13 January, 2017 09:34:02 AM


മുന്തിരിവള്ളികളും ജോമോനും 19ന് തിയേറ്ററുകളിലെത്തും



കൊച്ചി: തിയേറ്റര്‍ സമരത്തെ തുടര്‍ന്ന് റിലീസിങ് നീണ്ടു പോയ മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴും ദുല്‍ഖര്‍ ചിത്രം ജോമോന്‍റെ സുവിശേഷങ്ങളും ജനുവരി 19ന് തിയേറ്ററുകളിലെത്തും. സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലെ അംഗങ്ങള്‍ക്ക് സിനിമ നല്‍കിയാണ് നിര്‍മാതാക്കള്‍ ഇരുചിത്രങ്ങളും തിയേറ്ററുകളിലെത്തിക്കുന്നത്.

എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള മുഴുവന്‍ എ ക്ലാസ് തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തില്ലെങ്കിലും കളക്ഷനുണ്ടാക്കാമെന്ന് ഭൈരവയിലൂടെ വ്യക്തമായതോടെയാണ് ജോമോന്റെ സുവിശേഷങ്ങളും മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്ബോഴും റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചത്. ഫുക്രി,ഇസ്ര എന്നീ ചിത്രങ്ങളുടെ റിലീസ് തീയതിയും ഉടന്‍ പ്രഖ്യാപിക്കും. 

ഫെഡറേഷന്റെ വിലക്ക് ലംഘിച്ചാണ് അംഗങ്ങളില്‍ പലരും ഭൈരവ പ്രദര്‍ശിപ്പിച്ചത്. ഭൈരവ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കിയിരുന്നു. അതേ സമയം ഭൈരവ പ്രദര്‍ശിപ്പിക്കാമെന്നു പറയുകയും പിന്നീട് പിന്മാറുകയും ചെയ്ത തിയേറ്ററുകള്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസു കൊടുക്കുമെന്നു നിര്‍മാതാക്കളും അറിയിച്ചിട്ടുണ്ട്. ചിത്രം പ്രദര്‍ശിപ്പിച്ച തിയേറ്ററുകളിലെ കണക്കുകള്‍ കോടതിക്ക് നല്‍കാനും നിര്‍മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K