24 December, 2016 12:24:42 PM


500 രൂപ നോട്ടിന്‍റെ അച്ചടി മൂന്നിരട്ടിയാക്കി വർധിപ്പിച്ചു



മുംബൈ: പുതിയ 500 രൂപയുടെ നോട്ടുകളുടെ അച്ചടി മൂന്നിരട്ടി വർധിപ്പിച്ചു. 3.5 മില്യൺ 500 രൂപ നോട്ടുകളാണ്​ ദിനംപ്രതി നാസിക്കിലെ പ്രസിൽ നിന്ന്​ അച്ചടിച്ചിരുന്നത്​. എന്നാൽ ഇപ്പോൾ 10 മില്യൺ നോട്ടുകൾ  നാസികിലെ പ്രസിൽ നിന്ന്​ അച്ചടിക്കുന്നുണ്ട്​. ആകെ 19 മില്യൺ ​നോട്ടുകളാണ്​ ദിവസവും നാസികിൽ നിന്ന്​ അച്ചടിച്ച്​ കൊണ്ടിരിക്കുന്നത്​. ഇതിൽ വിവിധ മൂല്യത്തിന്‍റെ കറൻസികൾ ഉൾപ്പെടുന്നു. നോട്ട്​ നിരോധനത്തെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനായാണ്​ നോട്ടുകളുടെ അച്ചടി വർധിപ്പിച്ചത്​. 


വെള്ളിയാഴ്​ച 43 മില്യൺ നോട്ടുകൾ നാസിക്കിൽ നിന്ന്​ റിസർവ്​ ബാങ്കിലേക്ക്​ അയച്ചിരുന്നു. ഇതിൽ 11 മില്യൺ 500 രൂപ നോട്ടുകളും 12 മില്യൺ 100 രൂപ നോട്ടുകളും 10 മില്യൺ 50,20 രൂപ നോട്ടുകളും ഉൾപ്പെടുന്നു. നോട്ട്​ പിൻവലിക്കലിന്​ ശേഷം എകദേശം   828 മില്യൺ നോട്ടുകൾ അച്ചടിച്ച്​ റിസർവ്​ ബാങ്കിന്​ വിതരണം ചെയ്​തതായി നാസികിലെ സെക്യൂരിറ്റി പ്രസ്​ അറിയിച്ചു. ജനുവരി 31നകം  800 മില്യൺ നോട്ടുകൾ കൂടി പ്രിൻറ്​ ചെയ്യാനാണ്​ പ്രസ്​ ലക്ഷ്യം വെക്കുന്നത്​.


നോട്ട്​ അച്ചടിക്കുന്നതിനായി നാല്​ പ്രസുകളാണ്​ രാജ്യത്ത്​ നിലവിലുള്ളത്​. കർണാടകയിലെ മൈസൂരും ബംഗാളിലെ സാൽബോനിയിലും  മഹാരാഷ്​ട്രയിലെ നാസിക്​ മധ്യപ്രദേശിലെ ദേവാസ്​ എന്നിവടങ്ങളിലുമാണ്​ ​നോട്ട്​ അച്ചടിക്കുന്ന പ്രസുകൾ. ഞായറാഴ്​ച പോലും അവധിയെടുക്കാതെ ദിവസവും 11 മണിക്കുറോളം  ജോലി ചെയ്​താണ്​ ജീവനക്കാർ ഇപ്പോൾ പ്രസുകളിൽ നോട്ട്​  അച്ചടിക്കുന്നത്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K