21 March, 2017 04:08:22 PM


പുത്രാവകാശ തര്‍ക്കം:വൃദ്ധ ദമ്പതികളുടെ തെളിവുകൾക്ക് എതിരെ മെഡിക്കൽ റിപ്പോർട്ട്


ചെന്നൈ: ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികൾ അവകാശപ്പെടുന്ന തരത്തിലുള്ള അടയാളങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നു. ദമ്പതികൾ അവകാശപ്പെടുന്ന പ്രകാരം ധനുഷിന്‍റെ കൈമുട്ടിൽ കറുത്ത അടയാളവും തോളെല്ലിൽ കാക്കപ്പുള്ളിയും ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി. ശസ്ത്രക്രിയയിലൂടെ അടയാളങ്ങൾ മായ്ച്ചു കളഞ്ഞെന്ന വാദവും ഡോക്ടർമാർ തള്ളി. മധുരൈ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരായ എം.ആര്‍ വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കേസിന്‍റെ തുടര്‍വിചാരണ മാര്‍ച്ച് 27ലേക്കു മാറ്റി. 

ധനുഷ് ശരീരത്തിലെ അടയാളങ്ങള്‍ ലേസര്‍ ചികിത്സ വഴി മായ്ച്ചു കളഞ്ഞുവെന്ന തരത്തില്‍ തമിഴ് മാധ്യമങ്ങളിൽ വാർത്തകൾ പുറത്തുവന്നിരുന്നു. 

 മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടി ഗ്രാമത്തിലെ ആര്‍. കതിരേശന്‍(65)-മീനാക്ഷി (53) ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടു പോയതാണെന്നും തങ്ങളെ സംരക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ദമ്പതികള്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു കൈത്തണ്ടയില്‍ ഒരു കലയുമുണ്ട്. ഇതിനിടെ ധനുഷ് ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതി  ജൂലൈ 28, 1983 ആണ്. 

എന്നാല്‍, 10 വര്‍ഷത്തിനു ശേഷം 1993  ജൂണ്‍ 21നാണ്  അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്. ജനനസര്‍ട്ടിഫിക്കറ്റില്‍ പേര് രേഖപ്പെടുത്തിയിട്ടില്ല. 10 വര്‍ഷത്തിനു ശേഷം ജനനസര്‍ട്ടിഫിക്കറ്റ് വാങ്ങിയതും ഹര്‍ജിക്കാര്‍ സംശയം പ്രകടിപ്പിച്ചു. 1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്‍െറ യഥാര്‍ഥ പേര് കാളികേശവന്‍ എന്നാണെന്ന് ദമ്പതികള്‍ അവകാശപ്പെടുന്നു. ധനുഷിന്‍െറ സ്കൂള്‍ കാലഘട്ടങ്ങളിലെ യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കോടതി ദമ്പതികളോട് ഉത്തരവിട്ടിരുന്നു. ആവശ്യമെങ്കില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ തയാറാണെന്നും കോടതിയില്‍ ഇവര്‍ വ്യക്തമാക്കിയിരുന്നു.

ധനുഷിന്‍െറതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നു ഇവര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ധനുഷിന്‍െറ മറുപടിയില്‍ തൃപ്തിയാകാതെ കോടതി നടനോട് യഥാര്‍ഥ രേഖകള്‍ ഹാജരാക്കാനും ദമ്പതികള്‍ അവകാശപ്പെടുന്ന ശരീരത്തിലെ അടയാളങ്ങള്‍ പരിശോധിക്കാൻ നേരിട്ട് ഹാജരാകാനും നിര്‍ദേശിക്കുകയായിരുന്നു. അതേ സമയം, സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പരാതിയെന്ന് ധനുഷ് കോടതിയിൽ വാദിച്ചത്.

ചെന്നൈ എഗ്മോറിലെ സ്ത്രീകളുടെയും കുട്ടികളുടെയും  ആശുപത്രിയിലാണ് ജനിച്ചതെന്നും  വെങ്കടേഷ് പ്രഭുവെന്നാണ് യഥാര്‍ഥ പേരെന്നും നിര്‍മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് താനെന്നും ധനുഷ് അവകാശപ്പെട്ടിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K