25 November, 2016 10:20:08 PM


ഐഎസ്എല്‍: പുണെയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ്, ജയം 2-1 ന്




കൊച്ചി: പൂണെയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് ആധികാരിക വിജയം. സ്വന്തം തട്ടകത്തില്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകര്‍പ്പന്‍ വിജയത്തോടെ ആതിഥേയര്‍ സെമി സാധ്യത സജീവമാക്കി. തോല്‍വിയോടെ പൂണെ ഏറെക്കുറെ ലീഗില്‍ നിന്ന് പുറത്തേക്കുള്ള വഴിയും ഉറപ്പിച്ചു.


ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സ് തുടക്കം മുതല്‍ അക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. എങ്ങനെ കളിക്കണമെന്ന് പൂണെ ആലോചിച്ചു തുടങ്ങും മുമ്പ് ഏഴാം മിനിറ്റില്‍ നാസോണിലൂടെ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ വലയിലാക്കി. പരിക്കില്‍ നിന്ന് മുക്തനായി ടീമില്‍ തിരിച്ചെത്തിയ ആരോണ്‍ ഹ്യൂസിന്റെ ഹെഡ്ഡര്‍ ഗോളിലൂടെ അമ്പത്തേഴാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് രണ്ടാക്കി ഉയര്‍ത്തി.


ഇഞ്ചുറി ടൈമില്‍ വീണുകിട്ടിയ ഫ്രീകിക്കില്‍ അനിബാല്‍ റോഡ്രിഗസാണ് പൂണെയ്ക്കായി ആശ്വാസ ഗോള്‍ നേടിയത്. ലീഗിലെ അവസാന മത്സരത്തില്‍ വിജയിച്ചാലും മറ്റു ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചാകും ഇനി പൂണെയുടെ സെമി സാധ്യതകള്‍. നിലവില്‍ 18 പോയന്റോടെ മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ ഒരു വിജയം നേടിയാല്‍ സെമി ഉറപ്പിക്കാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K