28 January, 2017 11:22:24 AM


സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്ക് മർദനം; ഷൂട്ടിങ് സെറ്റ് നശിപ്പിച്ചു



ജയ്പൂർ: ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ ഒരു സംഘം ആളുകൾ ആക്രമിച്ചു.  വെള്ളിയാഴ്ച പത്മാവതി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അക്രമുമുണ്ടായത്. പ്രതിഷേധക്കാർ ബൻസാലിയെ മർദ്ദിക്കുകയും മുടി പിടിച്ചുവലിക്കുകയും ഷൂട്ടിങ് സെറ്റ് നശിപ്പിക്കുകയും ചെയ്തു. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് സിനിമ എന്ന് ആരോപിച്ചാണ് രജ്പുത് കർണി സേന പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്.


ചക്രവർത്തിയായ അലാവുദീൻ ഖിൽജിക്ക് കീഴടങ്ങാൻ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് പത്മാവതി എന്ന സിനിമയുടെ പ്രമേയം.  തന്‍റെ സൈന്യത്തോടൊപ്പം ചക്രവർത്തിക്കെതിരെ പോരാടിയ റാണി പത്മിനിയുടെ കഥ പ്രസിദ്ധമാണ്. ചക്രവർത്തി ചിറ്റോർഗഡ് കോട്ടയിലേക്ക് ഇരച്ചുകയറുന്നതിന് തൊട്ടുമുൻപ് മറ്റ് സ്ത്രീകളോടൊപ്പം റാണിയും സ്വയം മരിക്കുകയായിരുന്നു. 


ദീപിക പദുക്കോണും രൺവീർ സിങ്ങുമാണ് റാണി പത്മിനിയുടേയും അലാവുദീൻ ഖിൽജിയുടേയും വേഷങ്ങൾ അഭിനയിക്കുന്നത്. റാണിയും ഖിൽജിയും തമ്മിലുള്ള പ്രണയമാണ് സഞ്ജയ് ലീലാ ബൻസാലിയുടെ സിനിമ കൈകാര്യം ചെയ്യുന്നതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. അത്തരം രംഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്യണമെന്ന് രജ്പുത് കർണി സേന ആവശ്യപ്പെട്ടുവെന്നാണ് സൂചന.


രാജസ്ഥാനിലെ ജയ്ഗഢ് ഫോർട്ടിലായിരുന്നു ചരിത്രസിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. സിനിമയുടെ സെറ്റും ഉപകരണങ്ങളും നശപ്പിച്ച പ്രതിഷേധക്കാർ സംഭവങ്ങളെല്ലാം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. അതേസമയം,സംഭവത്തെതുടർന്ന് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ ആരും പരാതി നൽകാത്തതിനെ തുടർന്ന് വിട്ടയച്ചതായി പൊലീസ് അറിയിച്ചു.


ആക്രമണത്തിൽ സിനിമാപ്രവർത്തകർ കടുത്ത അമർഷം രേഖപ്പെടുത്തി. ബൻസാലിക്ക് പിന്തുണയുമായി നിരവധി സിനിമ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.  പ്രദേശത്തുനിന്നും ചിത്രീകരണം മാറ്റാൻ സംവിധായകൻ തീരുമാനിച്ചതായാണ്  റിപ്പോർട്ടുകൾ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K