-
തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി. 1966 ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി. അതേ വര്‍ഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.1986-ല്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍ സംഗീതസാന്നിധ്യമായി. 1973 ല്‍ പുറത്തിറങ്ങിയ 'മണിപ്പയല്‍' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോല്‍' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം.1982 ല്‍ തെലുങ്കിലും 2008 ല്‍ ഹിന്ദിയിലും വരവറിയിച്ചു. സിനിമാഗാനങ്ങള്‍ക്ക് പുറമേ ജയചന്ദ്രന്‍ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളില്‍ ഇടംപിടിച്ചവയാണ്.
-
കോട്ടയം: പ്രശസ്ത കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് (എം വി ജോർജ്) അന്തരിച്ചു. 94 വയസ്സായിരുന്നു. രാവിലെ 9.30നായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവല്ല കുമ്പനാട് മാര്‍ത്തോമ ഫെല്ലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗമാണ് ജോര്‍ജ് കുമ്പനാട്. പരേതയായ ജോയമ്മയാണ് ഭാര്യ. നാല് പെണ്‍മക്കള്‍: ഉഷ ചാണ്ടി, സുജ രാജു, ഷേര്‍ളി റോയ്, സ്മിത സുനില്‍. മരുമക്കള്‍: കെ ചാണ്ടി (അച്ചന്‍കുഞ്ഞ്), രാജു പി ജേക്കബ്, റോയ് എബ്രഹാം, സുനില്‍ എം മാത്യു. സംസ്‌കാരം പിന്നീട്.മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഉപ്പായി മാപ്ല എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൃഷ്ടിച്ചത് ജോർജ് കുമ്പനാടാണ്. കേരള ധ്വനിയിൽ ജോർജ് വരച്ച ഈ കാർട്ടൂൺ കാരക്ടറിനെ പിന്നീട് ടോംസ്, മന്ത്രി , കെ എസ് രാജൻ തുടങ്ങിയ കാർട്ടൂണിസ്റ്റുകൾ തങ്ങളുടെ, ബോബനും മോളിയും, പാച്ചുവും കോവാലനും, ലാലു ലീല തുടങ്ങിയ കാർട്ടൂൺ പംക്തികളിൽ ഉപയോഗിച്ചിരുന്നു.
-
മംഗലൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുൻ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു. 64 വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൊല്ലൂർ ക്ഷേത്രത്തിൽ 20 വര്‍ഷം തന്ത്രിയും മുഖ്യ അര്‍ച്ചകനുമായിരുന്നു. സംസ്‌കാരം ഇന്നലെ രാത്രിയോടെ സൗപര്‍ണിക നദീതീരത്തെ ശ്മശാനത്തില്‍ നടന്നു. ഇപ്പോഴത്തെ തന്ത്രിയും മുഖ്യ അര്‍ച്ചകനുമായ നിത്യാനന്ദ അഡിഗ മകനാണ്.
-
വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. 100 വയസായിരുന്നു. ജോര്‍ജിയയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത് പ്രസിഡന്റാണ്. ഡെമോക്രാറ്റുകാരനായ ജിമ്മി കാര്‍ട്ടര്‍ 1977 മുതല്‍ 1981 വരെയാണ് യുഎസ് പ്രസിഡന്റായിരുന്നത്.1978 ല്‍ ജിമ്മി കാര്‍ട്ടര്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 100 വയസ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ജിമ്മി കാര്‍ട്ടര്‍. കാന്‍സറിനെ അതിജീവിച്ച ജിമ്മി കാര്‍ട്ടര്‍ കഴിഞ്ഞ യുഎസ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. പ്രസിഡന്റ് പദവി ഒഴിഞ്ഞശേഷം മനുഷ്യാവകാശ പ്രവര്‍ത്തകനായും തെരഞ്ഞെടുപ്പ് നിരീക്ഷകനായും പ്രവര്‍ത്തിച്ചു.ജനാധിപത്യം വളര്‍ത്താനും മനുഷ്യാവകാശം ഉറപ്പുവരുത്താനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2002ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ജിമ്മി കാര്‍ട്ടര്‍ക്ക് സമ്മാനിച്ചിരുന്നു. എഞ്ചിനീയറിങ് ഉപരിപഠനത്തിന് ശേഷം ജോര്‍ജിയ ഗവര്‍ണറായിട്ടാണ് കാര്‍ട്ടര്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 77 വര്‍ഷം ജീവിതപങ്കാളിയായിരുന്ന റോസലിന്‍ കഴിഞ്ഞ നവംബറില്‍ 96ാം വയസ്സിലാണ് അന്തരിച്ചത്.
-
കോഴിക്കോട് : മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരമായ എം.ടി വാസുദേവൻ നായർ വിട പറഞ്ഞു. 91 വയസ്സായിരുന്നു. മലയാള സാഹിത്യത്തിനും, ചലച്ചിത്ര ലോകത്തിനും നിർലോഭ സംഭവനകൾ നൽകിയ അപൂർവ പ്രതിഭാശാലി കൂടിയാണ് മായുന്നത്. ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയോളമായി അദ്ദേഹം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ.തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലി. അദ്ധ്യാപകൻ, പത്രാധിപൻ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം ,കേരള നിയമസഭ പുരസ്കാരം മുതലായ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.ഒരു ഘട്ടത്തിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണിച്ചെങ്കിലും രാത്രിയോടെ വീണ്ടും വഷളവുകയായിരുന്നു.വിദഗ്ധ വൈദ്യസംഘം അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടെടുക്കുവാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ കുറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണ്.ഒരുമാസം മുന്‍പ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്നും ആരോഗ്യനില വഷളായിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്ന് ന്യൂമോണിയ മാറി ആശുപത്രി വിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന എംടി വീട്ടില്‍ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
-
മലപ്പുറം: മദ്ദളവാദ്യ കുലപതിയും കലാമണ്ഡലം റിട്ട പ്രിൻസിപ്പലുമായ മാണിക്യപുരം പുഷ്പകത്ത് നാരായണൻ നമ്പീശൻ അന്തരിച്ചു. 83 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു സമീപം താമസിച്ചു പോന്ന നാരായണൻ നമ്പീശന്റെ അന്ത്യം. മഞ്ചേരി കരിക്കാട് പൂഴിക്കുന്നത്ത് പുഷ്പകത്ത് ശാന്താ ദേവി ബ്രാഹ്മണിയാണ് ഭാര്യ.മക്കൾ രമണി (യുഡിസി തെക്കുംകര പഞ്ചായത്ത്), ഡോ ശ്രീദേവി (സംഗീതജ്ഞ), രമ (ഡെപ്യൂട്ടി തഹസിൽദാർ, തിരൂർ). കെഎസ്എസ്പിയു അങ്ങാടിപ്പുറം യൂണിറ്റ് അംഗമായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തിൽ നടക്കും.
