04 January, 2017 04:57:53 PM


ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ദലിതർക്കു സംവരണം ഏർപ്പെടുത്തണമെന്ന് രാംദാസ് അത്തേവാല

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ദലിതർക്കു പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര സാമൂഹികനീതി വകുപ്പ് സഹമന്ത്രി രാംദാസ് അത്തേവാല. ദലിത് വിഭാഗത്തിന് പ്രത്യേക ക്വോട്ട ഏർപ്പെടുത്തുന്നത് ടീമിനു കൂടുതൽ വിജയങ്ങൾ നേടിത്തരുമെന്നും അത്തേവാല കൂട്ടിച്ചേർത്തു. നേരത്തേ, ബിജെപി എംപി ഉദിത് രാജും ദേശീയക്രിക്കറ്റ് ടീം ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ ദലിതർക്ക് സംവരണം വേണമെന്ന് ട്വീറ്റ് ചെയ്തിരുന്നു. 


നിലവിൽ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ കീഴിൽ ഇന്ത്യ കാഴ്ചവയ്ക്കുന്ന മികവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തോടാണ് അത്തേവാല ചേർത്തുവായിക്കുന്നത്. പ്രധാനമന്ത്രിയുടെ സംഘത്തെപ്പോലെ തന്നെ മികച്ച ഫോമിലാണ് കോഹ്‌ലിയുടെ സംഘമെന്നു മന്ത്രി പറഞ്ഞു. 


അതേസമയം, ബിജെപി വീണ്ടും നിരുത്തരവാദപരമായ  പ്രസ്താവനയാണ് നടത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പി.എൽ. പുനിയ ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയായിരിക്കും ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും പുനിയ വ്യക്തമാക്കി.  ദലിത് വിഭാഗക്കാർക്കു പരിശീലനത്തിനുള്ള അവസരം നൽകണം, എന്നാൽ തിരഞ്ഞെടുപ്പ് മികവിന്‍റെ അടിസ്ഥാനത്തിലായിരിക്കണം. ദലിത്, പിന്നാക്ക വിഭാഗത്തിൽനിന്ന് ക്രിക്കറ്റിൽ മാത്രമല്ല, മറ്റു കായിക ഇനങ്ങളിലും പ്രാതിനിധ്യം ഉണ്ടാകണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.



 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K