20 June, 2017 04:59:15 PM


പ്രതിപക്ഷ ഐക്യത്തെ തകർക്കുന്ന ബിജെപിയുടെ 'രാഷ്ട്രപതിബോംബ്




ഏറെക്കാലം നീണ്ടു നിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ബി ജെ പി അവരുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. നിലവിൽ  ബീഹാർ ഗവർണറായ രാംനാഥ്‌ കോവിന്ദ്. 

അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ വിരുതും ബിരുദവുമുള്ള മാധ്യമപ്രവർത്തകരെ അക്ഷരാർത്ഥത്തിൽ ഈ പ്രഖ്യാപനം ഞെട്ടിച്ചു കളഞ്ഞു. കമ്മ്യുണിസ്റ് പാർട്ടികളുടെ പോലും രഹസ്യതീരുമാനങ്ങൾ പരസ്യമാകുന്ന കാലത്ത് രാഷ്ട്രപതിക്കാര്യത്തിൽ രഹസ്യ സ്വഭാവം നിലനിർത്തുന്നതിൽ ബി ജെ പി വിജയിച്ചിരിക്കുന്നു എന്ന് കരുതാം.

ദലിതരിൽതന്നെ വളരെ പിന്നോക്കമായ കോലി സമുദായത്തിൽനിന്നാണ് പുതിയ രാഷ്ട്രപതി. ഈ സമുദായത്തിൽ അധികംപേരും പാവപ്പെട്ട നെയ്ത്ത് തൊഴിലാളികളാണ്. ഉത്തർപ്രദേശിലെ പരൗ൦ഖ് ഗ്രാമത്തിലാണ് 1945 ൽ രാംനാഥ്‌ ജനിച്ചത്. കർഷകനായ മൈക്കുലാൽ അച്ഛനും കലാവതി അമ്മയുമാണ്. കാൺപൂർ യൂണിവാഴ്സിറ്റിയിൽ നിന്നു കൊമേഴ്‌സിൽ ബിരുദവും എൽ എൽ ബിയും നേടി. പിന്നീട് ദില്ലിയിൽ എത്തി  മൂന്നാം തവണ ശ്രമിച്ചപ്പോൾ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചു. പക്ഷേ, അഡ്വക്കേറ്റ് ആയി പ്രവർത്തിക്കുവാനായിരുന്നു തീരുമാനം.

ദില്ലി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ അഡ്വക്കേറ്റും (1977 - 79)  സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസലു൦ (1980-93) ആയിരുന്നു. രണ്ടു തവണ (1994, 2000) ഉത്തർപ്രദേശിൽ നിന്നു രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അഖിലേന്ത്യാ കോലി സമാജത്തിന്റെയും ബി ജെ പി ദളിത് മോർച്ചയുടെയും അധ്യക്ഷനായിരുന്നു. ബിജെ പി യുടെ ഔദ്യോഗിക വക്താവുമായിരുന്നു. 2015 മുതൽ ബിഹാർ ഗവർണ്ണറായി  സേവനമനുഷ്ഠിക്കുന്നു.
സാമൂഹികമായും വിദ്യാഭ്യാസപരമായും നിയമപരമായും സംഘടനാപരമായുമൊക്കെ ഒരു നല്ല രാഷ്ട്രപതിക്കുവേണ്ട ഗുണങ്ങൾ രാംനാഥ് കോവിന്ദിനുണ്ട്. സിവിൽ സർവീസ് പരീക്ഷാവിജയവും അഡ്വക്കേറ്റ് എന്ന നിലയിലുള്ള പ്രവർത്തനമികവുമൊക്കെ അവശ്യം വേണ്ട യോഗ്യതകൾ തന്നെയാണ്. 

ആകെക്കൂടി രണ്ടു ന്യുനതകളേ പ്രതിപക്ഷത്തിന് ചൂണ്ടിക്കാട്ടാനുള്ളൂ. ഒന്ന് അദ്ദേഹം ബി ജി പിക്കാരനായിരുന്നു എന്നതാണ്. എന്നാൽ അവർ ആരോപിക്കും വിധം ഒരു ആർ എസ്സ് എസ്സ് കാരനല്ല എന്നാണു മനസ്സിലാക്കുന്നത്. ആറെസ്സെസ്സ് കാർക്ക് താൽപ്പര്യമുള്ളൊരാൾ എന്നേയുള്ളൂ. രണ്ടാമത്തെ ന്യുനത ക്രൈസ്തവരും മുസ്ലീമുകളും ഈ രാജ്യത്തിന് അന്യരാണെന്ന ഒരു പ്രസ്താവനയാണ്. ബി ജെ പി യുടെ വക്താവായിരുന്ന കാലത്താണ് അങ്ങനെയൊരു പ്രസ്താവമുണ്ടായത്. ഏതു സാഹചര്യത്തിലാണോ സന്ദർഭത്തിനനുസരിച്ചു നടത്തിയതാണോ എന്നൊന്നും വ്യക്തമല്ല. ഏതായാലും അത്തരമൊരു പ്രസ്താവന പിന്നീട് ആവർത്തിച്ചു കേൾക്കാത്ത സ്ഥിതിക്ക് അത് കാര്യമാക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. 

