25 June, 2017 11:54:33 AM


തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ റോഡില്‍ കനത്ത വെളളക്കെട്ട്




പന്തളം: തുമ്പമണ്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡിലെ കോയിക്കോണത്ത്പടി-ചക്കിട്ടടത്തുപടി റോഡ് തകര്‍ന്നു.  കാല്‍നട യാത്ര പോലും അസാദ്ധ്യമായനിലയിലാണ് ഈ റോഡിന്‍റെ ഇപ്പോഴത്തെ സ്ഥിതി. വെള്ളമൊഴുകിപ്പോകാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ റോഡിലുടനീളം കനത്ത വെളളക്കെട്ടാണ്. വെളളം കെട്ടിനിന്ന് ദുഷിച്ച് ദുര്‍ഗന്ധം വമിക്കുന്നതും പെരുകിയിരിക്കുന്ന കൊതുകുകളുടെ ശല്യവും മാരകമായ പകര്‍ച്ചവ്യാധിഭീഷണിയും ഇവിടെ നിലനില്ക്കുന്നു.

രണ്ട് കിലോമീറ്റര്‍ നീളമുള്ള റോഡിന്‍റെ കോയിക്കോണത്തു പടി മുതലുള്ള മുക്കാല്‍ കിലോമീറ്ററോളമാണ് ഈ വിധത്തില്‍ തകര്‍ന്നിരിക്കുന്നത്. പഞ്ചായത്തിലെ മറ്റുപ്രദേശങ്ങളില്‍ പലവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും അധികൃതര്‍ ഈ റോഡു കണ്ടില്ലെന്നമട്ടാണ്. മൂന്ന് വര്‍ഷം മുമ്പുതന്നെ വികസനരേഖയില്‍ ഉള്‍പ്പെടുത്തിയെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെയായി പദ്ധതിയിലുള്‍പ്പെടുത്താത്തതാണ് റോഡിന്‍റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണം.

പദ്ധതി നിര്‍വ്വഹണത്തിന് അവാര്‍ഡു ലഭിച്ചതും ഐഎസ്ഒ നിലവാരവുമുള്ളതാണ് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്‍റും വാര്‍ഡ് മെമ്പറും ഇതുവഴി യാത്രചെയ്ത് തങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി അടിയന്തിര പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാര്‍ ഒപ്പുശേഖരണം നടത്തി പഞ്ചായത്ത് പ്രസിഡന്റിന് സമര്‍പ്പിച്ചു കാത്തിരിക്കുകയാണ്. നടപടിയുണ്ടായില്ലെങ്കില്‍ പഞ്ചായത്തിന് മുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്താനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
 



Share this News Now:
  • Google+
Like(s): 103