21 December, 2016 09:21:13 AM


അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കും


ദില്ലി: അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) 2017-20 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം ബുധനാഴ്ച നടക്കും. വാര്‍ഷിക പൊതുയോഗം ഈ മാസം 15ന് ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായിരുന്നു.  ഹൈക്കോടതി സ്റ്റേ നീക്കിയതോടെയാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 


എല്ലാ സ്ഥാനങ്ങളിലേക്കും ഓരോ സ്ഥാനാര്‍ഥികള്‍ മാത്രമാണ് രംഗത്തുള്ളത് എന്നതിനാല്‍ കാര്യമായ മത്സരമില്ലാതെയാവും തെരഞ്ഞെടുപ്പ്. പ്രസിഡന്‍റ് സ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം വട്ടവും പ്രഫുല്‍ പട്ടേല്‍ തെരഞ്ഞെടുക്കപ്പെടും. കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം.ഐ. മത്തേര്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം നിലനിര്‍ത്തും.


2009ലാണ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേല്‍ തലപ്പത്തെത്തുന്നത്. ഏറെക്കാലം എ.ഐ.എഫ്.എഫിനെ നയിച്ച പ്രിയരഞ്ജന്‍ദാസ് മുന്‍ഷി രോഗബാധിതനായതിനെ തുടര്‍ന്നായിരുന്നു അത്. പിന്നീട് 2012ലും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍, ഫിഫ, കായിക മന്ത്രാലയം എന്നിവയുടെ നിരീക്ഷകരുടെ മേല്‍നോട്ടത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K