16 January, 2016 11:28:22 AM


അഴിമതി മറയ്ക്കാന്‍ സര്‍ക്കാന്‍ നേതൃത്വം നല്‍കുന്നു : പിണറായി

കാസര്‍ഗോഡ്: അഴിമതി മറയ്ക്കാന്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍. സോളാര്‍ കമ്മിഷനു മുമ്പാകെ മുന്‍ ജയില്‍ ഡി.ജി.പി നടത്തിയ വെളിപ്പെടുത്തല്‍ മുന്‍പ് പറഞ്ഞുകേട്ട കാര്യങ്ങളെല്ലാം ശരിയാണെന്ന് വ്യക്തമാക്കുന്നതാണ്. കേസില്‍ പലതും മറച്ചുവയ്ക്കാന്‍ ശ്രമം നടന്നുവെന്നും പിണറായി പറഞ്ഞു. 

മുന്‍പ് കമ്പ്യൂട്ടറിനെ സിപിഎം എതിര്‍ക്കാന്‍ അന്നത്തെ സാമൂഹിക ചുറ്റുപാടായിരുന്നെന്നും എന്നാല്‍ സാങ്കേതിക വിദ്യ ഉയര്‍ന്നുവരികയും കമ്പ്യൂട്ടര്‍ ഇല്ലെങ്കില്‍ തൊഴില്‍ ഇല്ലാത്ത അവസ്ഥ വരികയും ചെയ്തപ്പോള്‍ അതിനെ അംഗീകരിക്കാന്‍ തയ്യാറായി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ല. നാടിന്‍റെ മാറ്റത്തിന് ആവശ്യമായ കാര്യങ്ങളാണ് സി.പി.എം മുന്നോട്ടുവച്ചത്. എന്നാല്‍ ഇതിനെ അംഗീകരിക്കാതെ സ്വതസിദ്ധമായ ശൈലിയില്‍ പ്രതികരിച്ചത് പരിതാപകരമായി പോയെന്നും പിണറായി പറഞ്ഞു. കെല്‍ട്രേഡാണ്‍, ടെക്‌നോ പാര്‍ക്ക് എന്നിവയുടെ വികസനത്തിന് തുടര്‍ച്ചയുണ്ടായില്ലെന്ന് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം.


നവകേരള മാര്‍ച്ച് ഇവന്‍റ് മാനേജ്മെന്‍റ് പരിപാടിയാണെന്ന സുധീരന്‍റെ വിമര്‍ശനത്തെയും പിണറായി പിന്തള്ളി. 

ഞങ്ങളുടെ പരിപാടി തുടങ്ങിയപ്പോള്‍ തന്നെ സുധീരനും കൂട്ടരും അനാവശ്യമായ അങ്കലാപ്പ് ആണ് കാണിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ താന്‍ ആദ്യം പോയതാണെന്ന് അദ്ദേഹം പറയുന്നത് മുന്‍പ് പലതവണ താന്‍ അവിടെ പോയതിനെ കുറിച്ച് അദ്ദേഹത്തിന് നിശ്ചയമില്ലാത്തുകൊണ്ടാണ്. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കൃത്യമായി ഇടപെടാന്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

സി.പി.എം അനാവശ്യമായ ഒരു പ്രതിഷേധവും നടത്തുന്നില്ല. എന്നാല്‍ പ്രതിഷേധിക്കേണ്ട കാര്യങ്ങളില്‍ പ്രതിഷേധിക്കുക തന്നെ ചെയ്യും. 

നവകേരള യാത്രയുടെ ഭാഗമായി കാസര്‍ഗോഡ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K