07 January, 2017 01:32:11 PM


ബാങ്കുകളിലെത്തിയ അസാധു നോട്ടുകളില്‍ കള്ളനോട്ടുകളും; നൽകിയവർ കുടുങ്ങും



തിരുവനന്തപുരം :  ബാങ്കുകളിൽ തിരിച്ചെത്തിയ അസാധുനോട്ടുകളിൽ കള്ളനോട്ടുകളും. എസ്ബിടിയുടെ ശാഖകളിൽ മാത്രം 8,78,000 രൂപയുടെ കള്ളനോട്ടുകൾ എത്തി. എന്നാൽ കള്ളനോട്ടുകളൊന്നും മാറി നൽകിയിട്ടില്ലെന്നും പൊലീസിൽ പരാതി നൽകുമെന്നും എസ്ബിടി അധികൃതർ പറയുന്നു.


500, 1000 നോട്ടുകൾ പിൻവലിച്ചെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം ബാങ്കുകൾ തുറന്നത് നവംബർ പത്തിനാണ്. അന്നുമുതൽ എസ്ബിടിയിൽ മാറി നൽകിയ അസാധുനോട്ടുകളുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നത്. ഡിസംബർ 28 വരെ ബാങ്കിൽ എത്തിയത് 12,872 കോടി രൂപയുടെ അസാധുനോട്ടുകളാണ്. എന്നാൽ, ഇക്കാലയളവിൽ എസ്ബിടിയുടെ വിവിധ ശാഖകളിലായി എത്തിയത് എട്ടുലക്ഷത്തി എഴുപത്തെണ്ണായിരം രൂപയുടെ കള്ളനോട്ടുകളാണ്. 23, 24 തീയതികളിൽ ഒരുലക്ഷത്തോളം രൂപയുടെ വീതം കള്ളനോട്ടുകൾ എത്തി.


അഞ്ചിൽ കൂടുതൽ കള്ളനോട്ടുകൾ ആരെങ്കിലും ബാങ്കിൽ കൊണ്ടുവന്നാൽ ഉടൻ പൊലീസിൽ വിവരം അറിയിക്കണം എന്നാണ് നിയമം. എന്നാൽ, ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് എസ്ബിടി അധികൃതർ പറയുന്നു. നാലിലേറെ കള്ളനോട്ടുകൾ ഒരുമിച്ച് ഒരിടപാടുകാരനും ബാങ്കിൽ നൽകിയിട്ടില്ല. അതിനാൽ ലഭിച്ച കള്ളനോട്ടുകൾ ഒരുമിച്ചാക്കി ഇടപാടുകാരുടെ വിവരങ്ങൾ ഉൾപ്പടെ ജില്ലാ അടിസ്ഥാനത്തിൽ പൊലീസിന് പരാതി നൽകാനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K