കടുത്ത ആറെസ്സെസ്സുകാർ ഗവർണ്ണർ പദവിയിൽ ഇരുന്നിട്ടുണ്ട്. അപ്പോഴൊന്നും അവരാരും അത്തരം പ്രസ്താവനകൾ നടത്തിയതായി കാണുന്നില്ല. അതിനാൽ ഇപ്പോൾ ഗവർണ്ണറായിരിക്കുന്ന രാംനാഥ്‌  രാഷ്ട്രപതിയായാലും ആ സ്ഥാനത്തിന്റെ മഹിമ നിലനിർത്തുമെന്നുതന്നെ കരുതാം. അതാണ് ഇന്ത്യൻ ഭരണഘടനയുടെ കരുത്തും.

അബ്ദുൽ കലാം സ്വീകാര്യനാണ് എങ്കിലും ബി ജെ പി യുടെ  സ്ഥാനാർത്ഥിയായതിനാൽ ക്യാപ്റ്റൻ ലക്ഷ്മിയെ നിർത്തി എതിർത്ത ഇടതുപക്ഷത്തിന്റെ നിലപാട് ഇക്കുറിയും ആവർത്തിച്ചേക്കാം. അതെല്ലാം ചരിത്രപരമായ വിഡ്ഢിത്തങ്ങളായി പിൽക്കാലത്തു രേഖപ്പെടും എന്നുകൂടി കരുതാം..ഏതായാലും കടുത്ത വൈരികളായ മമതയെയും അവരുടെ പാർട്ടിയേയും അനുനയിപ്പിക്കാനായി ഗോപാൽകൃഷ്ണഗാന്ധിയെ പൊക്കിപ്പിടിച്ചുകൊണ്ടു നടന്ന അടവുനയം പൊളിഞ്ഞിരിക്കുന്നു. സവർണ്ണരുടെ പാർട്ടിയെന്ന് ആരോപണമുള്ള ബി ജെ പി ക്കെതിരെ സർവ്വസമ്മതനായൊരു ദലിത് സ്ഥാനാനാർഥിയെ അവതരിപ്പിക്കാൻ കഴിഞ്ഞില്ല എന്നത് ഇടതുപക്ഷ്ത്തിന്റെ വ്യാജദലിത് സ്നേഹത്തിനേറ്റ അടിയുംകൂടിയാണ്. 

കോൺഗ്രസ്സ് കാരനായ പ്രണബ് കുമാർ മുക്കർജിയുമായി കഴിഞ്ഞ കൊല്ലങ്ങളിൽ നരേന്ദ്രമോദിയും കേന്ദ്ര സർക്കാരും നല്ല ബന്ധമാണ് പുലർത്തിവരുന്നത്. എന്നിട്ടും പ്രണബിനെ തഴയാൻ കോൺഗ്രസ്സിനു തോന്നിച്ച ചേതോവികാരം എന്താണെന്നറിയില്ല!  ബിജെ പി യുടെകൂടി സമ്മതത്തോടെ പ്രണബിന് രണ്ടാമൂഴം നൽകാനുള്ള നിർദ്ദേശം കോൺഗ്രസ്സ് മുന്നോട്ടു വയ്‌ക്കേണ്ടതായിരുന്നു എന്നു ചിന്തിക്കുന്ന ജനങ്ങളും വിരളമല്ല.

രാഷ്ട്രീയക്കളി ആയിരിക്കാമെങ്കിലും ബി ജെ പി യുടെ ദലിത് സ്ഥാനാർഥി നിർണ്ണയം പ്രതിപക്ഷപാർട്ടികളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത് !

കുറിപ്പ്:
സെൻകുമാറിനെ  വീണ്ടും പോലീസ് മേധാവിയാക്കേണ്ടിവന്നപ്പോൾ ഉയർന്നുകേട്ട ഇടതുപക്ഷ വാദം ഇങ്ങനെയായിരുന്നു: മുഖ്യമന്ത്രിയോടും സർക്കാരിനോടും യോജിച്ചുപോകുന്ന ഒരു മേധാവിയല്ലേ സുഗമമായ ഭരണത്തിന് നന്ന്? ഇപ്പോൾ ഈ ചോദ്യം തിരിഞ്ഞുകൊത്തുകയാണ്: പ്രധാനമന്ത്രിയോടും സർക്കാരിനോടും യോജിച്ചുപോകുന്ന ഒരു രാഷ്ട്രപതിയല്ലേ സുഗമമായ ഭരണത്തിന് നന്ന്?



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K