17 December, 2016 12:29:59 PM


പരിധി ഉയര്‍ത്തികൊണ്ട് കറന്‍സി നിയന്ത്രണം ഡിസംബർ 30ന് ശേഷവും തുടരും



ദില്ലി: ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള നിയന്ത്രണം ഡിസംബർ മുപ്പതിന് ശേഷവും തുടരുമെന്നാണ് സൂചന. എടിഎം നിയന്ത്രണവും എടുത്തുകളയില്ല. ഡിസംബർ മുപ്പത് വരെ സമയം ആവശ്യപ്പെട്ട മോദി ഇന്നലെ നടത്തിയ ഈ പ്രസംഗത്തിൽ നിയന്ത്രണങ്ങൾ അതു കൊണ്ട് അവസാനിക്കില്ല എന്ന വ്യക്തമായ സൂചനയാണ് നല്കിയത്. ജൻധൻ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാനുള്ള ഒരു പദ്ധതി അടുത്ത വർഷം പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമാണ്. 


ഇപ്പോൾ ഒരാഴ്ച പിൻവലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയാണ്. എടിഎമ്മിൽ നിന്ന് പിൻവലിക്കുന്നതും ഇതിൽ ഉൾപ്പടുന്നു. എടിഎമ്മുകളിൽ നിന്ന് ഒരു ദിവസം എടുക്കാവുന്നത് ഇപ്പോൾ 2500 രൂപയാണ്. ഡിസംബർ മുപ്പതിനു ശേഷം ഒരാഴ്ചയിൽ പിൻവലിക്കാവുന്ന തുക 50,000 ആയി ഉയർത്തിയേക്കുമെന്നാണ് ധനമന്ത്രാലയം നല്‍കുന്ന സൂചന. എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാവുന്ന തുക 5000 രൂപയായും ഉയര്‍ത്തും. സ്ഥിതി മെച്ചപ്പെടുന്നത് വരെ നിയന്ത്രണം തുടരും.


കള്ളപ്പണത്തിനെതിരെ ഒരു മിന്നലാക്രമണം കൂടി വരുന്നുണ്ടെന്നും ജനവരി 31ന് രാത്രി മോദി ഇത് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. ഇപ്പോൾ വെറും 25 ശതമാനം എടിഎമ്മുകളിൽ മാത്രമാണ് ആവശ്യത്തിന് പണം നിറയ്ക്കുന്നത്. ഇത് 50 ശതമാനമാകാൻ ഒരു മാസം കൂടി വേണ്ടി വരും. നോട്ട് ക്ഷാമം മാത്രമല്ല നിയന്ത്രണം പൂർണ്ണമായും നീക്കുന്നതിന് തടസ്സം. ഡിജിറ്റൽ പണമിടപാടിന് ജനങ്ങള പ്രേരിപ്പിക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട്. 


ജൻധൻ അക്കൗണ്ടുകളിലിട്ട പണത്തെക്കുറിച്ച് വൻപരിശോധനയ്ക്ക് സർക്കാർ തയ്യാറെടുക്കുകയാണ്. എന്നാൽ അക്കൗണ്ട് ഉടമകളെ പിഡിപ്പിക്കരുതെന്ന് നിർദ്ദേശമുണ്ട്. ഈ നടപടിയിലൂടെ പിരിച്ചെടുക്കു നികുതി, സർക്കാരിനു കിട്ടുന്ന ലാഭം എന്നിവ ബിപിഎൽ കുടുംബത്തിന് വിതരണം ചെയ്യും എന്നതാണ് മറ്റൊരു അഭ്യൂഹം. 5000 രൂപ വീതം ഒരോ ജൻധൻ അക്കൗണ്ടിലും എത്തുന്ന തരത്തിലുള്ള പദ്ധതിയാണ് സർക്കാരിന്റ മനസ്സിൽ എന്നാണ് ബിജെപി നേതാക്കൾക്കിടയിലെ സംസാരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K