-
മൂന്നാര്‍: വിനയന്‍ സംവിധാനം ചെയത അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ അഭിനയിച്ച ശിവന്‍ മൂന്നാര്‍ അന്തരിച്ചു. 45കാരനായ ശിവന്‍ മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശിയാണ്. സംവിധായകന്‍ വിനയനാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.അത്ഭുദ്വീപില്‍ പ്രധാന വേഷത്തിലെത്തിയ ഗിന്നസ് പക്രുവും ശിവന് ആദരാഞ്ജലി അര്‍പ്പിച്ചു. അത്ഭുതദ്വീപില്‍ എനിക്കൊപ്പം നല്ല കഥാപാത്രം ചെയ്ത ശിവന്‍ മൂന്നാര്‍ ..വിട പറഞ്ഞു... പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍- എന്നാണ് താരം കുറിച്ചത്.അത്ഭുത ദ്വീപ് കൂടാതെ നിരവധി തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: രാജി. മക്കള്‍: സൂര്യദേവ്, സൂര്യകൃഷ്ണ. സുടല- സെല്‍വി ദമ്പതികളുടെ മകനാണു ശിവന്‍. പൊതുപരിപാടികളുടെ അനൗണ്‍സറായിരുന്നു.
-
ന്യൂഡല്‍ഹി: ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ അധ്യക്ഷനുമായ ഓം പ്രകാശ് ചൗതാല അന്തരിച്ചു. 89 വയസ്സായിരുന്നു. ഗുരുഗ്രാമിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ മകനാണ്. 1935 ലാണ് ഓം പ്രകാശ് ചൗതാലയുടെ ജനനം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ചൗതാലയെ കോടതി ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒമ്പതര വര്‍ഷത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. 2020 ലാണ് ചൗതാലയെ ജയില്‍ മോചിതനാക്കുന്നത്. രാഷ്ട്രീയ നേതാക്കളായ അഭയ് ചൗതാല, അജയ് ചൗതാല എന്നിവര്‍ മക്കളാണ്. ഓം പ്രകാശ് ചൗതാലയുടെ ചെറുമകന്‍ ദുഷ്യന്ത് ചൗതാല ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു.
-
തൃശൂർ: ആകാശവാണി തൃശൂർ പ്രോഗ്രാം മേധാവി എം ബാലകൃഷ്ണൻ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയമാഘാതതെ തുടർന്ന് പുലർച്ചെ രണ്ടിനാണ് മരണം സംഭവിച്ചത്.ഒറ്റപ്പാലം കണ്ണിയംപുറത്ത് ജെകെ നഗറിൽ തെക്കും പുറത്തെ വീട്ടിൽ പരേതനായ രാമകുമാറിന്റേയും സ്വർണ്ണ കുമാരിയുടേയും മകനാണ്.90 കളിൽ ആകാശവാണിയിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നരീതിയിൽ പ്രോഗ്രാമുകൾ കൊണ്ടുവന്നത് എം ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ ജനങ്ങളെക്കൊണ്ട് നേരിട്ടു പറയിപ്പിക്കുന്ന രീതിയിൽ വ്യത്യസ്തമായ കാഴ്ചപ്പാട് ആകാശവാണിയിൽ കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു. പിആർഡി ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച സുലഭ ഭാര്യയാണ്.
-
മംഗളുരൂ പത്മശ്രീ നൽകി രാജ്യം ആദരിച്ച പരിസ്ഥിതി പ്രവർത്തക തുളസി ഗൗഡ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഉത്തരകന്നഡ ജില്ലയിലെ ഹൊന്നാലിയിലെ വീട്ടിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഹലക്കി ഗോത്രവിഭാഗത്തിൽ നിന്നുള്ള തുളസി ഗൗഡ ഒരു ലക്ഷത്തോളം മരങ്ങൾ നട്ടുവളർത്തി. "കാടിന്റെ എൻസൈക്ലോപീഡിയ' എന്നും "മരങ്ങളുടെ അമ്മ' എന്നും വിശേഷിപ്പിക്കപ്പെട്ട തുളസി ഗൗഡയ്ക്ക് പരിസ്ഥിതി മേഖലയിലെ സംഭാവനകൾക്ക് 2020ലാണ് പത്മശ്രീ ലഭിച്ചത്.ഔപചാരിക വിദ്യാഭ്യാസം നേടിയില്ലെങ്കിലും കാട്ടിലെ എല്ലാ ഇനം വൃക്ഷങ്ങളുടെയും മാതൃവൃക്ഷം തിരിച്ചറിയാനുള്ള കഴിവും വിത്തുകൾ ശേഖരിക്കുന്നതിലും മാതൃവൃക്ഷത്തിൽ നിന്ന് വിത്ത് വേർതിരിച്ചെടുക്കുന്നതിലും പ്രാഗൽഭ്യമുണ്ടായിരുന്നു. കാടിനെക്കുറിച്ചുള്ള അറിവും വനസംരക്ഷണപ്രവർത്തനങ്ങളും കണക്കിലെടുത്ത് കർണാടക വനംവകുപ്പ് ജോലി നൽകി. ഇന്ദിരപ്രിയദർശിനി വൃക്ഷമിത്ര അവാർഡും ലഭിച്ചിട്ടുണ്ട്.ആറ് പതിറ്റാണ്ടിലേറെക്കാലം പരിസ്ഥിതി സംരക്ഷണത്തിനായി വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് തുളസി ഗൗഡ. ഈ കാലയളവില്‍ നാല്‍പതിനായിരത്തിലധികം വൃക്ഷത്തൈകള്‍ തുളസി നട്ടുവളര്‍ത്തി. കാടിനെക്കുറിച്ചും വിവിധയിനം സസ്യങ്ങളെക്കുറിച്ചുമുള്ള അഗാധമായ അറിവുകള്‍ തുളസി മറ്റുള്ളവരിലേക്ക് പകര്‍ന്നുനല്‍കിയിരുന്നു. ചെടികള്‍ വളരാന്‍ എടുക്കുന്ന സമയം, ആവശ്യമായ വെള്ളത്തിന്റെ അളവ്, അനുയോജ്യമായ കാലാവസ്ഥ എന്നിങ്ങനെ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവ് തുളസിക്കുണ്ടായിരുന്നു.
