07 December, 2016 01:24:52 PM


പിന്‍വലിച്ച നോട്ടുകള്‍ തിരിച്ചെത്തുമെന്ന് സ്ഥിരീകരിച്ച് റവന്യൂ സെക്രട്ടറി



ദില്ലി : അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ പ്രചാരത്തിലുള്ളത് പൂര്‍ണ്ണമായും ബാങ്കുകളില്‍ തിരിച്ചെത്തുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്ര റവന്യൂ സെക്രട്ടറി ഹാസ്‌മുഖ് ആദിയ. കള്ളപ്പണം പിടിക്കാനെന്നപേരില്‍ നടപ്പാക്കിയ നോട്ടുനിരോധനത്തില്‍ സര്‍ക്കാരിന്റെ പ്രതീക്ഷ അസ്‌തമിച്ചു എന്ന് വ്യക്തമാക്കുന്നതാണ് റവന്യൂ സെക്രട്ടറിയുടെ പ്രസ്താവന. പൂഴ്‌ത്തിവെയ്പുകാര്‍ നോട്ടുകെട്ടുകളായി കള്ളപ്പണം സൂക്ഷിയ്ക്കുന്നുവെന്നും കറന്‍സി പിന്‍വലിക്കുന്നതോടെ ഈ നോട്ടുകള്‍ ബാങ്കില്‍ നല്‍കാനാകാതെ കുടുങ്ങുമെന്നുമായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.


പിന്‍വലിച്ച നോട്ടുകള്‍ പൂര്‍ണ്ണമായും തിരിച്ചെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ഇത് ഇടപാടുകള്‍ പരിശോധിക്കുന്നതിനും കള്ളപ്പണ പൂഴ്തിവെയ്പ്പുകാരില്‍നിന്ന് നികുതി ഈടാക്കാനും നികുതി വകുപ്പിനെ സഹായിക്കും എന്ന് ഹാസ്‌മുഖ് ആദിയ പറഞ്ഞു. കള്ളപ്പണം പിടിക്കാനെന്ന പേരില്‍ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ രണ്ടര ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരികെ വരില്ലെന്നായിരുന്നു കണക്കുകൂട്ടല്‍.


അസാധു നോട്ടുകള്‍ നല്‍കി പുതിയ നോട്ടുകള്‍ വാങ്ങാന്‍ ഡിസംബര്‍ 30 വരെ സമയ പരിധി അവശേഷിക്കെ 95 ശതമാനത്തോളം നോട്ടുകള്‍ തിരികെ എത്തി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെ കള്ളപ്പണം പിടിക്കാനാണ് നോട്ടു നിരോധനം എന്ന പ്രചരണത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോയിരുന്നു. ഇതിനുപിന്നാലെയാണ് റവന്യൂ സെക്രട്ടറിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.


ബാങ്കില്‍ നിക്ഷേപിച്ചതുകൊണ്ട് കള്ളപ്പണം വെളുപ്പിക്കാം എന്ന് കരുതരുത്. നികുതി ഈടാകുയാല്‍ മാത്രമെ അത് നിയമാനുസൃതമാകു. കള്ളപ്പണം പൂഴ്തിവെച്ചിരുന്നവര്‍ 50,000 രൂപ വീതം 500 പേരുടെ അക്കൌണ്ടില്‍ നിക്ഷേപിച്ചാലും പിടികൂടാന്‍ നികുതി വകുപ്പിന് കഴിയുമെന്ന് ഹാസ്‌മുഖ് ആദിയ പറഞ്ഞു. 


നോട്ടുപിന്‍വലിക്കല്‍ നടപടികൊണ്ട് നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 30 വരെ 1,28,000 കോടി രൂപ നഷ്ടം ഉണ്ടാകുമെന്നാണ് സാമ്പത്തിക ആസൂത്രണ ഏജന്‍സിയായ 'സെന്റര്‍ ഫോര്‍ മോണിറ്ററിങ് ദ ഇന്ത്യന്‍ എക്കണോമി (സിഎംഐഇ)' കണക്കാക്കുന്നത്. വ്യവസായത്തിലും വില്‍പ്പനയിലുമുണ്ടാകുന്ന നഷ്ടം, പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിന് ആവശ്യമാകുന്ന തുക തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.


റിസര്‍വ് ബാങ്ക് നല്‍കുന്ന വിവരമനുസരിച്ച് പിന്‍വലിച്ച 500, 1000 രൂപ നോട്ടുകളിലായി 14.18 ലക്ഷം കോടി രൂപയാണ് വിനിമയത്തിലുള്ളത്. നവംബര്‍ 27 വരെ ബാങ്കുകളില്‍ 8.45 ലക്ഷം കോടി രൂപ തിരികെയെത്തി. നവംബര്‍ 30ഓടെ തിരികെ എത്തിയ തുക 11 ലക്ഷം കോടി രൂപയാണെന്ന് ബാങ്കിങ് മേഖലയില്‍നിന്നുള്ള ഔദ്യോഗിക കണക്കിന്റെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K