14 January, 2017 01:47:40 AM


അന്തര്‍ സര്‍വകലാശാലാ മീറ്റ്: വനിതാ വിഭാഗത്തില്‍ എംജി മുന്നില്‍



കോയമ്പത്തൂര്‍ : അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ മീറ്റിലെ മൂന്നാം നാള്‍ രേഷ്മയും ജിനുവും കൂടുതല്‍ ഉയരംതേടി കുതിച്ചപ്പോള്‍ എംജി സര്‍വകലാശാലയുടെ ഉയിര്‍പ്പ്. 41 പോയിന്റുമായി എംജി വനിതാവിഭാഗത്തില്‍ ഒന്നാമതെത്തി. ഓവറോള്‍പട്ടികയില്‍ 58 പോയിന്റോടെ രണ്ടാമതും. അതേ പോയിന്റുമായി പഞ്ചാബിയും എംജിക്കൊപ്പമുണ്ട്. 72 പോയിന്റുമായി മാംഗ്ളൂരാണ് ഒന്നാമത്. 

വെള്ളിയാഴ്ച രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് എംജി സ്വന്തമാക്കിയത്. ഇതില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും വനിതകളുടെ വകയാണ്. ഒരു സ്വര്‍ണവും വെള്ളിയുമായി കേരളയും മെഡല്‍പ്പട്ടികയില്‍ കയറി. പുരുഷ ജാവലിനില്‍ എംജിയുടെ അരുണ്‍ ബേബി വെള്ളി നേടി. വനിതകളുടെ 400 മീറ്ററില്‍ എംജിയുടെ ജറിന്‍ ജോസഫിനാണ് വെങ്കലം.

നാന്നൂറ് മീറ്ററില്‍ മദ്രാസിന്റെ മോഹന്‍കുമാര്‍ റെക്കോഡ് കുറിച്ചു. 46.55 സെക്കന്‍ഡില്‍ അവസാനവര കടന്ന മോഹന്‍കുമാര്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ ലളിത് മാഥുര്‍ രണ്ടുവര്‍ഷംമുമ്പ് കുറിച്ച റെക്കോഡാണ് പുതുക്കിയത്. കേരളയുടെ സനു സാജന്‍(47.52) വെള്ളിയും എംജിയുടെ കെ മുഹമ്മദ് ലുബൈബ് (47.62) വെങ്കലവും നേടി. 1500 മീറ്ററില്‍ കലിക്കറ്റിന്റെ പി യു ചിത്ര ഫൈനലില്‍ കടന്നു. വനിതാ 4-400 മീറ്റര്‍ റിലേയില്‍ കലിക്കറ്റ്, എംജി, കേരള ടീമുകളും പുരുഷന്മാരുടെ 4-100 മീറ്റര്‍ റിലേയില്‍ കലിക്കറ്റും എജിയും ഫൈനലില്‍ കടന്നു. പുരുഷന്മാരുടെ ലോങ്ജമ്പില്‍ കലിക്കറ്റിന്റെ മുഹമ്മദ് അനീസും കെ ജെ ജോഫിനും എംജിയുടെ പി വി സുഹൈലും ഫൈനലിലെത്തി.

ഹൈജമ്പില്‍ എംജിയുടെ ജിനു മരിയ മാനുവല്‍ റെക്കോഡോടെയാണ് സ്വര്‍ണം നേടിയത്. 1.79 മീറ്റര്‍ ചാടിയ ജിനു 13 വര്‍ഷം മുമ്പ് അണ്ണാ യൂണിവേഴ്സിറ്റിയുടെ എം സംഗീത കുറിച്ച റെക്കോഡാണ് മായ്ച്ചത്. എംജിയുടെതന്നെ ഏഞ്ചല്‍ പി ദേവസ്യ വെങ്കലം നേടി. വനിതകളുടെ പോള്‍വോള്‍ട്ടില്‍ എംജിയുടെ രേഷ്മ രവീന്ദ്രന്‍ 3.40 മീറ്ററില്‍ സ്വര്‍ണം നേടി. എംജിയുടെതന്നെ സിഞ്ജു പ്രകാശ് രണ്ടാമതായി (3.30).

വനിതകളുടെ ലോങ്ജമ്പില്‍ കേരളയുടെ നയന ജയിംസ് ടീമിന് ആദ്യ സ്വര്‍ണം സമ്മാനിച്ചു. കഴിഞ്ഞതവണ പനികാരണം വിട്ടുനിന്ന നയന ഇത്തവണ 6.07 മീറ്ററാണ് പിന്നിട്ടത്. പുരുഷവിഭാഗത്തില്‍ 44 പോയിന്റുമായി മാംഗ്ളൂരാണ് ഒന്നാമത്. പഞ്ചാബി (29) രണ്ടാമതും. വനിതകളില്‍ പഞ്ചാബി (29)യാണ് രണ്ടാമത്. മാംഗ്ളൂര്‍ (28) മൂന്നാമതും. കലിക്കറ്റ് ഒമ്പതു പോയിന്റുമായി ഏഴാം സ്ഥാനത്താണ്. പുരുഷന്മാരില്‍ എംജി നാലാമത്. ഓവറോളില്‍ കേരള എട്ടാമതും.

കഴിഞ്ഞദിവസം 5000 മീറ്ററില്‍ ഹാട്രിക് റെക്കോഡ് തികച്ച പുണെ സര്‍വകലാശാലയുടെ സഞ്ജീവനി ജാദവ് 10,000ത്തിലും തുടര്‍ച്ചയായ മൂന്നാംതവണ റെക്കോഡ് സ്വര്‍ണം നേടി.  ഇതോടെ രണ്ടിനത്തിലും തുടര്‍ച്ചയായ മൂന്നുവര്‍ഷം റെക്കോഡോടെ സ്വര്‍ണമെന്ന അത്യപൂര്‍വ ബഹുമതിയാണ് ഈ നാസിക്കുകാരി സ്വന്തമാക്കിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K