-
ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കുറേക്കാലമായി വ്യക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ബാലചന്ദ്രകുമാർ.രണ്ട് വ്യക്കകളും തകരാറിലായതോടെ ഡയാലിസിസ് ചെയ്താണ് ബാലചന്ദ്രകുമാർ മുന്നോട്ട് പോയിരുന്നത്. തുടർച്ചയായ ഹൃദയാഘാതവും സംഭവിച്ചിരുന്നു. രണ്ട് വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാർ സുമനസ്സുകളുടെ സഹായത്തോടെ ചികിത്സയിലായിരുന്നു. ഇതിനിടയിൽ ഹൃദയാഘാതം സംഭവിച്ചതോടെ അദ്ദേഹത്തിൻ്റെ നില ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തലച്ചോറിലെ അണുബാധയും ബാലചന്ദ്രകുമാറിൻ്റെ ആരോഗ്യസ്ഥിതി ഗുരുതരമാക്കി.
-
മൂവാറ്റുപുഴ : തെക്കൻകോട് രശ്മി ഭവനിൽ (മംഗലത്ത് ത്രിവേണി) റിട്ട എ ഇ ഓ എം രവീന്ദ്രൻ നായർ (85) അന്തരിച്ചു. ഭാര്യ അരിക്കുഴ മുരുക്കുംപിള്ളിൽ പത്മാവതി അമ്മ ( റിട്ട. ടീച്ചർ). മക്കൾ : രശ്മി രാജീവ് ( സിംഗപ്പൂർ), അഡ്വ രഞ്ജിത്ത്, രതീഷ് ( ഉണ്ണി യു എസ് എ) മരുമക്കൾ : രാജീവ് ( പ്രസിഡന്റ് ബാറ്റ സിംഗപ്പൂർ ), ഡോ ബിന്ദു (ശ്രീരംഗ് ശക്തിനഗർ, ഏറ്റുമാനൂർ ), പ്രജി (യു എസ് എ). സംസ്കാരം ഡിസംബർ 13 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
-
ബംഗളൂരു: മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന്പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. മഹാരാഷ്ട്ര ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന മുന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ് എം കൃഷ്ണ. 1999- 2004 കാലഘട്ടത്തിലാണ് കര്‍ണാടക മുഖ്യമന്ത്രിയായിരുന്നത്. മൂന്നു തവണ ലോക്‌സഭാംഗം , രണ്ട് തവണ രാജ്യസഭാംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.1980 മുതല്‍ 1984 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന കൃഷ്ണ 1984-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് നിയമസഭയിലെത്തിയ കൃഷ്ണ 1989 മുതല്‍ 1993 വരെ നിയമസഭ സ്പീക്കറും 1993-1994 കാലഘട്ടത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു. 1992ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വീരപ്പ മൊയ്‌ലിയാണ് മുഖ്യമന്ത്രിയായത്.1994ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1996 മുതല്‍ 1999 വരെ രാജ്യസഭാംഗമായിരുന്ന കൃഷ്ണ 1999 മുതല്‍ 2000 വരെ കര്‍ണാടക പിസിസി പ്രസിഡന്റായിരുന്നു. 1999ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 1999-ല്‍ രാജ്യസഭാംഗത്വം രാജിവച്ച് മദ്ദൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി.2004-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ചാമരാജ്‌പേട്ട മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി എങ്കിലും 2004ല്‍ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിക്കപ്പെട്ടതോടെ നിയമസഭാംഗത്വം രാജിവച്ചു.2008ല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ കൃഷ്ണ 2008 മുതല്‍ 2014 വരെ രാജ്യസഭാംഗമായും 2009 മുതല്‍ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.2017 ജനുവരി 30ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവച്ചു കോണ്‍ഗ്രസ് വിട്ടു. 2017 മാര്‍ച്ച് 22ന് ബിജെപിയില്‍ ചേര്‍ന്നു.
-
കോട്ടയം: കോടിമത തെക്കേമള്ളൂർ വീട്ടിൽ റ്റി. സുരേഷ് ബാബു (73) അന്തരിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് 4ന് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ. കോട്ടയം വീൽസ് റസ്റ്റോറന്റ്, കൺസൽട്ട് ഇൻ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉടമയാണ്. ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യനാണ്. ഭാര്യ ശോഭ സുരേഷ് മാന്നാനം മനയ്ക്കപ്പറമ്പിൽ കുടുംബാംഗമാണ്. മകൾ : അപർണ സുരേഷ് (യു എസ്), മരുമകൻ പ്രദീപ്കുമാർ (യുഎസ്).
-
ഏറ്റുമാനൂര്‍ : ശക്തിനഗര്‍ ശ്രീരംഗില്‍ (SRA - 42, എം.സി.റോഡ്) കെ.എസ്.ഈ.ബി റിട്ട. അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ കെ.ജി. ശാന്തകുമാരി (81) അന്തരിച്ചു. പരേത ഉഴവൂർ കൂരിക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ് ഓതറ മന്നത്തു പൊയ്കയിൽ കെ എൻ ഗോപാലകൃഷ്ണൻ നായർ (കെഎസ്ഇബി റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ). മക്കൾ: ബിജുകുമാർ (യു എസ് എ), ഡോ ബിന്ദു. മരുമക്കൾ: നിഷിത, അഡ്വ. രഞ്ജിത്ത്. സംസ്കാരം നാളെ (വ്യാഴം) 2 മണിക്ക് വീട്ടുവളപ്പില്‍.
-
തൃശൂര്‍: സാഹിത്യ നിരൂപകനും അധ്യാപകനുമായിരുന്ന എംആര്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തില്‍ ഇന്നുപുലര്‍ച്ചെ 1.15ന് ഹൃദയാഘാതം മൂലമാണ് മരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിവിധ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷം രണ്ടുദിവസം മുന്‍പാണ് ഇവിടെ പ്രവേശിപ്പിച്ചത്.തൃശൂര്‍ പോട്ടോരിലായിരുന്നു ജനനം. തൃശൂര്‍ വിവേകോദയം ബോയ്‌സ് സ്‌കൂള്‍, കേരളവര്‍മ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ശ്രദ്ധേയനായ നിരൂപകനായിരുന്നു എംആര്‍സി. അന്‍പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. നിരൂപണത്തില്‍ കേരള സാഹിത്യ ആക്കാദമി അവാര്‍ഡും വിവര്‍ത്തനത്തിന് എംഎന്‍ സത്യാര്‍ഥി പുരസ്‌കാരവും നേടിയിട്ടുണ്ട്.അക്കാദമിയുടെ ജനറല്‍ കൗണ്‍സിലിലും നിര്‍വാഹകസമിതിയിലും അംഗമായിരുന്നു, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ്, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ എന്നിവയിലും അംഗമായിരുന്നു. മുണ്ടശേരിയുടെ നവജീവന്‍, മാതൃഭൂമി ദിനപത്രം തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കൊടകര നാഷണല്‍ ഹൈസ്‌കൂളിലും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലും അധ്യാപകനായിരുന്നു. പയ്യന്നൂര്‍ കോളജില്‍ നിന്നാണ് വിരമിച്ചത്. എകെപിസിടിഎ നേതാവായിരുന്നു. ഭാര്യ പരേതയായ വിജയകുമാരി.
