രാജ്യങ്ങളുടെ ഒരു സഖ്യം അദ്ദേഹം വിഭാവനം ചെയ്തു. ബൊളീവിയ, ക്യൂബ, ഡൊമനിക്കൻ റിപ്പബ്ലിക്, ഇക്വഡോർ തുടങ്ങിയവയുടെ ഒരു സഖ്യം ഇതിനായി രൂപീകരിച്ചു. ഈ സഖ്യം ബൊളിവേറിയൻ അലയൻസ് ഫോർ ദ അമേരിക്കാസ് എന്നറിയപ്പെടുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ 2006-ൽ ഔദ്യോഗിക പദവികളിൽ നിന്നും ഒഴിഞ്ഞു. അധികാരം പിൻഗാമിയായിരുന്ന സഹോദരൻ റൗൾ കാസ്ട്രോക്ക് കൈമാറി.
പല നിലയ്ക്കും പകരം വെക്കാനില്ലാത്ത ഒരു വ്യക്തിത്വമാണ് ഫിദൽ കാസ്ട്രോയുടേതെന്ന് അദ്ദേഹത്തിന്റെ ആരാധകർ കരുതുന്നു. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെ നായകനായും മനുഷ്യസ്നേഹിയായും അവർ അദ്ദേഹത്തെ പുകഴ്ത്തുന്നു. അതേ സമയം കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയ ഏകാധിപതിയായിരുന്നു അദ്ദേഹമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ക്യൂബൻ വിപ്ലവത്തിനുശേഷം നടന്ന വിചാരണകളും വധശിക്ഷകളും ഇതിനു തെളിവായി ഇവർ ചൂണ്ടിക്കാട്ടുന്നു.