28 June, 2017 09:11:41 PM


പാതയോരത്തെ പാട്ടുകാരിക്കിത് ഈശ്വരസമര്‍പ്പണ൦; സമൂഹത്തിനു മാതൃകയും



പ്രിയ സുമേഷ്. പാതയോരത്തെ പാട്ടുകാരി! മനുഷ്യമനസ്സില്‍ സ്നേഹവും കാരുണ്യവും ഇനിയും വറ്റിയിട്ടില്ലെന്നു പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് ഈ പാട്ടുകാരി. അച്ഛന്‍ മനോഹരമായി പാടുമായിരുന്നു എന്നതൊഴിച്ചാല്‍ മറ്റു കാരണങ്ങള്‍ ഒന്നും തന്നെയില്ല പ്രിയയെ ഗായികയാക്കാന്‍. തന്നിലൊരു ഗായികയുണ്ടെന്ന് അറിഞ്ഞിട്ടും സംഗീതാഭ്യസനത്തിനു മുതിര്‍ന്നതുമില്ല.


ശാസ്ത്രീയമായി പഠിക്കുകയും ചാനലുകളിലും മറ്റു മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുകയും ചെയ്യുക പ്രിയയുടെ ചിന്തകളില്‍പ്പോലുമില്ലായിരുന്നു. എന്നാല്‍ താനറിയാതെ തന്നില്‍ സാന്ദ്രമായ സംഗീതത്തെ മനുഷ്യനന്മയ്ക്ക് ഉപകാരപ്പെടുത്തുക എന്ന മഹത്തായ മനുഷ്യത്വപരമായ കാര്യമാണ് ഇപ്പോള്‍ പ്രിയ ചെയ്തുകൊണ്ടിരിക്കുന്നത്. പാതയോരത്തെ പാട്ടുകാരിയായത്‌ സ്വന്തം കുടുംബം നോക്കാനല്ല. നിര്‍ധനരായവരുടെ പിഞ്ചോമനകളുടെ ചികിത്സയ്ക്ക് ധനം സമാഹരിക്കാനാണ്. ഈശ്വരന്‍  കനിഞ്ഞു നല്‍കിയ സിദ്ധി ഈശ്വരനു പ്രിയമുള്ളവര്‍ക്ക്  വേണ്ടി നല്‍കുകയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇത് പ്രിയുടെ ഈശ്വരസമര്‍പ്പണമാണ്‌. എല്ലാവിധ പിന്തുണയുമായി ഭര്‍ത്താവ് സുമേഷ് കൂടെയുണ്ട്.



പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി തെരുവില്‍ "ആടിവാ കാറ്റേ..." എന്ന പാട്ട് പ്രിയ പാടിയത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കോഴിക്കോട് സ്വദേശിനിയായ പ്രിയ വിവാഹതതിനുശേഷം ഭര്‍ത്താവ് സുമേഷിനൊപ്പം ഇപ്പോള്‍ എറണാകുളം എളമക്കരയിലാണ് താമസം. തലച്ചോറിനെ ബാധിച്ച പിറ്റ്യൂറ്ററി അഡിനോമാ എന്ന അസുഖത്തെ തുടര്‍ന്ന് താന്‍ അനുഭവിച്ച വേദനകളാണ് പാവപ്പെട്ട രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ കൂടിയുള്ളതാവണം ജീവിതം എന്ന തീരുമാനത്തില്‍  തന്നെ എത്തിച്ചതെന്ന് പ്രിയ പറയുന്നു.


ഒരു വര്‍ഷമേ ആകുന്നുള്ളു പ്രിയ തെരുവില്‍ പാടി തുടങ്ങിയിട്ട്. റോഡിലൂടെ നടന്നു പോകുമ്പോള്‍ പാവപ്പെട്ട രോഗികള്‍ക്കായി പാട്ടുപാടുന്ന ഗായകസംഘങ്ങളോട് താനും ഒരു പാട്ട് പാടിക്കോട്ടെ എന്നു ചോദിച്ച്കൊണ്ടായിരുന്നു പ്രിയയുടെ തുടക്കം. പ്രതിഫലേച്ഛയില്ലാതെ ഇങ്ങനെ പലയിടത്തും പാടി. അവസാനം സുമേഷുമായി ആലോചിച്ച് പ്രിയ നേരിട്ട് തെരുവിലിറങ്ങി.