-
കോട്ടയം: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും കോട്ടയം നഗരസഭാ മുൻ കൗൺസിലറും, ദേശാഭിമാനി ആലപ്പുഴ യൂണിറ്റ് ന്യൂസ് എഡിറ്റർ ലെനി ജോസഫിൻ്റെ പിതാവുമായ വേളൂർ പുതിയാത്തു മാലിയിൽ പി റ്റി ജോസഫ് (തമ്പിച്ചേട്ടൻ - 89 ) അന്തരിച്ചു. മൃതദേഹം നാളെ 5 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം വ്യാഴാഴ്ച 12 ന് പാണംപടി സെൻ്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.ഭാര്യ : കുമരകം മാറിയിടത്ത് കുടുംബാഗം മറിയാമ്മ . മറ്റ് മക്കൾ: ആനി ( നിമിഷ പ്രിൻ്റേഴ്സ്) ലെയ(എസ്പിസിഎസ്) സൂസൻ (യു കെ ) . മരുമക്കൾ: തിരുവനന്തപുരം കവടിയാർ ഹലൈനിൽ ബിനു, കിളിരൂർ കറുകച്ചേരിൽ സജി, വെച്ചൂച്ചിറ പുത്തൻപുരയിൽ മാത്യു. ബിനു ( അസി. പ്രഫസർ , ഐ എച്ച് ആർഡി, പുതുപ്പള്ളി)ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന പി റ്റി ജോസഫ് നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ട തമ്പിച്ചേട്ടനായിരുന്നു.വിപ്ലവഗാന ഗായകനെന്ന നിലയിൽ സുപരിചിതനായിരുന്നു അദ്ദേഹം. കോട്ടയം ഭാസി , വി ആർ രാമൻകുട്ടി, വി ആർ കുമാരൻ തുടങ്ങിയ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചു. സ്വരാജ് സമരം , ട്രാൻസ്പോർട്ട് സമരംഎന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. സിഐടി യു ജില്ലാ കമ്മിറ്റി അംഗവും കോട്ടയം ജില്ലാ പ്രസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സെകട്ടറിയുമായിരുന്നു.കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം കേരളഭൂഷണം - മനോരാജ്യം പ്രസിദ്ധീകരണങ്ങളിൽ ചീഫ് പ്രൂഫ് റീഡറായി പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം കാരാപ്പുഴ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായ അദ്ദേഹം സിപിഐ (എം) തിരുവാതുക്കൽ ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
-
പ്രമുഖ ബാഡ്മിന്റൻ പരീശിലകൻ ബാലഗോപാലൻ തമ്പി അന്തരിച്ചു. കേരളത്തിലെ ആദ്യകാല ഷട്ടിൽ ബാഡ്മിന്റൺ പരിശീലകനായ ബാലഗോപാലൻ തമ്പി (90) അന്തരിച്ചു. അരുമന അമ്മവീട് അംഗമാണ്.ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികവു തെളിയിച്ച ഒട്ടേറെ താരങ്ങൾ ബാലഗോപാലൻ തമ്പിയുടെ കളരിയിൽ കളിച്ചു വളർന്നവരാണ്. ദ്രോണാചാര്യ അവാർഡ് ജേതാവായ വിമൽ കുമാർ, അർജ്ജുന അവാർഡ് ജേതാവ് ജോർജ് തോമസ് എന്നിവർ ആ പട്ടികയിലെ പ്രമുഖരാണ്. കേരളാ സ്‌പോർട്‌സ് കൗൺസിലിൽ ദീർഘകാലം പരിശീലകനായിരുന്ന അദ്ദേഹം അവിടെ നിന്നു വിരമിച്ച ശേഷം റീജ്യണൽ സ്‌പോർട്‌സ് സെന്ററിന്റെ ഭാഗമായി. ബാലഗോപാലൻ തമ്പിയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 8 മണിയോടെ സഹോദരിയുടെ വീടായ ഊളമ്പാറ റോസ് മൗണ്ടിൽ കൊണ്ടുവരും. സംസ്‌കാരം രാവിലെ 11.30ന് ശാന്തികവാടത്തിൽ.
-
പാലക്കാട്: ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം, കൂമൻ, വെയ്ൻ തുടങ്ങിയ സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പത്തോളം ഷോർട്ട് ഫിലിമുകളുടെ നിർമാതാവുമാണ്.പത്ത് കല്‍പനകള്‍, പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.കൊച്ചി ഇൻഫോ പാർക്കിൽ 'വൈ' എൻ്റർപ്രൈസസ് ഒ സോഫ്റ്റ്‌വെയർ കമ്പനി & നടത്തിയിരുന്നു. ഭാര്യ: ചങ്ങനാശേരി പെരുന്ന ഗീതത്തിൽ ഗീത. മകൾ: വൈഗ. കോയമ്പത്തൂരില്‍ നിന്നുള്ള യാത്രയ്ക്കിടെ കെഎസ്‌ആര്‍ടിസി ബസില്‍ പാലക്കാട് വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ബസിൽ തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
-
കോട്ടയം: കോൺഗ്രസ് കോട്ടയം പുതുപ്പള്ളി ബ്ലോക്ക് സെക്രട്ടറി വെള്ളൂർ ചിരട്ടേപ്പറമ്പിൽ അഡ്വ. ഷൈജു സി ഫിലിപ്പ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 44 വയസായിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് വീട്ടിൽ കൊണ്ടുവരും. തുടർന്ന് സംസ്കാരം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ സെൻ്റ്.മേരീസ് ചാപ്പൽ സെമിത്തേരിയിൽ നടക്കും. ഭാര്യ: അസി.പ്രൊഫ. അഡ്വ. സിമി ജോണ്‍. (കുട്ടിക്കാനം മരിയൻ കോളേജ് അധ്യാപിക). ഏകമകന്‍: യുവാന്‍ ഷൈജു ഫിലിപ്പ് (5-ാം ക്ലാസ് വിദ്യാർത്ഥി, സെൻ്റ് ജൂഡ് ഗ്ലോബൽ സ്കൂൾ, മണർകാട്)ഹൈക്കോടതി അഭിഭാഷകനാണ്. വെള്ളൂര്‍ സെന്റ് തോമസ് പള്ളി ട്രസ്റ്റിയായ ഷൈജു യാക്കോബായ സുറിയാനി സഭ മാനേജിംഗ് കമ്മിറ്റി അംഗം, യൂത്ത് അസോസിയേഷന്‍ കോട്ടയം ഭദ്രാസന സെക്രട്ടി, അഖില മലങ്കര വൈസ്പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മണർകാട് സെൻ്റ്. മേരീസ് കോളേജ് കെ എസ് യു ചെയർമാൻ, ഡിഐസി വിദ്യാര്‍ഥി സംഘടന ജില്ലാ പ്രസിഡൻ്റ, യൂത്ത്ഫ്രണ്ട് ജേക്കബ് സംസ്ഥാനപ്രസിഡന്റ് എന്നി നിലകളിലും പ്രവര്‍ത്തിച്ചു.
