09 May, 2017 08:21:21 PM


മേയ് 10 മുതല്‍ പഴയ വാഹനങ്ങള്‍ക്കും ഓണ്‍ലൈനായി നികുതി അടയ്ക്കാം



തിരുവനന്തപുരം: ഓണ്‍ലൈന്‍ സംവിധാനം വഴി എല്ലാ മോട്ടോര്‍ വാഹനങ്ങള്‍ക്കും നികുതി അടയ്ക്കാനുളള സംവിധാനം മേയ് 10 മുതല്‍ നിലവില്‍ വരും. പുതിയ വാഹനങ്ങളുടെ നികുതി സ്വീകരിക്കാന്‍ മാത്രമായിരുന്നു ഇതുവരെ ഓണ്‍ലൈന്‍ സംവിധാനം ഉണ്ടായിരുന്നത്. പഴയ വാഹനങ്ങളുടെ നികുതി അടയ്ക്കുവാന്‍ ഓഫീസുകളിലെ കൗണ്ടറുകളില്‍ എത്തണമായിരുന്നു. ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടെങ്കില്‍ ഇനിമുതല്‍ സ്വന്തം വീട്ടിലിരുന്നും മോട്ടോര്‍ വാഹന വകുപ്പിന്‍റെ വെബ്‌സൈറ്റ് വഴി നികുതി അടയ്ക്കാം.


ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്ക് അക്ഷയ സെന്ററുകളും ഇ-സേവന കേന്ദ്രങ്ങള്‍ വഴിയും നികുതി അടയ്ക്കാം. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ ഇന്‍ഷ്വറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റും വാഹന തൊഴിലാളികള്‍ക്കുളള ക്ഷേമനിധിയുടെ വിഹിതം അടച്ചതിന്റെ രസീതും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യാനുളള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനായി നികുതി അടച്ചു കഴിഞ്ഞാല്‍ വാഹന ഉടമയ്ക്ക് താത്കാലിക രസീത് അപ്പോള്‍ത്തന്നെ സ്വയം പ്രിന്റ് ചെയ്‌തെടുക്കാം. അതിനുശേഷം ബന്ധപ്പെട്ട ഓഫീസില്‍ അനുബന്ധ കാര്യങ്ങള്‍ പരിശോധിച്ച് അംഗീകാരമായിട്ടുണ്ടെങ്കില്‍ നികുതി അടച്ചതിന്‍റെ ലൈസന്‍സ് (ടാക്‌സ് ലൈസന്‍സ്) ബന്ധപ്പെട്ട ഓഫീസില്‍ നിന്ന് ഏഴ് ദിവസത്തിനകം സ്വയം പ്രിന്റ് ചെയ്‌തെടുക്കാം.


ഏഴ് ദിവസത്തിനകം പ്രിന്‍റ് എടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വാഹന ഉടമ താത്കാലിക രസീതു സഹിതം ബന്ധപ്പെട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍/ജോയിന്‍റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ സമീപിക്കണം. വാഹന ഉടമയുടെ ഇ മെയില്‍ മേല്‍വിലാസം നല്‍കിയാല്‍ നികുതി അടച്ചതിന്‍റെ വിവരങ്ങള്‍ ഇമെയില്‍ വഴിയും ലഭ്യമാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K