19 January, 2017 02:16:44 PM


ഇന്ത്യ ആദ്യം ബാറ്റു ചെയ്യും; ഉമേഷ് യാദവിന് പകരം ഭുവനേശ്വര്‍ ടീമില്‍




കട്ടക്ക് : പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ കളിച്ച ടീമില്‍ ഓരോ മാറ്റങ്ങളുമായാണ് ഇരുടീമുകളും കട്ടക്കില്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ ടീമില്‍ ഉമേഷ് യാദവിന് പകരം ഭുവനേശ്വര്‍ കുമാര്‍ ഇടം പിടിച്ചപ്പോള്‍ ഇംഗ്ലണ്ട് ആദില്‍ റഷീദിന് പകരം ലിയാം പ്ലങ്കറ്റിന് അവസരം നല്‍കി. രണ്ടാം മല്‍സരവും ജയിച്ച്‌ മൂന്നു കളികളുടെ പരമ്ബര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഏകദിന ക്യാപ്റ്റനായി ചുമതലയേറ്റ് ആദ്യപരമ്ബര തന്നെ അനായാസം സ്വന്തമാക്കാമെന്ന് കോഹ്‍ലി കണക്കുകൂട്ടുന്നു.


രണ്ടാം ഏകദിനത്തിന് ആതിഥ്യം വഹിക്കുന്ന ബാരാബതി സ്റ്റേഡിയത്തില്‍ ഇന്ത്യക്കുള്ളതും മികച്ച റെക്കോര്‍ഡാണ്. 15 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ളതില്‍ പതിനൊന്നിലും ഇന്ത്യ ജയിച്ചു. ഇംഗ്ലിഷ് ടീമിനു കഴിഞ്ഞ കളിയില്‍ കാര്യമായ ഭീഷണിയുയര്‍ത്താന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്കായില്ല. ബാറ്റിങ് നിരയില്‍ യുവരാജ് സിങ്ങും മഹേന്ദ്രസിങ് ധോണിയും കഴിഞ്ഞ കളിയില്‍ പരാജയപ്പെട്ടു. ഡല്‍ഹിക്കാരന്‍ ശിഖര്‍ ധവാനും ഫോമിലെത്താനായില്ല. പ്രത്യേകിച്ചും ഇക്കഴിഞ്ഞ രണ്ടാം സന്നാഹ മല്‍സരത്തില്‍ 83 പന്തില്‍ നിന്ന് 91 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ട സാഹചര്യത്തില്‍ ധവാന് ഇന്നു നന്നായി കളിച്ചേ മതിയാവൂ.


300 ഏകദിനം തികയ്ക്കാന്‍ ആറു കളികളുടെ അകലം മാത്രമുള്ള യുവരാജ് സിങ്ങിന്റെ പ്രകടനവും നിരീക്ഷണത്തിലാണ്. ആദ്യ കളിയില്‍ ആര്‍. അശ്വിന്റെ പ്രകടനം നിലവാരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കിലും ഏതുനിമിഷവും ഫോമിലാകാന്‍ അശ്വിനു സാധിക്കുമെന്ന വിലയിരുത്തലിലാണ് കോച്ച്‌ കുംബ്ലെയും ക്യാപ്റ്റന്‍ കോഹ്ലിയും. കട്ടക്കില്‍ അവസാനമായി ഏകദിനം നടന്നത് 2014 നവംബറിലാണ്. ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നേടിയത് അഞ്ചിന് 363. ലങ്കയുടെ ഇന്നിങ്സ് 169ല്‍ ചുരുട്ടിക്കെട്ടി ഇന്ത്യ തകര്‍പ്പന്‍ വിജയമാഘോഷിച്ച മണ്ണില്‍ അതേ പ്രകടനം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ കാണികളും ആവേശത്തിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K