-
പാലാ: പാലാ കടപ്പാട്ടൂർ മാളിയേക്കൽ ഗോപാലൻ (79) അന്തരിച്ചു. ഭാര്യ: അമ്മുക്കുട്ടി ഇളകുളം കൊച്ചു കിഴക്കേതിൽ കുടുംബാംഗം. മക്കൾ: ബാബു, മധു, ഹരി, മനോജ്. മരുമക്കൾ: ഗീത, സിന്ധു, ലാലി, നിഷ. സംസ്കാരം ഞായറാഴ്ച (24/11/2024) രാവിലെ ഒൻപതിന് പാലാ മുൻസിപ്പൽ പൊതു ശ്മാശനത്തിൽ.
-
പാലക്കാട്: അഞ്ജന ശിലയില്‍ ആദിപരാശക്തി അമ്മേ കുമാരനല്ലൂരമ്മേ.. എന്ന പ്രശസ്തമായ ഒറ്റ ഗാനം കൊണ്ട് കോട്ടയത്തെ ഭക്തമനസ്സ് കീഴടക്കിയ എ.വി വാസുദേവൻ പോറ്റി അന്തരിച്ചു. ഇന്നുച്ചകഴിഞ്ഞ് 2.10ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തപസ്യ കലാസാഹിത്യ വേദി പാലക്കാട് ജില്ലാ പ്രസിഡന്റും റിട്ടയേർഡ് റെയില്‍വേ ഉദ്യോഗസ്ഥനുമായിരുന്നു. നിരവധി ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഗണപതി ഭഗവാനേ നമാമി ഗണപതി ഭഗവാനേ..,നിൻ ദിവ്യ നാമമതെന്നും ചോറ്റാനിക്കര അമ്മേ..,പാടുന്നുഞാനിന്നും കാടാമ്ബുഴയിലെത്തി..,വിശ്വമോഹിനി ജഗദംബികേ ദേവി..,മൂകാംബികേ ദേവി മൂകാംബികേ.. തുടങ്ങിവ അദ്ദേഹം രചിച്ച മറ്റ് പ്രശസ്ത ഗാനങ്ങളാണ്.
-
തിരുവല്ല: തിരുവല്ല നഗരസഭ മുൻ കൗണ്‍സിലറും മാർത്തോമ്മാ യുവജനസഖ്യം മുൻ കേന്ദ്ര ട്രഷററുമായ ബിജു ലങ്കാഗിരി( ജോൺ ജോർജ്ജ്) അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തിരുവല്ല എസ് സി എസ് ജംഗ്ഷനിലെ അദ്ദേഹത്തിൻ്റെ ഓഫീസില്‍ വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കേരള അഡ്വടൈസിംഗ് ഏജന്‍സീസ് (കെ3എ) മുൻ ഭാരവാഹിയായിരുന്നു.
-
ഏറ്റുമാനൂർ : തെള്ളകം കുന്നത്ത് ഷാജി സിറിയക് അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ : ഗ്രേസി ഷാജി, മക്കൾ : ശില്പ, ഷിന്റു
-
ഏറ്റുമാനൂർ : ശക്തിനഗർ കോണിക്കൽ ചാക്കോ കെ വി (കുഞ്ഞുമോൻ - 70) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 3ന് ഏറ്റുമാനൂർ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ (ശാന്തിതീരം).
-
തൃശൂർ: എഴുത്തുകാരിയും വിവർത്തകയുമായ സരസ്വതി എസ് വാരിയർ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച പകൽ മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ. പൂങ്കുന്നം വാരിയം ലെയ്നിൽ നിർമല നിവാസിലാണ് താമസം. പാലക്കാട് ജില്ലയിലെ കോതച്ചിറ ആത്രശ്ശേരി വാര്യത്ത് 1926-ലാണ് ജനനം.കാഞ്ചി കാമകോടിപീഠത്തിലെ പരമാചാര്യരായിരുന്ന ചന്ദ്രശേഖരേന്ദ്രസരസ്വതി സ്വാമികളുടെ അരുൾമൊഴികൾ തമിഴിൽ നിന്ന് വിവർത്തനം ചെയ്തു. അദ്ദേഹത്തിന്റെ വേദമതം (ഭാരതത്തിലെ ചതുർദശവിദ്യകൾ), ഷൾപദീസ്തോത്രവ്യാഖ്യാനം, ശ്രീഗുരുഭ്യോ നമഃ, കാമാക്ഷീദേവി, ശ്രീശങ്കരാചാര്യചരിതം, അദ്വൈതസിദ്ധാന്തം, അദ്വൈതസാധന എന്നിവ പ്രസിദ്ധീകരിച്ചവയിൽ ഉൾപ്പെടുന്നു. വേദമതം, സൗന്ദര്യലഹരി എന്നിവയുടെ വിവർത്തനം പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്യർ സമാജത്തിന്റെ എൻ വി കൃഷ്ണവാര്യർ പുരസ്‌കാരവും ഗുരുവായൂർ നിഷ്കാമകർമയോഗി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.ഭർത്താവ്: പരേതനായ ചാലപ്പുറത്ത് ശങ്കരവാര്യർ. മക്കൾ: പരേതനായ എ വി ഗോപാലകൃഷ്ണ വാര്യർ, മിനി പ്രഭാകരൻ (റിട്ട: ധനലക്ഷ്മി ബാങ്ക്), രാജി രാജൻ (ആലുവ), എ വി ഹരിശങ്കർ (ബാലരമ എഡിറ്റർ ഇൻ- ചാർജ്), പരേതയായ അനിത. മരുമക്കൾ: ഗിരിജ, പരേതനായ എൻ എം പ്രഭാകരൻ, ടി വി രാജൻ, ഡോ. ജ്യോത്സ്ന കാവ്. സംസ്കാരം ഇന്ന് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
-
ഏറ്റുമാനൂർ: കാളേചുവട്ടിൽ കെ എൻ മോഹൻ (ആർ കെ പ്രസ് - 90) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക്. ഭാര്യ: പരേതയായ ഭാനുമതിയമ്മ, മക്കൾ: എം ജയചന്ദ്രൻ, ജ്യോതി ലക്ഷ്മി, ഹരികൃഷ്ണൻ, മരുമക്കൾ: ലക്ഷ്മി, ഹരിദാസ്, പാർവതി
