26 April, 2023 12:39:23 PM


താരങ്ങളുടെ മയക്കുമരുന്ന് ഉപയോ​ഗം; വിവരങ്ങൾ തന്നാൽ അന്വേഷിക്കും - മന്ത്രി സജി ചെറിയാൻ



തിരുവനന്തപുരം: ചലച്ചിത്ര താരങ്ങളുടെ മയക്കുമരുന്ന് ഉപയോ​ഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു. 

നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. അതുവെച്ചാണ് നിലപാട് എടുത്തിരിക്കുന്നത്. വിലക്ക് മുന്നോട്ട് പോകട്ടെ, എന്നിട്ട് നോക്കാമെന്നും മന്ത്രി പറഞ്ഞു. 

ആരെങ്കിലും മയക്കുമരുന്ന് ഉപയോ​ഗിക്കുന്നുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല. അവർക്കതിനെ സംബന്ധിച്ചിടത്തോളം വ്യക്തത ഉണ്ടെങ്കിൽ അവർ പേരു വിവരങ്ങൾ തന്നാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. സർക്കാർ പരിശോധിക്കും. അങ്ങനെ ഉണ്ടെങ്കിൽ അന്വേഷണം നടത്തുമെന്നും നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. 

എല്ലാ മേഖലയിലും കൂട്ടായ്മകളും സംഘടനകളും ഉള്ളത് അവരവരുടെ പ്രശ്നങ്ങളിൽ ഇടപെടാനാണ്. അതിൽ നിൽക്കുമ്പോൾ അതിൻ്റേതായ നിയമം അനുസരിക്കണം. അതിന് വിധേയമായി പ്രവർത്തിക്കാത്തവരെ അവർ പുറത്താക്കും. അതിന് എന്ത് ചെയ്യാൻ കഴിയും, നിയമത്തിന് വിധേയമായി പ്രവർത്തിക്കണം.നാല് ദിവസം മുൻപ് ഈ വിഷയങ്ങൾ ഇവർ തന്നോട് ഉന്നയിച്ചിരുന്നു.‌ അവരുടെ പഠനങ്ങൾക്കും പരിശോധനകൾക്കും ശേഷം ആകാം നടപടിയെന്നും മന്ത്രി പറഞ്ഞു. 

സിനിമാ മേഖലയിലെ മയക്കു മരുന്ന് പ്രവണത മുൻപ് ഇല്ലാത്തതാണെന്നും വിവരങ്ങൾ നൽകിയാൽ അന്വേഷിച്ച് നടപടിയെടുക്കും. ലഹരി ഉപയോ​ഗം ഞെട്ടിക്കുന്നതാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ സിനിമാ പ്രവർത്തകരുടെ കോൺക്ലേവ് നടത്തുമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K