25 November, 2016 11:36:43 AM


കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് 60 ശതമാനം ആദായനികുതി ഏർപ്പെടുത്തിയേക്കും



ദില്ലി: നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകളിലെത്തിയ കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് 60 ശതമാനത്തോളം ആദായനികുതി ഏർപ്പെടുത്തിയേക്കും. ഇതിനുള്ള നിയമഭേദഗതി പാര്‍ലമെന്‍റിന്‍റെ നടപ്പു സമ്മേളനത്തില്‍തന്നെ അവതരിപ്പിക്കുമെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്തതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. പാർലമെന്‍റ് സമ്മേളനം നടക്കുന്നതിനാലാണ് മന്ത്രിസഭാ തീരുമാനം പുറത്തുപറയാത്തത്.


നോട്ട് അസാധുവാക്കലിനു ശേഷം മറ്റുള്ളവരെ ഉപയോഗിച്ച് ബാങ്കില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ വിലയിരുത്തല്‍. ജന്‍ധന്‍ അക്കൗണ്ടുകളിലടക്കം വന്‍നിക്ഷേപം എത്തിയത് ഇതിന്‍റെ തെളിവാണ്. നവംബര്‍ എട്ട് മുതൽ രണ്ടാഴ്ചക്കിടെ 21,000 കോടി രൂപയാണ് ജന്‍ധന്‍ അക്കൗണ്ടുകളില്‍ മാത്രമെത്തിയത്.


കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിനെതിരെ സര്‍ക്കാര്‍ പലവട്ടം താക്കീത് നല്‍കിയിരുന്നു. അക്കൗണ്ടില്‍ അസാധാരണമായ നിക്ഷേപമുണ്ടായാല്‍ കണക്ക് കാണിക്കാനായില്ലെങ്കില്‍ 30 ശതമാനം നികുതിയും 200 ശതമാനം പിഴയും അടയക്കേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. കള്ളപ്പണം വെളുപ്പിക്കലിനുള്ള അവസരം ഉപയോഗപ്പെടുത്താത്തവരെ ലക്ഷ്യമിട്ടാണ് അതിലും കൂടുതല്‍ നികുതി ചുമത്താനൊരുങ്ങുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K