-
മരങ്ങാട്ടുപിള്ളി: ഗണിത-കമ്പ്യൂട്ടർ സാങ്കേതികശാസ്ത്ര വിദഗ്‌ധനും സാഹിത്യകാരനുമായ മരങ്ങാട്ടുപിള്ളി പാലാക്കാട്ടുമല മൂത്തേടത്തില്ലത്ത് ഡോ. ശങ്കരൻ ത്രിവിക്രമൻ നമ്പൂതിരി (92) അന്തരിച്ചു. അമേരിക്കയിലായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടുമുമ്പ് അമേരിക്കയിലെത്തിയ അദ്ദേഹം ഡാലസിനടുത്ത് മെക്കിനിയിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. കുറച്ചുനാളുകളായി വിശ്രമജീവിതത്തിലായിരുന്നു.ശങ്കരൻ നമ്പൂതിരിയുടെയും ഗംഗാദേവി അന്തർജനത്തിന്റെയും മകനാണ് ത്രിവിക്രമൻ നമ്പൂതിരി. അച്ഛനിൽനിന്ന് സംസ്കൃതവും കുറിച്ചിത്താനം ശ്രീകൃഷ്ണവിലാസം പ്രൈമറി സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും നേടിയ അദ്ദേഹം പാലാ സെയ്ന്റ് തോമസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലാണ് ഉപരിപഠനം നടത്തിയത്. കാലടി ശ്രീ ശങ്കരാചാര്യ കോളേജിലും കോഴിക്കോട് ഫാറൂഖ് കോളേജിലും അധ്യാപകനായിരുന്നു.1963-ൽ അമേരിക്കയിലെത്തി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, വിസ്കോൻസെൻ യൂണിവേഴ്സിറ്റി, ഇല്ലിനോയ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്ന് പിഎച്ച്ഡിയും കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദവും നേടി. പിന്നീട് അവിടെയല്ലാം അധ്യാപകനായി.1974-ൽ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിന്റെ ട്രെയിലർ ക്യാംപസിൽ എത്തി. അവിടെ മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് മേധാവിയായി.ഭാര്യ: യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന സരസ്വതി അന്തർജനം. മക്കൾ: ഡോ. മായ, ഇന്ദു (കെമിക്കൽ എൻജിനീയർ). മരുമകൻ: വിജയ് ശരദേഷ് പാണ്ഡേ. സംസ്കാരം അമേരിക്കയിൽ നടക്കും.
-
കോട്ടയം: ബാവൻസ് ഗ്രൂപ്പ് ഫൗണ്ടർ ചെയർമാൻ കോട്ടയം താഴത്തങ്ങാടി പുളിക്കൽ ജേക്കബ് ചെറിയാൻ (ജെ സി ബാവൻ) അന്തരിച്ചു. 93 വയസായിരുന്നു. മൃതശരീരം ശനിയാഴ്ച രാവിലെ 9 ന് വീട്ടിൽ എത്തിക്കും. ഉച്ചക്ക് 1.30നു വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം സംസ്കാരം കോട്ടയം സി എസ് ഐ കത്തീഡ്രലിൽ. കളർ ഫോട്ടോഗ്രാഫി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് ജെ സി ബാവൻ ആണ്. ഫോട്ടോഗ്രാഫി രംഗത്ത് അസംസ്കൃത വസ്തുക്കൾക്ക് കടുത്ത ക്ഷാമം നേരിട്ടിരുന്ന കാലത്തു വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത് ഉപയോഗിച്ചാണ് ഇദ്ദേഹം ഈ മേഖലയിലെ ഒന്നാമനായത്. ഫോട്ടോ സ്റ്റുഡിയോകൾക്ക് പുറമേ ബാവൻസ് ബിൽഡേഴ്സ് & ഡവലപേഴ്സ്, വസ്ത്ര വ്യാപാര ശാലയായ തരംഗ സിൽക്സ് എന്നിവയുടെയും ഫൗണ്ടർ ചെയർമാനാണ്. ദി സൗത്ത് ഇന്ത്യൻ ഫോട്ടോഗ്രാഫിക് ട്രേഡ് & അലേയ്ഡ് അസോസിയേഷൻ എന്ന സംഘടനയുടെ സൗത്ത് ഇന്ത്യൻ പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.
-
കോട്ടയം: കോട്ടയം നഗരസഭ 32-ാം വാർഡ് മുൻ കൗൺസിലറും , കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്റുമായ സുരേഷ് ബാബു പെരുതുരുത്തിയിൽ അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11 മണിക്ക്
-
വയലാ: ആമ്പശേരിൽ എം. പി. അമ്മിണിക്കുട്ടിയമ്മ (82) അന്തരിച്ചു. വയല ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപികയും വയല മമ്പള്ളിൽ കുടുംബാംഗവുമാണ്. ഭർത്താവ്: പരേതനായ എ. കെ. നാരായണൻ നായർ (റിട്ട. സ്റ്റേഷൻ മാനേജർ സതേൺ റയിൽവേ). മക്കൾ: അരുൺ, അജിത് (എച്ച് എസ് എസ് കൂത്താട്ടുകുളം) മരുമക്കൾ: സരിത ( കൃഷ്ണവിലാസ് മേമ്മുറി), ആശ (പാണതറ കിടങ്ങൂർ). സംസ്കാരം നാളെ (ബുധൻ) 2 ന് വീട്ടുവളപ്പിൽ.
