17 December, 2016 12:50:50 AM


അന്താരാഷ്ട്ര ചലച്ചിത്രമേള: സുവര്‍ണ ചകോരം പുരസ്കാരം ഈജിപ്ഷ്യന്‍ ചിത്രം 'ക്ലാഷ്'ന്




തിരുവനന്തപുരം: 21ആം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് സമാപനം. മേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം പുരസ്കാരം മുഹമ്മദ് ദിയാസ് സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് നേടി. പ്രേക്ഷക പുരസ്കാരവും ക്ലാഷ് സ്വന്തമാക്കി. രജതചകോരം പുരസ്കാരം കെയര്‍ ഒബ്സ്ക്വുര്‍ നേടി. ജൂറി ചെയര്‍മാന്‍ മിഷേല്‍ ഖലീഫിയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.



നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 15 ലക്ഷം രൂപയാണ് സുവര്‍ണചകോരം നേടിയ ചിത്രത്തിന് ലഭിക്കുന്നത്. മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം മലയാളിയായ വിധു വിന്‍സെന്റിന് ലഭിച്ചു. മാന്‍ഹോള്‍ എന്ന ചിത്രമാണ് വിധുവിന് പുരസ്കാരം നേടിക്കൊടുത്തത്.



ഫിപ്രസി പുരസ്കാരം ജാക്ക് സാഗ സംവിധാനം ചെയ്ത വെയര്‍ഹൗസ് സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം മാന്‍ഹോള്‍ നേടി. മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്കാരം മുസ്തഫ കാര സംവിധാനം ചെയ്ത കോള്‍ഡ് ഓഫ് കലണ്ടര്‍ നേടി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരത്തിന് കമ്മട്ടിപ്പാടം തെരഞ്ഞെടുക്കപ്പെട്ടു.



സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ പ്രശാന്ത്, എ. സമ്ബത്ത് എം.പി, വി.എസ് ശിവകുമാര്‍ എം.എല്‍.എ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീന പോള്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K