തന്‍റെ ഗുരുസ്ഥാനത്ത് കാണുന്ന സംഗീതജ്ഞനും എഞ്ചിനീയറുമായ കലൂര്‍ സ്വദേശി അജിത് വിശ്വനാഥന്‍റെ പ്രേരണയും പ്രിയയ്ക്ക് ബലമേകി. ഈ പ്രോഗ്രാമിന് സ്വരമഞ്ജരി എന്ന പേരും ഇദ്ദേഹമാണിട്ടത്. ഭര്‍തൃസഹോദരിയായ സംഗീതാദ്ധ്യാപിക ജിജി പ്രിയയുടെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കാന്‍ എല്ലാവിധ പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്. സുമേഷും ഇപ്പോള്‍ പ്രിയയോടൊപ്പം പാടുന്നുണ്ട്. 



ആലപ്പുഴ ഹരിപ്പാട് സുകേശന്‍ - അനുരാധ ദമ്പതികളുടെ ഒന്നര വയസുള്ള മകള്‍ പ്രാര്‍ത്ഥനയ്ക്കു വേണ്ടിയാണ് പ്രിയ ആദ്യം തെരുവില്‍ പാടിയത്. തലച്ചോറില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അസുഖമായിരുന്നു കുട്ടിക്ക്. രണ്ട് മാസം കൊണ്ട് പാടി ലഭിച്ച  രണ്ടര ലക്ഷം രൂപ ഈ കുട്ടിയുടെ ചികിത്സാ ചെലവിന് നല്‍കാനായി. പിന്നീട് കിഡ്നി സംബന്ധമായ രോഗം ബാധിച്ച ആലുവ സ്വദേശി അനീഷിനും കണ്ണിന്‍റെ കാഴ്ചശക്തി നഷ്ടപ്പെട്ട എരമല്ലൂര്‍  സ്വദേശി റോബിനും സഹായധനം എത്തിച്ചതും തെരുവില്‍ പാട്ടുപാടി തന്നെ. 


കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഷിനു-സരിത ദമ്പതികളുടെ ഒരു വയസുള്ള മകള്‍ പാര്‍വ്വതിക്കും പാട്ട് പാടി സഹായമെത്തിച്ചു. ലിവറും കിഡ്നിയും ഒരേ സമയം മാറ്റിവെക്കേണ്ടി വന്ന കുട്ടിയുടെ ചികിത്സാചെലവ് ആസ്റ്റര്‍ മെഡ‍ിസിറ്റി ഏറ്റെടുത്തതോടെ പാര്‍വ്വതിക്കുവേണ്ടി പാടുന്നത് നിര്‍ത്തി. കാഞ്ഞിരപ്പള്ളി സ്വദേശി രതീഷ് - ലത ദമ്പതികളുടെ ഒരു വയസുള്ള മകള്‍ അനന്യമോള്‍ക്കും കാക്കനാട് സ്വദേശി പ്രദീഷ് - ഹരിത ദമ്പതികളുടെ അഞ്ച് മാസം മാത്രം പ്രായമുള്ള മകന്‍ വൈജിത്ദേവിനും വേണ്ടിയാണ് ഇപ്പോള്‍ പ്രിയ പാടുന്നത്. അനന്യയ്ക്ക് ലിവറിലും വൈജിതിന് മജ്ജയിലും കാന്‍സറാണ്. 



ഗായികയായ പ്രിയ 'എന്‍റെ ചോറ്റാനിക്കര അമ്മ', 'എന്‍റെ പ്രണയതൂലിക', 'ഒണം പൊന്നോണം' എന്നീ ആല്‍ബങ്ങളിലും 'ഇതു തോറ്റു പോയവന്‍റെ കഥ' എന്ന ഷോര്‍ട്ട് ഫിലിമിലും ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന 'കുന്തം' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പട്ടുറുമ്മാല്‍ എന്ന ആല്‍ബത്തില്‍ പാടി അഭിനയിക്കുകയും ചെയ്തു. 


പാതവക്കില്‍ നമ്മള്‍ പലപ്പോഴും കേള്‍ക്കുന്ന അശിക്ഷിതമായ പാട്ടുപോലെയല്ല. സംഗീതമഭ്യസിച്ചിട്ടില്ലെങ്കിലും നല്ലൊരു പ്രഫഷണല്‍ ഗായികയുടെ നിലവാരമുണ്ട് പ്രിയയുടെ പാട്ടിന്. ശബ്ദം വിറ്റു ജീവിക്കുന്ന ഗായകരുടെ ഇടയില്‍ മറ്റുള്ളവര്‍ക്കു വേണ്ടി ശബ്ദം വില്‍ക്കുന്ന പ്രിയയുടെ നിസ്വാര്‍ഥതയ്ക്ക് സമൂഹം വലിയ തോതിലുള്ള പ്രചാരവും പിന്തുണയുമാണ് നല്‍കേണ്ടത്.


- ഹരിയേറ്റുമാനൂര്






 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.4K