16 December, 2016 03:13:59 PM


നോട്ട്​ പിന്‍വലിക്കല്‍: ആദായ നികുതി വകുപ്പ്​ റെയ്​ഡുകളിൽ പിടിച്ചെടുത്തത്​ 2,900 കോടി



ദില്ലി: നോട്ട്​ പിൻവലിച്ചതിന്​ ശേഷം ആദായ നികുതി വകുപ്പ് രാജ്യത്തുടനീളം നടത്തിയ റെയ്​ഡുകളിൽ ​ പിടിച്ചെടുത്തത്​ 2,900 കോടി രൂപ. ഇതിൽ 76 കോടി രൂപ പുതിയ 2000 രൂപയുടെ നോട്ടുകളാണ്​. നോട്ട്​ പിൻവലിക്കലിന്​ ശേഷം 586 റെയ്​ഡുകളാണ്​ രാജ്യത്താകമാനം ആദായ നികുതി വകുപ്പ്​ നടത്തിയത്​.


ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്തിരിക്കുന്നത്​ ചെന്നൈയിൽ നിന്നാണ്​. ഒരു റെയ്​ഡിൽ മാത്രം ചെ​ന്നെെയിൽ നിന്ന്​  100 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്​. ചെന്നൈയിൽ നിന്ന്​ ആകെ പിടിച്ചെടുത്ത പണം 140 കോടി രൂപയാണ്​. ഇതിന്​ പുറമേ 56 കോടിയുടെ സ്വർണ്ണവും പിടിച്ചെടുത്തിട്ടുണ്ട്​​.


ദില്ലിയിലെ അഭിഭാഷകന്‍റെ വീട്ടിൽ നിന്നും 14 കോടി രൂപ ആദായ നികുതി വകുപ്പ്​ പണമായി പിടിച്ചെടുത്തിട്ടുണ്ട്​. ഇതിനൊപ്പം തന്നെ ഇയാളുടെ അക്കൗണ്ടുകളിൽ നിന്ന്​ 19 കോടിയുടെ കള്ളപണ നിക്ഷേപവും ആദായ നികുതി വകുപ്പ്​ കണ്ടെടുത്തിട്ടുണ്ട്​.


ബാങ്ക്​ ഒാഫ്​ മഹാരാഷ്​ട്രയുട പൂനെ ബ്രാഞ്ചിൽ നിന്നും 9 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതിൽ 8 കോടിയും പുതിയ 2000 രൂപയുടെ നോട്ടുകളാണ്​. സി.സി.ടി.വി ദൃശ്യങ്ങളുടെ കൂടി സഹായത്തോടെയാണ്​ പൂനയിലെ ബാങ്ക്​ ഒാഫ്​ മഹാരാഷ്​ട്രയിൽ നിന്ന്​ പണം പിടിച്ചെടുത്തത്​. ഇതുമായി ബന്ധപ്പെട്ട്​ ആദായ നികുതി വകുപ്പ്​ ബാങ്കിലെ മറ്റ്​ അക്കൗണ്ടുകളിൽ പിന്നീട്​ നടത്തിയ പരിശോധയിൽ 94.50 ലക്ഷവും പിടിച്ചെടുത്തു. ഇതിൽ 84 ലക്ഷവും 2000 രൂപയുടെ പുതിയ നോട്ടുകളാണ്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K