-
കൊച്ചി: സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് എം എം ലോറന്സ് (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്ഘകാലമായി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സിപിഎമ്മിനെ വളര്ത്തുന്നതില് മുഖ്യ പങ്കുവഹിച്ച നേതാക്കളില് ഒരാളാണ് എംഎം ലോറന്സ്.2015 മുതല്‍ പാര്ട്ടി സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി തുടരുന്ന എം എം ലോറന്സ് കേന്ദ്രക്കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്വീനര്, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില് നിന്നുള്ള ലോക്‌സഭാംഗം എന്നി നിലകളില്‍ ദീര്ഘകാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.എറണാകുളം മുളവുകാട് മാടമാക്കല് അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ് 15ന് ജനനം. എറണാകുളം സെന്റ് ആല്ബര്ട്ട്സ് സ്‌കൂള്‍, മുനവുറല് ഇസ്ലാം സ്‌കൂള്‍ എന്നിവിടങ്ങളില് നിന്ന് വിദ്യാഭ്യാസം പൂര്ത്തിയാക്കിയ ലോറന്സ് പത്താം തരം വരെയെ പഠനം നടത്തിയുള്ളൂ. 1946ല്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടിയില് അംഗമായതോടെ പഠനം ഉപേക്ഷിച്ചു.
-
തൃശൂര്‍: പ്രശസ്ത ചരിത്രകാരന് വേലായുധന് പണിക്കശ്ശേരി അന്തരിച്ചു.90 വയസായിരുന്നു. കേരളചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങള്, കേരളചരിത്രം, സിന്ധുനദീതടസംസ്കാരവും പ്രാചീനഭാരതത്തിലെ സര്വകലാശാലകളും, കേരളോല്പ്പത്തി, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില് തുടങ്ങിയ അനേകം ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്.1934 മാര്‍ച്ച് 30-നാണ് പണിക്കശ്ശേരി ജനിച്ചത്. മലബാര്‍ ലോക്കല് ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂര് ബ്രാഞ്ച് ലൈബ്രറിയില് 1956-ല്‍ ലൈബ്രേറിയനായി ജോലിയില് പ്രവേശിച്ച വേലായുധന് പണിക്കശ്ശേരി 1991-ല്‍ അവിടെ നിന്ന് തന്നെ വിരമിച്ചു. നിരവധി പുരസ്കാരങ്ങള്ക്ക് അര്ഹനായിട്ടുണ്ട്. കേരള സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂര് ദീനദയാല് ട്രസ്റ്റ് ചെയര്മാനും സരസ്വതി വിദ്യാനികേതന് സെന്ട്രല് സ്‌കൂള്‍ മാനേജരുമാണ്. ഭാര്യ: റിട്ട. അധ്യാപിക വി.കെ. ലീല. മക്കള്‍: ചിന്ത, ഡോ. ഷാജി. വീണ. സംസ്കാരം ശനിയാഴ്ച.
-
ബംഗളൂരു: തെന്നിന്ത്യൻ ചലച്ചിത്ര നടി എ ശകുന്തള (84) അന്തരിച്ചു. ഇന്നലെ വൈകിട്ട് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മലയാളം, തമിഴ്, കന്നഡ, തെലുഗു ഭാഷകളിലായി അറുനൂറോളംസിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിഐഡി ശകുന്തള എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1960ൽ കൈതി കണ്ണായിരം സിനിമയിൽ നർത്തകിയായാണ് ആദ്യമായി അഭിനയിച്ചത്. 1998ൽ പുറത്തിറങ്ങിയ പൊൻമാനേയ് തേടിയാണ് അവസാന സിനിമ. 1965ൽ പ്രേംനസീറിനൊപ്പം കുപ്പിവള എന്ന സിനിമയിലൂടെ മലയാളത്തിലും എത്തി. കൊച്ചിൻ എക്സ്പ്രസ്, നീലപൊൻമാൻ, തച്ചോളി അമ്പു, ആവേശം തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു. സിഐഡി ശകുന്തള, തവപുതലവൻ, നേതാജി, നാൻ വണങ്ങും ദൈവം, കൈ കൊടുത്ത ദൈവം, വസന്ത മല്ലികൈ, ഇദയവീണേ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ. നിരവധി തമിഴ് ടെലിവിഷൻ പരിപാടികളിലും തിളങ്ങി. തമിഴ്നാട് സേലം സ്വദേശിനിയാണ്.
-
തൃശ്ശൂർ: സംവിധായകനും പ്രശസ്ത നാടക നടനുമായ സോബി സൂര്യഗ്രാമം (54) അന്തരിച്ചു. തൃശ്ശൂർ ചൂണ്ടൽ പയ്യൂർ കണ്ണംഞ്ചേരി ഭാസ്കരൻ–ജാനകി ദമ്പതികളുടെ മകനാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അർബുദ ചികിത്സക്കായി കഴിയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കേരള പ്രവാസിസംഘം ചൂണ്ടൽ പഞ്ചായത്ത് കമ്മിറ്റി അംഗവും നാടക് സംസ്ഥാന കമ്മിറ്റിയംഗവുമായ സോബി സൂര്യഗ്രാമത്തിന് 1992, 94, 96 വർഷങ്ങളിൽ സംസ്ഥാന അമേച്വർ നാടക പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.1992 ൽ ഇർഷാദ് അലിയെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത കാക്കാലൻ എന്ന നാടകത്തിലൂടെ ശ്രദ്ധേയനായി. 1994 ൽ സക്കീർ ഹുസൈൻ്റെ മ്യൂസിക് ഓഫ് ഡെസേർട്ടിനൊരുക്കിയ രംഗഭാഷ്യം അന്താരാഷ്ട്ര പ്രശംസ നേടി. അയനസ്കോയുടെ കാണ്ടാമൃഗം, കണ്ണൂർ മയ്യിൽ നാടകക്കൂട്ടത്തിനു വേണ്ടി ഒരുക്കിയ 'ഇരുൾവഴിയിലെ കനൽ നക്ഷത്രം' എന്നിവയും ശ്രദ്ധേയമായി. സൈലൻസ് എന്ന നാടകം അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് വിടവാങ്ങൽ. യുഎഇയിലും കേരളത്തിലുമായി നാൽപ്പതോളം നാടകങ്ങളും നിരവധി തെരുവ് അവതരണങ്ങളും ഒരുക്കിയിട്ടുണ്ട്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ തൃശൂർ മെഡിക്കൽ കോളേജിന് കൈമാറും. ഭാര്യ: സ്മിത. മകൻ: അമൻ ഭാസ്.
