19 February, 2023 09:40:22 PM
ഭിക്ഷക്കാരനായെത്തി ഭാര്യയെ കൊല്ലാൻ ശ്രമം; കോളേജ് പ്രൊഫസർക്കെതിരെ കേസ്
ചെന്നൈ: സർക്കാർ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസർ ഭാര്യയെ കൊല്ലാനായി ഭിക്ഷക്കാരനായി എത്തി. ബ്ലേഡ് കൊണ്ട് ആക്രമിച്ച് ഇയാൾ ഭാര്യയെ ഗുരുതരമായി പരിക്കേൽപ്പിച്ചു. തന്നേക്കാൾ 18 വയസ് കുറവുള്ള ഭാര്യയിൽ ഉണ്ടായ സംശയമാണ് കൊലപാതകശ്രമത്തിന് കാരണം. നന്ദനം ആർട്സ് കോളേജിലെ ചരിത്ര വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറായ എം കുമാരസ്വാമി (56)യാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ഭിക്ഷക്കാരനായി എത്തി ഭാര്യയെ ആക്രമിച്ചത്.
ഇദ്ദേഹത്തിന്‍റെ ഭാര്യ ജയവാണി ഒരു സ്വകാര്യ എഞ്ചിനിയറിങ് കോളേജിലാണ് ജോലി ചെയ്യുന്നത്. എഗ്മോറിലാണ് ഇവർ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് എംടിസി ബസിൽ എഗ്മോർ സ്റ്റാൻഡിൽ ഇറങ്ങി വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു ജയവാണി. ഈ സമയം മുഖംമറച്ച ഭിക്ഷക്കാരന്‍റെ വേഷത്തിൽ കുമാരസ്വാമി ജയവാണിയുടെ അരികിലെത്തി. പെട്ടെന്ന് പ്രകോപനം കൂടാതെ ഇയാൾ കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ജയവാണിയുടെ മുഖത്ത് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ജയവാണി കൈകൊണ്ടു തടഞ്ഞു.
ഇരുവരും തമ്മിൽ പിടിവലി ഉണ്ടായതോടെ മുഖംമറിച്ചിരുന്ന തുണി അഴിഞ്ഞുവീഴുകയും ചെയ്തു. തന്നെ ആക്രമിച്ചത് ഭർത്താവാണെന്ന് മനസിലാക്കിയതോടെ ജയവാണി ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഇവരുടെ പിന്നാലെ ഓടിയെത്തിയ കുമാരസ്വാമി ഭാര്യയെ പലതവണ മർദ്ദിച്ചു. സമീപത്തുണ്ടായിരുന്നവർ ഓടിക്കൂടിയതോടെ ഇയാൾ അവിടെനിന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ജയവാണി പൊലീസിൽ പരാതി നൽകി. കുമാരസ്വാമിയ്ക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.