14 June, 2017 05:16:26 PM


ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി കാലം ചെയ്തു



കോട്ടയം (14/6/17): കോട്ടയം ക്നാനായ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ് മാർ കുര്യോക്കോസ് കുന്നശേരി (88) കാലം ചെയ്തു. 39 വർഷം കോട്ടയം അതിരൂപതയുടെ ആത്മീയ നേതൃത്വത്തിലുണ്ടായിരുന്ന മാർ കുന്നശേരിയുടെ ദേഹവിയോഗം ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ തെള്ളകം കാരിത്താസ് ആശുപത്രിയിലായിരുന്നു.


1974 മേയ് അഞ്ചിനു കോട്ടയം രൂപതാധ്യക്ഷനായി ചുമതലയേറ്റ മാർ കുന്നശേരി 2005 മേയ് ഒൻപതിനു കോട്ടയം അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ പ്രഥമ ആർച്ച് ബിഷപ്പായി നിയമിതനായി. 2006 ജനുവരി 14നാണ് അതിരൂപതാ ഭരണത്തിൽ നിന്നും വിരമിച്ചത്. വടവാതൂർ പൗരസ്ത്യ വിദ്യാപീഠം വൈസ് ചാൻസലർ, പൗരസ്ത്യ സഭകളുടെ കൂട്ടായ്മയും സഹകരണവും ശക്തിപ്പെടുത്താൻ കത്തോലിക്കാ - ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള എക്യുമെനിക്കൽ ഡയലോഗ് സമിതി അംഗം, കെസിബിസി സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു.


1928 സെപ്റ്റംബർ 11ന് കടുത്തുരുത്തി ഇടവകയിൽ കുന്നശേരി ജോസഫ്-അന്നമ്മ ദന്പതികളുടെ മൂത്ത പുത്രനായി ജനിച്ച കുര്യാക്കോസ് കോട്ടയം സിഎൻഐ എൽപിഎസ്, കടുത്തുരുത്തി സെന്‍റ് മൈക്കിൾസ്, കോട്ടയം എസ്എച്ച് മൗണ്ട് ഹൈസ്കൂളുകളിലും സ്കൂൾ പഠനം പൂർത്തിയാക്കി. കോട്ടയം തിരുഹൃദയക്കുന്ന് സെന്‍റ് സ്റ്റെനിസ്ലാവോസ് മൈനർ സെമിനാരിയിലും ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്ത യൂണിവേഴ്സിറ്റിയിലുമായി വൈദിക പരിശീലനം നേടി. 1955 ഡിസംബർ 21നു വൈദിക പട്ടം സ്വീകരിച്ചു.

റോമിൽ നിന്നു കാനോൻ നിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേടി. അമേരിക്കയിലെ ബോസ്റ്റണ്‍ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്സിൽ എംഎയും കരസ്ഥമാക്കി. 1967 ഡിസംബർ ഒൻപതിന് പോൾ ആറാമൻ മാർപാപ്പ കോട്ടയം രൂപതയുടെ പിൻതുടർച്ചാ അവകാശത്തോടുകൂടിയ സഹായമെത്രാനായി നിയമിച്ചു. 1968 ഫെബ്രുവരി 24ന് 39-ാം വയസിൽ സഹായ മെത്രാനായി. പൗരസ്ത്യ റീത്തുകൾക്കു വേണ്ടി മാത്രം 1992-ൽ പുറത്തിറക്കിയ കാനൻ നിയമസംഹിത ക്രോഡീകരിച്ച കമ്മീഷനിൽ അംഗമായി ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ മാർ കുന്നശേരിയെ നിയമിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K