-
കോട്ടയം: സിനിമാ- നാടക ഗാനരചയിതാവ് പ്രകാശ് മാരാർ അന്തരിച്ചു. 54 വയസ്സായിരുന്നു. ചെങ്ങന്നൂരിൽ പുതിയ സിനിമയുടെ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോഴിക്കോട് ബാലുശേരി സ്വദേശിയാണ്.ചെമ്പട , ഒഡീസ ,സ്റ്റേഷൻ 5, വീണ്ടും കള്ളൻ, കനൽ, അയാൾ ഞാനല്ല, നെല്ലിക്ക, തുടങ്ങിയ സിനിമകളിൽ ഗാനരചയിതാവായിരുന്നു. നാടകങ്ങളിലും ആല്ബങ്ങളിലും നിരവധി പാട്ടുകളെഴുതിയിട്ടുണ്ട്. ചെങ്ങന്നൂരിൽ ബിജു സി കണ്ണന്റെ 'സൂത്രപ്പണി' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പ്രകാശ് മാരാർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.സ്റ്റേഷൻ 5 എന്ന സിനിമയിൽ ദേശീയ അവാർഡ് ജേതാവ് നഞ്ചമ്മ പാടിയ കേലേ കേല കുംഭ എന്ന പാട്ടിൽ ഗോത്രഭാഷയ്ക്ക് അനുസൃതമായ മലയാളം വരികൾ എഴുതിയത് പ്രകാശ് മാരാരായിരുന്നു. വിനോദ് കോവൂരും നഞ്ചമ്മയും ചേർന്ന് പാടിയ ഈ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒട്ടേറെ നാടൻ പാട്ടുകളും രചിച്ചിട്ടുണ്ട്.
-
കൊച്ചി: പ്രശസ്ത ശിൽപ്പിയും സഹസംവിധായകനുമായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുട്ബോൾ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്‌സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനാണ്.അങ്കമാലി കേന്ദ്രീകരിച്ച് ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് കലാപരിശീലനം നടത്തി വരുകയായിരുന്നു. തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കി. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എംഎഫ്എയും നേടി.കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഒരേസമയം ക്യാംപസിൽ ഉണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശിൽപം അനിലാണ് നിർമ്മിച്ചത്. ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് നൽകണമെന്ന അനിലിന്റെ ആഗ്രഹം അനുസരിച്ച് പ്രവർത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
-
കൊച്ചി: സംവിധായകന്‍ മോഹന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. എഴുപതുകള് മുതല്‍ മലയാള സിനിമയില് സജീവമായിരുന്ന മോഹന് അവസാനം സംവിധാനം ചെയ്ത ചിത്രം 2005 ല്‍ ഇറങ്ങിയ ദ കാമ്പസാണ്. ആരോഗ്യപരമായ പ്രശ്നങ്ങളാല് കുറച്ചുകാലമായി ചികില്സയിലായിരുന്നു.പക്ഷെ, ശാലിനി എന്റെ കൂട്ടുകാരി, ഇസബെല്ല, അങ്ങനെയൊരു അവധിക്കാലത്ത് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മോഹന്. എം കൃഷ്ണന് നായര്, ഹരിഹരന് തുടങ്ങിയവരുടെ സഹായി എന്ന നിലയ്ക്കാണ് മോഹന് സിനിമ രംഗത്ത് തുടക്കം കുറിച്ചത്. ഇരിങ്ങാലക്കുടക്കാരനായ മോഹന് ചെറുപ്പത്തിലെ സിനിമയോടുള്ള താല്പ്പര്യത്താല് മദ്രാസില് എത്തുകയായിരുന്നു.1978 ല്‍ പുറത്തിറങ്ങിയ വാടകവീടായിരുന്നു മോഹന്റെ ആദ്യ ചിത്രം. പിന്നീട് ജോൺപോളും പത്മരാജനുമായി ചേര്ന്ന് ഇദ്ദേഹം ഒരുക്കിയ ചിത്രങ്ങള്‍ എല്ലാം സാമ്പത്തികമായും കലപാരമായും വിജയങ്ങള് നേടിയവയായിരുന്നു. 'രണ്ടു പെൺകുട്ടികൾ' എന്ന മോഹന്റെ ആദ്യകാല സിനിമയിലെ നായികയായ അനുപമയാണ് ജീവിതസഖി. പുരന്ദർ, ഉപേന്ദർ എന്നിവർ മക്കളാണ്.മലയാളസിനിമയിലെ സുവർണ്ണ കാലമായ എണ്പതുകളിലെ മുൻ നിര സംവിധായകനായി അദ്ദേഹത്തെ കണക്കാക്കുന്നു. പ്രണയമായിരുന്നു പലപ്പോഴും മോഹന്റെ ചിത്രങ്ങളുടെ പ്രധാന പ്രമേയമായി മാറിയത്. ഒപ്പം തന്നെ മോഹന് ചിത്രങ്ങളിലെ ഗാനങ്ങളും എന്നും ശ്രദ്ധേയമായിരുന്നു.
-
മണർകാട്: മുതിർന്ന മാധ്യമപ്രവർത്തകൻ മണർകാട് മാത്യു (89)അന്തരിച്ചു. മലയാള മനോരമ മുൻ പത്രാധിപസമിതി അംഗമായിരുന്നു. വനിത മുൻ എഡിറ്റർ ഇൻ ചാർജ്, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മണർകാട് സെന്റ് മേരീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വൈകിട്ട് അഞ്ചിന് മണർകാട് കുന്നേൽ തറവാട് വീട്ടിലെത്തിക്കും. സംസ്കാരം ബുധനാഴ്ച 12ന് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടക്കും.
-
തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടർന്ന് നടൻ നിർമൽ ബെന്നി അന്തരിച്ചു. ഇന്ന് പുലർച്ചെയോടെയാണ് മരണം. നിർമാതാവ് സഞ്ജയ് പടിയൂർ ഫേസ്ബുക്കിലൂടെയാണ് മരണവിവരം അറിയിച്ചിരിക്കുന്നത്."പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട…. ആമേനിലെ കൊച്ചച്ചൻ എന്റെ ദൂരം സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു … ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയാണ് മരണം…..പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു"- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ആമേൻ' എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ ആളാണ് നിർമൽ. ചിത്രത്തിൽ കൊച്ചച്ചനായിട്ടായിരുന്നു എത്തിയത്. 2012ൽ പുറത്തിറങ്ങിയ 'നവാഗതർക്ക് സ്വാഗതം' എന്ന ചിത്രത്തിലൂടെയാണ് നിർമൽ വെള്ളിത്തിരയിൽ എത്തിയത്. തുടർന്ന് ആമേൻ, ദൂരം അടക്കം അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു. യൂട്യൂബ് വീഡിയോകളിലും ശ്രദ്ധേയനായി.